Quantcast

ആഴ്സനലിന്‍റെ നെഞ്ചു തകര്‍ത്ത ലോങ്റേഞ്ചര്‍; ദിസ് ഈസ് ഗോണ്‍സാല്‍വ്സ് മാജിക്

ഗോള്‍പോസ്റ്റില്‍ നിന്ന് കൃത്യം 46 വാര അകലെ നിന്നായിരുന്നു ആ മാജിക്കല്‍ ലോങ്റേഞ്ചര്‍ വന്നത്. കാഴ്ചക്കാരെയും ആഴ്സനലിനെയുമെല്ലാം ഒരുപോലെ ഞെട്ടിച്ച വണ്ടര്‍ ഗോള്‍.

MediaOne Logo

Web Desk

  • Updated:

    2023-03-17 09:48:21.0

Published:

17 March 2023 7:13 AM GMT

ആഴ്സനലിന്‍റെ നെഞ്ചു തകര്‍ത്ത ലോങ്റേഞ്ചര്‍; ദിസ് ഈസ് ഗോണ്‍സാല്‍വ്സ് മാജിക്
X

ഒരു ഗോളിന് ആഴ്സനല്‍ മുന്നിട്ടുനില്‍ക്കുകയാണ്... കളിയുടെ 62-ാം മിനുട്ടില്‍ അതുവരെ വിജയിച്ചുനിന്ന ആഴ്സനലിനെ ഞെട്ടിച്ചുകൊണ്ട് മൈതാനമധ്യത്തുനിന്ന് ഒരു അപ്രതീക്ഷിത ലോങ് റേഞ്ചര്‍ വരുന്നു. ആ ഷോട്ട് ചെന്നുനിന്നത് ആകട്ടെ ആഴ്സനലിന്‍റെ വലയിലും. ആഴ്സനല്‍ ആരാധകര്‍ക്കൊപ്പം ഫുട്ബോള്‍ ലോകം മുഴുവന്‍ അമ്പരപ്പോടെ നോക്കിനിന്നു പോയ നിമിഷം.

സ്പോര്‍ട്ടിങ് സി.പിയുടെ പെഡ്രോ ഗോള്‍സാല്‍വ്സ്.... ആഴ്സനലിന്‍റെ നെഞ്ചുതകര്‍ത്തത് ആ 28-ാം നമ്പര്‍ ജേഴ്സിക്കാരനാണ്. ഗോള്‍പോസ്റ്റില്‍ നിന്ന് കൃത്യം 46 വാര അകലെ നിന്നായിരുന്നു ആ മാജിക്കല്‍ ലോങ്റേഞ്ചര്‍ വന്നത്. കാഴ്ചക്കാരെയും ആഴ്സനലിനെയുമെല്ലാം ഒരുപോലെ ഞെട്ടിച്ച വണ്ടര്‍ ഗോള്‍.

ആഴ്‌സണല്‍ പ്രതിരോധനിരയുടെ പിഴവില്‍ നിന്ന് പന്ത് റാഞ്ചിയായിരുന്നു മൈതാനമധ്യത്തു നിന്ന് ഗോള്‍സാല്‍വസിന്‍റെ ലോങ് റേഞ്ചര്‍. യൂറോപ്പ ലീഗിലെ ഈ സീസണിലെത്തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നിനാണ് എമിറേറ്റ് സ്റ്റേഡിയം സാക്ഷിയായത്.


സ്പോര്‍ട്ടിങ്ങിനായി പെഡ്രോ ഗോൺസാല്‍വ്സിന്‍റെ അത്ഭുത ഗോൾ


ഹൈലൈന്‍ ഫുട്ബോള്‍ കളിച്ചുകൊണ്ടിരുന്ന ആഴ്സനിലെ സംബന്ധിച്ച് വലിയൊരു തിരിച്ചടിയായിരുന്നു ഗോള്‍സാല്‍വ്സിന്‍റെ മിന്നല്‍ ഷോട്ട്. തുടര്‍ച്ചയായി ഹൈ ഡിഫന്‍സീവ് ലൈനില്‍ കളിച്ച ആഴ്സനല്‍ ബോക്സും ഗോള്‍കീപ്പറെയും ഗോണ്‍സാല്‍വ്സ് നന്നായി പഠിച്ച ശേഷം ഞൊടിയിടയില്‍ എക്സിക്യൂട്ട് ചെയ്ത് ക്ലിനിക്കല്‍ ഷോട്ടിലൂടെ ഫിനിഷും ചെയ്തു.

ഹൈ ഡിഫന്‍സീവ് ലൈനില്‍ കളിച്ച ആഴ്സനലിന്‍റെ ഡിഫന്‍ഡര്‍മാരെല്ലാം മധ്യവരയോട് അടുത്താണ് പ്ലേസ് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ഇത് ബാലന്‍സ് ചെയ്യാന്‍ ഗോള്‍കീപ്പര്‍ ക്രോസ്ബാറിന് മുന്നില്‍ നിന്ന് ബോക്സിലേക്ക് ഇറങ്ങിനില്‍ക്കുകയായിരുന്നു. ഇത് മനസിലാക്കിയ ഗോള്‍സാല്‍വ്സ് അളന്നുമുറിച്ച് കിറുകൃത്യമായി സ്ഥാനം മാറിനില്‍ക്കുന്ന ഗോളിയുടെ മുകളിലൂടെ പന്ത് വലയിലെത്തിച്ചു

ആഴ്സനലിന്‍റെ വീഴ്ച

യൂറോപ്പ ലീഗ് പ്രീക്വാർട്ടറിൽ ആഴ്സനലിനെ വീഴ്ത്തി സ്പോര്‍ട്ടിങ്. രണ്ടാം പാദ പ്രീക്വാർട്ടറിൽ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് സ്പോര്‍ട്ടിങ് ആഴ്സനലിന്‍റെ വഴിയടച്ചത്. നിശ്ചിത സമയത്ത് (1-1) സമനിലയിലായ മത്സരം ഗോള്‍ അഗ്രിഗേറ്റിലും (3-3) സമനില ആയതിനെത്തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. ഷൂട്ടൌട്ടില്‍ (5-3)നായിരുന്നു സ്പോർട്ടിങിന്‍റെ വിജയം.

സാകയെയും തോമസ് പാർട്ടിയെയും ബെഞ്ചിൽ ഇരുത്തി മത്സരം തുടങ്ങിയ ആഴ്സനല്‍ തന്നെയാണ് ആദ്യം സ്കോര്‍ ചെയ്തത്. 19-ാം മിനുട്ടിൽ ജോർജീഞ്ഞോ നൽകിയ പാസ് സ്വീകരിച്ച് ബോക്സിലേക്ക് കടന്ന മാർട്ടിനെല്ലിയുടെെ ഷോട്ട് അന്റോണിയോ അദാൻ തടഞ്ഞു. പിറകെ എത്തിയ ജാക്ക ഒരു റീബൗണ്ടിലൂടെ പന്ത് വലയിൽ എത്തിച്ചു. സ്കോർ (1-0). അഗ്രിഗേറ്റ് സ്കോറിലും ആഴ്സനൽ (3-2)ന് മുന്നിൽ എത്തി.ആദ്യ പകുതിയിലെ മികച്ച തുടക്കം പക്ഷേ രണ്ടാം പകുതിയില്‍ നിലനിര്‍ത്താന്‍ ആഴ്സനലിനായില്ല.

62-ാം മിനുട്ടിൽ പെഡ്രോ ഗോൺസാല്‍വ്സിന്‍റെ ഒരു വണ്ടര്‍ ഗോൾ സ്പോർട്ടിങ്ങിന് പുതുജീവന്‍ നല്‍കി. 50 വാര അകലെ മൈതാനമധ്യത്തു നിന്നുള്ള ഗോൺസാല്‍വ്സിന്‍റെ ഷോട്ട് റാംസ്ഡേല്‍ കാത്ത വലയിലേക്ക് താഴ്ന്നിറങ്ങുകയായിരുന്നു. സ്കോർ (1-1), ഗോള്‍ അഗ്രിഗേറ്റ് (3-3)പിന്നീട് ഇരുടീമുകളും വിജയത്തിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോള്‍ അകന്നുനിന്നു.

നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും സമനില പാലിച്ചതോടെ കളി ഷൂട്ടൌട്ടിലേക്ക് കടന്നു. പെനാല്‍റ്റി ഷൂട്ടൗട്ടിൽ സ്പോർടിങ് അഞ്ച് കിക്കുകളും ലക്ഷ്യത്തിൽ എത്തിച്ചപ്പോള്‍ ആഴ്സനലിന്‍റെ മാര്‍ട്ടിനെല്ലിക്ക് പിഴയ്ക്കുകയായിരുന്നു.

മാഞ്ചസ്റ്റര്‍ ക്വാര്‍ട്ടറില്‍

പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തിലും മികവ് ആവര്‍ത്തിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ലീഗ് ക്വാര്‍ട്ടറില്‍. റയല്‍ ബെറ്റിസിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചായിരുന്നു മാഞ്ചസ്റ്ററിന്‍റെ കുതിപ്പ്. ആദ്യ പാദത്തില്‍ ബെറ്റിസിനെ മാഞ്ചസ്റ്റര്‍ ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്തിരുന്നു. ഇതോടെ ഗോള്‍ അഗ്രിഗേറ്റ് (5-1) ആയി.റാഷ്ഫോഡിന്‍റെ ഫിനിഷിങ് മികവിലായിരുന്നു യുണൈറ്റഡിന്‍റെ വിജയം.

വലിയ വിജയം ആവശ്യമുള്ളതു കൊണ്ട് തന്നെ തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുക എന്ന തന്ത്രമാണ് ബെറ്റിസിന്‍റെ ഭാഗത്തുനിന്നുണ്ടായത്. അധ്വാനിച്ചു കളിച്ചതിന്‍റെ ഫലമെന്നോണം അവർ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. പക്ഷേ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ പ്രതിരോധ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതും ഡി ഹിയയുടെ സേവുകളും റിയൽ ബെറ്റിസിനെ ഗോളിൽ നിന്ന് അകറ്റിനിര്‍ത്തി.

മറുവശത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിനും ഒരുപിടി നല്ല അവസരങ്ങൾ ലഭിച്ചു. ഇതിനിടയില്‍ വേഗോസ്റ്റിന്റെ ഒരു ഗോൾ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. രണ്ടാം പകുതിയിലെ 56-ാം മിനുട്ടിലാണ് മത്സരത്തിലെ ഏക ഗോള്‍ പിറക്കുന്നത്. മാർക്കസ് റാഷ്ഫോർഡിന്‍റെ ഫിനിഷിങ് മികവ് കണ്ട അത്യുഗ്രന്‍ ഗോള്‍. പെനാല്‍റ്റി ബോക്സിന് പുറത്ത് നിന്നുള്ള തകർപ്പൻ ലോങ് റേഞ്ചർ ബെറ്റിസ് ഗോൾ കീപ്പറെ കാഴ്ചക്കാരനാക്കി വലയിൽ കയറുകയായിരുന്നു.

ഇതോടെ ആതിഥേയരുടെ പോരാട്ട വീര്യവും ചോർന്നു. റാഷ്ഫോഡിന്റെ ടൂർണമെന്‍റിലെ ആറാം ഗോളായിരുന്നു ഇത്. സീസണിൽ 43 മത്സരങ്ങളിൽ നിന്നായി 27-ാമത്തെ ഗോളും. ലോകകപ്പിന് ശേഷം മിന്നും ഫോമിലുള്ള റാഷ്ഫോര്‍ഡ് 24 മത്സരങ്ങളിൽ നിന്ന് ഇതുവരെ 19 ഗോളാണ് അടിച്ചുകൂട്ടിയത്.ബെറ്റിസ് ആശ്വാസ ഗോള്‍ നേടാനുളള്ള ശ്രമം നടത്തിയെങ്കിലും ഒന്നും വലയിലെത്തിക്കാന്‍ സ്പാനിഷ് ക്ലബിനായില്ല. ഇതോടെ വിജയമുറപ്പിച്ച മാഞ്ചസ്റ്റര്‍ ക്വാർട്ടറിലേക്ക് മുന്നേറി

TAGS :

Next Story