Quantcast

''ഏഷ്യന്‍ ഗെയിംസിന് താരങ്ങളെ വിട്ടുനല്‍കണം''; സ്വരം കടുപ്പിച്ച് എ.ഐ.എഫ്.എഫ്

ഇന്ത്യൻ ക്യാമ്പിലേക്ക് താരങ്ങളെ വിട്ടു നൽകാൻ കഴിയില്ലെന്ന ഐ.എസ്.എല്‍ ക്ലബ്ബുകളുടെ നിലപാടില്‍ കോച്ച് ഇഗോര്‍ സ്റ്റിമാക്ക് രൂക്ഷവിമര്‍ശനമുയര്‍ത്തി രംഗത്തെത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    7 Sep 2023 8:58 AM GMT

indian football team
X

ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് ഇന്ത്യൻ ഫുട്ബോള്‍ ടീമിനെ ഇക്കുറി ഏഷ്യൻ ഗെയിംസില്‍ പന്ത് തട്ടാന്‍ കേന്ദ്ര കായിക മന്ത്രാലയം അനുവദിച്ചത്. എന്നാല്‍ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിന്‍റെ ക്യാമ്പിലേക്ക് താരങ്ങളെ വിട്ടു നൽകാൻ കഴിയില്ലെന്ന് ഐ.എസ്.എൽ ക്ലബ്ബുകൾ പ്രഖ്യാപിച്ചത് പിന്നീട് വന്‍ വിവാദമായി.ക്ലബ്ബുകൾ രാജ്യത്തിനായുള്ള മത്സരങ്ങൾക്ക് താരങ്ങളെ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ കോച്ച് ഇഗോർ സ്റ്റിമാച്ച് രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഏഷ്യൻ ഗെയിംസിനായി താരങ്ങളെ വിട്ടുനൽകണമെന്ന് പത്ത് ഐ.എസ്.എൽ ഫ്രാഞ്ചസികളോടും അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് എ.ഐ.എഫ്.എഫ് ജനറല്‍ സെക്രട്ടറി ഷാജി പ്രഭാകരന്‍‌ ഐ.എസ്.എല്‍ ക്ലബ്ബുകള്‍ക്ക് കത്തയച്ചു. ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ ബംഗളൂരു എഫ്.സിയിൽ നിന്ന് ആറ് പേരും മുംബൈ സിറ്റി എഫ്.സി യിൽ നിന്ന് മൂന്ന് പേരും ഗോവ, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ഒഡീഷ, കേരള ബ്ലാസ്റ്റേഴ്‌സ് ടീമുകളിൽ നിന്ന് രണ്ട് വീതം താരങ്ങളുമാണുള്ളത്

സെപ്റ്റംബര്‍ 23 നാണ് ഏഷ്യന്‍ ഗെയിംസ് ആരംഭിക്കുന്നത്. അതേ സമയം ഈ മാസം 21 ന് തന്നെ ഐ.എസ്.എല്‍ ആരംഭിക്കും. ഇക്കാരണത്താലാണ് ടീമുകള്‍ താരങ്ങളെ വിട്ട് നല്‍കാന്‍ വിമുഖത കാണിക്കുന്നത്. നേരത്തേ ഇതിനെതിരെ ഇന്ത്യന്‍ പരിശീലകന്‍‌ ഇഗോര്‍ സ്റ്റിമാക്ക് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.

ഇന്ത്യൻ ഫുട്‌ബോളിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തന്റെ കൂടെ നിൽക്കാനാവില്ലെങ്കിൽ അത് തുറന്ന് പറയണമെന്നും തന്നോട് വീട്ടിൽ പോവാൻ പറഞ്ഞാൽ താൻ പോവാമെന്നും സ്റ്റിമാച്ച് പറഞ്ഞു. ഇന്ത്യന്‍ എക്സപ്രസിന് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റിമാച്ച് തുറന്നടിച്ചത്.

''ഞാനൊരാളോടും ക്ഷമ ചോദിക്കാൻ പോവുന്നില്ല. ഞാനിങ്ങോട്ട് വന്നത് ഇന്ത്യൻ ഫുട്‌ബോളിനെ സഹായിക്കാനാണ്. എന്റെ സഹായം നിങ്ങൾക്ക് വേണമെങ്കിൽ എനിക്ക് ചില സത്യങ്ങൾ തുറന്നു പറയണം. നിങ്ങളത് കേട്ടേ മതിയാവൂ. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിങ്ങൾക്കെന്നെ സഹായിക്കാം. അല്ലെങ്കിൽ ഞങ്ങൾ ഒന്നും മാറ്റാൻ തയ്യാറല്ലെന്ന് തുറന്നു പറയാം. എന്നോട് വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെടാം. ഞാൻ സന്തോഷത്തോടെ മടങ്ങാം. നമുക്ക് നല്ല സുഹൃത്തുക്കളായി തുടരാം''- സ്റ്റിമാച്ച് പറഞ്ഞു.

ദേശീയ ടീമിനായി കലണ്ടർ ക്രമീകരിക്കാൻ കഴിയില്ലെന്ന് പറയുന്നത് ശരിയല്ലെന്നും അതിന് പിന്നില്‍ മറ്റെന്തെങ്കിലും താൽപ്പര്യങ്ങളുണ്ടോ എന്ന് സംശയിക്കേണ്ടി വരുമെന്നും സ്റ്റിമാച്ച് ചൂണ്ടിക്കാട്ടി. താന്‍ പറയുന്നത് തെറ്റാണെന്ന് തെളിയിക്കാൻ ആഗ്രഹിക്കുന്നവരെ സ്റ്റിമാച്ച് പരസ്യ സംവാദത്തിന് വെല്ലുവിളിച്ചു.

TAGS :

Next Story