Quantcast

ടോക്യോയിൽ അഭയാർത്ഥികളുടെ അഭിമാനമുയര്‍ത്താന്‍ 29 അംഗ സംഘം

അഭിമാനിക്കാൻ സ്വന്തമായൊരു ദേശമില്ലാത്ത അനേകലക്ഷങ്ങൾ ലോകമെങ്ങുമുണ്ട്. അഭയാർത്ഥികളെന്നാണ് അവരുടെ വിളിപ്പേര്. ഇത്തവണ ടോക്യോ ഒളിംപിക്‌സിൽ അഭയാർത്ഥികളുടെ അഭിമാനമുയർത്താനായി 29 പേരാണ് ഒരൊറ്റ ടീമായി മത്സരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2021-07-24 15:21:43.0

Published:

24 July 2021 2:32 PM GMT

ടോക്യോയിൽ അഭയാർത്ഥികളുടെ അഭിമാനമുയര്‍ത്താന്‍ 29 അംഗ സംഘം
X

ഓരോ ഒളിംപിക്‌സും ലോകരാജ്യങ്ങളുടെ ശക്തിപ്രകടനവേദികൾ കൂടിയാണ്. സ്വന്തം നാടിന്റെ അഭിമാനം വാനോളമുയർത്തണമെന്ന ഒരേയൊരു ആഗ്രഹത്തിലാണ് താരങ്ങളെല്ലാം പോരാട്ടത്തിനിറങ്ങുന്നത്. എന്നാൽ, അഭിമാനിക്കാൻ സ്വന്തമായൊരു ദേശമില്ലാത്ത അനേകലക്ഷങ്ങൾ ലോകമെങ്ങുമുണ്ട്. അഭയാർത്ഥികളെന്നാണ് അവരെ വിളിക്കുന്ന പേര്. ദുരന്തങ്ങളും സംഘർഷങ്ങളും കാരണം പിറന്ന മണ്ണിലെ ദുസ്സഹമായ ജീവിതത്തിൽനിന്നു രക്ഷതേടി മറ്റുനാടുകളിൽ അഭയം പ്രാപിച്ചവരാണവർ. ഇത്തവണ ടോക്യോ ഒളിംപിക്‌സിൽ അഭയാർത്ഥികളുടെ അഭിമാനമുയർത്താനായി വിവിധ രാജ്യങ്ങളിൽനിന്നുള്ള 29 പേർ മത്സരിക്കുന്നുണ്ട്; ഒരൊറ്റ പതാകയ്ക്കു കീഴിൽ.

അഭയാര്‍ത്ഥി ഒളിംപിക് ടീമിന്‍റെ ചരിത്രം

ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് യൂറോപ്പിലേക്ക് അഭയാർത്ഥികളുടെ തോരാപ്രവാഹം കണ്ട വർഷമായിരുന്നു 2015. ആഭ്യന്തര സംഘർഷങ്ങളും പ്രകൃതി ദുരന്തങ്ങളും മൂലമുള്ള കെടുതികാരണം പശ്ചിമേഷ്യന്‍, മധ്യേഷ്യന്‍, ആഫ്രിക്കൻ രാജ്യങ്ങളില്‍നിന്നായി ആറു കോടിയിലേറെ പേരാണ് വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ അഭയം പ്രാപിച്ചത്.

ഒളിംപിക്‌സ് മാമാങ്കത്തിനു മേൽനോട്ടം വഹിക്കുന്ന ഇന്റർനാഷനൽ ഒളിംപിക് കമ്മിറ്റി(ഐഒസി) ഈ സമയത്ത് റെഫ്യൂജി എമർജൻസി ഫണ്ട് എന്ന പേരിൽ അഭയാർത്ഥി സഹായനിധി ആരംഭിച്ചു. 1.9 മില്യൻ ഡോളർ(ഏകദേശം 14 കോടി രൂപ) സഹായനിധിയിലേക്കായി ഐഒസി വകയിരുത്തുകയും ചെയ്തു. കായികരംഗത്ത് അഭയാർത്ഥികളെ ഒന്നിപ്പിക്കാനായി പ്രവർത്തിക്കുന്ന വിവിധ അന്താരാഷ്ട്ര സമിതികളെ സാമ്പത്തികമായി പിന്തുണയ്ക്കുകയായിരുന്നു ഇതുവഴി ലക്ഷ്യമിട്ടത്.

തൊട്ടടുത്ത വർഷം ബ്രസീലിലെ റിയോഡി ജനീറോയിൽ നടക്കുന്ന ഒളിംപിക്‌സിൽ അഭയാർഥി അത്‌ലറ്റുകൾക്ക് അവസരം നൽകുമെന്നും ഐഒസി പ്രഖ്യാപിച്ചു. അങ്ങനെയാണ് നൂറ്റാണ്ടുകൾ നീണ്ട ഒളിംപിക്‌സ് ചരിത്രത്തിലാദ്യമായി ഒരു അഭയാർത്ഥി ടീമുണ്ടാകുന്നത്. സ്വന്തമെന്നു പറയാൻ രാജ്യമോ ഊരോ വേരോ ഇല്ലാതെ, ലോകത്ത് ഗതികിട്ടാതെ അലയുന്ന കോടിക്കണക്കിനു മനുഷ്യരെ പ്രതിനിധീകരിച്ചുകൊണ്ട് അങ്ങനെ റിയോഡി ജനീറയിൽ പത്തംഗ സംഘം മാറ്റുരച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന അഭയാർത്ഥികൾക്ക് ഏറെ പ്രതീക്ഷയും ആശ്വാസവും പകരുന്നതായിരുന്നു ഒളിംപിക്‌സ് കമ്മിറ്റിയുടെ അത്. സിറിയ, ദക്ഷിണ സുഡാൻ, കോംഗോ, എത്യോപ്യ വംശജരായ താരങ്ങളായിരുന്നു ആദ്യ ഒളിംപിക്സ് അഭയാർത്ഥി ടീമിൽ ഇടംപിടിച്ചത്.

ഇത്തവണ ആരൊക്കെ?

ഇത്തവണ കഴിഞ്ഞ തവണത്തേക്കാൾ മൂന്നിരട്ടിയോളം താരങ്ങളാണ് അഭയാർത്ഥികളുടെ ഒളിംപിക് ടീമിൽ ഇടംപിടിച്ചിട്ടുള്ളത്. കഴിഞ്ഞ തവണയുണ്ടായിരുന്ന സിറിയ, കോംഗോ, ദക്ഷിണ സുഡാൻ വംശജർക്കു പുറമെ അഫ്ഗാനിസ്താൻ, ഇറാൻ, കാമറൂൺ, വെനസ്വല, എരിത്രിയ എന്നിവിടങ്ങളിൽനിന്നുള്ള താരങ്ങളും ഇത്തവണ കായികമാമാങ്കത്തിന് യോഗ്യത നേടിയിട്ടുണ്ട്.

യുദ്ധവും ദുരിതവുമായി സ്വന്തം നാട്ടിലേക്കു മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലുമാകാത്തവരാണ് ഇവരെല്ലാം. പലരുടെയും ജീവിതകഥകള്‍ അതിജീവനത്തിന്‍റെ കഥ കൂടിയാണ്. പലതും കരളലിയിപ്പിക്കുന്നതും.

ടോക്യോ ഒളിംപിക്‌സിലെ അഭയാർത്ഥി സംഘത്തെ പരിചയപ്പെടാം:


1. സിറിൽ ഷാഷെറ്റ്, വൈറ്റ്‌ലിഫ്റ്റിങ്

2014ൽ കോമൺവെൽത്ത് ഗെയിംസിൽ സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ച് ബ്രിട്ടനിലെത്തിയതായിരുന്നു കാമറൂൺകാരനായ ഷാഷെറ്റ്. അന്നു 19കാരനായിരുന്ന ഷാഷെറ്റ് പക്ഷെ ഗെയിംസ് കഴിഞ്ഞ് നാട്ടിലേക്കു തിരിച്ചുപോകുന്നതിനെക്കുറിച്ച് ചിന്തിച്ചില്ല. നാട്ടിൽ പോകുന്നത് സുരക്ഷിതമല്ലെന്നു തിരിച്ചറിഞ്ഞ താരം ബ്രിട്ടനിൽ തന്നെ തങ്ങി. ലണ്ടനിലെ തെരുവുകളിൽ അന്തിയുറങ്ങി. എന്നാൽ, തെരുവുജീവിതം കൂടുതൽ ദുസ്സഹമായതോടെ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. ഈ സമയത്ത് ആത്മഹത്യാ ഹോട്ട്‌ലൈൻ നമ്പറിൽ വിളിച്ചു വിവരം പറഞ്ഞപ്പോൾ പൊലീസെത്തി പിടിച്ചുകൊണ്ടുപോയി.

പിന്നീട് രണ്ടുവർഷത്തോളം പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു. ഇതിനിടയിലാണ് അഭയാർത്ഥി പദവിക്കായി അപേക്ഷിക്കുന്നത്. ഒടുവിൽ ഷാഷെറ്റിന് അഭയം നൽകാൻ ബ്രിട്ടീഷ് അധികൃതർ തീരുമാനിച്ചു. ഒരുഘട്ടത്തിൽ മാനസികമായി തകർന്ന് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച യുവാവ് ഇപ്പോൾ ലണ്ടനിൽ മാനസികാരോഗ്യ നഴ്‌സായി ജോലി ചെയ്യുകയാണ്. വൈറ്റ്‌ലിഫ്റ്റിങ് വിഭാഗത്തിലാണ് ഷാഷെറ്റ് ഒളിംപിക്‌സിൽ മത്സരിക്കുന്നത്.


2. യുസ്ര മാർദീനി, നീന്തൽ

റിയോ ഒളിംപിക്‌സിലെ അഭയാർത്ഥി സംഘത്തിലുമുണ്ടായിരുന്നു സിറിയൻ വംശജയായ നീന്തൽതാരം യുസ്ര മാർദീനി. എന്നാൽ, നീന്തൽതാരമായതിനു പിന്നിൽ ഒരു ജീവന്മരണ പോരാട്ടത്തിന്റെ കഥ തന്നെയുണ്ട് യുസ്രയ്ക്ക് പറയാൻ.

ആഭ്യന്തരസംഘർഷം കൊണ്ട് ദുരന്തഭൂമിയായ സിറിയയിൽനിന്നു രക്ഷതേടി കുടുംബത്തോടൊപ്പം ബോട്ടിൽ പുറപ്പെട്ടതായിരുന്നു യുസ്ര. യൂറോപ്പ് ലക്ഷ്യമിട്ട് മെഡിറ്ററേനിയൻ കടലിലൂടെ സഞ്ചരിച്ച ബോട്ട് ഇടയ്ക്ക് നിയന്ത്രണംവിട്ടു മറിഞ്ഞു. എന്നാൽ, മരണം മുഖാമുഖം കണ്ട യുസ്രയും സഹോദരിയും മൂന്നു മണിക്കൂർ കടൽ നീന്തിക്കടന്ന് ഗ്രീക്ക് തീരത്തെത്തി.

23കാരിയായ യുസ്രയും സഹോദരിയും ഇപ്പോൾ ജർമനിയിലാണ് കഴിയുന്നത്. ഇത്തവണ ഒരിക്കൽകൂടി അഭയാർത്ഥി സമൂഹത്തെ പ്രതിനിധീകരിച്ച് ലോകകായിക മാമാങ്കത്തിനെത്തുന്ന യുസ്രയുടെ ജീവിതസ്വപ്‌നം അഭയാർത്ഥികളില്ലാത്ത സമാധാനം നിറഞ്ഞ ലോകമാണ്.


3. ആഞ്ചെലിന നദായ് ലോഹാലിത്, ഓട്ടം

ദക്ഷിണ സുദാൻ വംശജയായ ഓട്ടക്കാരിയാണ് ആഞ്ചെലിന നദായ് ലോഹാലിത്. 2016 റിയോ ഒളിംപിക്‌സിലും 1,500 മീറ്റർ ഓട്ടത്തിൽ പങ്കെടുത്തു. എട്ടാം വയസിൽ അമ്മായിക്കൊപ്പമാണ് ആഭ്യന്തരസംഘർഷം രൂക്ഷമായ ദക്ഷിണ സുഡാനിൽനിന്ന് രക്ഷപ്പെടുന്നത്. നാട്ടിൽനിന്ന് രക്ഷപ്പെട്ട് കെനിയയിലെ കാകുമ അഭയാർത്ഥി ക്യാംപിലാണ് എത്തിപ്പെടുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ അഭയാർത്ഥി ക്യാംപുകളിലൊന്നാണിത്.

ഇപ്പോൾ 28കാരിയായ ആഞ്ചെലിന നാടുവിട്ടതിൽ പിന്നെ സ്വന്തം മാതാപിതാക്കളെയോ സഹോദരങ്ങളെയോ ഒരുനോക്കുപോലും കണ്ടിട്ടില്ല. കുടുംബവുമായുള്ള പുനസ്സമാഗമം മാത്രം സ്വപ്‌നം കണ്ടാണ് അവർ ടോക്യോയിൽ എത്തിയിട്ടുള്ളത്.


4. ഹാമൂൻ ദെറഫ്ഷിപൂര്‍, കരാട്ടെ

ഇറാൻ വംശജയായ കരാട്ടെ താരമാണ് ഹാമൂൻ ദെറഫ്ഷിപൂര്‍. 2018ലെ ലോക ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയ താരം. 2019ലാണ് ഭാര്യ സമീറയ്‌ക്കൊപ്പം ഹാമൂൻ ഇറാൻ വിട്ട് കാനഡയിലെത്തുന്നത്.

ഇറാന്റെ മുൻ കരാട്ടെ പരിശീലക കൂടിയാണ് സമീറ. സ്വന്തം ഭാര്യയുടെ പരിശീലനത്തില്‍ മെഡൽ മാത്രം മുന്നിൽകണ്ടാണ് ഹാമൂൻ ടോക്യോ ഒളിംപിക്‌സിനെത്തിയിരിക്കുന്നത്.

മറ്റു താരങ്ങൾ:

5. അബ്ദുല്ല സദീഖി, അഫ്ഗാനിസ്താൻ(ഇപ്പോൾ ബെൽജിയത്തിൽ ജീവിക്കുന്നു)-തൈക്വോണ്ടോ

6. അഹ്‌മദ് അലികാജ്, സിറിയ(ജർമനി)-ജൂഡോ

7. അഹ്‌മദ് ബദ്‌റുദ്ദീൻ വായിസ്, സിറിയ(സ്വിറ്റ്‌സർലൻഡ്)-സൈക്ലിങ്

8. ആഖിർ അൽ ഉബൈദി, ഇറാഖ്(ഓസ്ട്രിയ)-റെസ്ലിങ്

9. അലാ മാസൂ, സിറിയ(ജർമനി)-നീന്തൽ

10. ആറാം മഹ്‌മൂദ്, സിറിയ(നെതർലൻഡ്‌സ്)-ബാഡ്മിന്റൺ

11. ദിന ലാംഗെറൂദി, ഇറാൻ(നെതർലൻഡ്‌സ്)-തൈക്വോണ്ടോ

12. ദോറിയാൻ കെലേറ്റെല, കോംഗോ(പോർച്ചുഗൽ)-അത്‌ലറ്റിക്‌സ്

13. എൽഡ്രിക് സെല്ല റോഡ്രിഗ്വസ്, വെനസ്വല(ട്രിനിഡാഡ് ആൻഡ് ടൊബാഗോ)-ബോക്‌സിങ്

14. ജമാൽ അബ്ദുൽമാജി ഈസ മുഹമ്മദ്, സുഡാൻ(ഇസ്രായേൽ), അത്‌ലറ്റിക്‌സ്

15. ജെയിംസ് ന്യാങ്, ദക്ഷിണ സുഡാൻ(കെനിയ), അത്‌ലറ്റിക്‌സ്

16. ജവാദ് മഹ്ജൂബ്, ഇറാൻ(കാനഡ)-ജൂഡോ

17. കിമിയ അലിസാദ, ഇറാൻ(ജർമനി)-തൈക്വോണ്ടോ

18. ലുനാ സോളമൻ, എറിത്രിയ(സ്വിറ്റ്‌സർലൻഡ്), ഷൂട്ടിങ്

19. മഅ്‌സൂമ അലി സാദ, അഫ്ഗാനിസ്താൻ(ഫ്രാൻസ്)-സൈക്ലിങ്

20. മുന ദാഹൂക്, സിറിയ(നെതർലൻഡ്‌സ്)-ജൂഡോ

21. നിഗാറ ഷാഹീൻ, അഫ്ഗാനിസ്താൻ(റഷ്യ), ജൂഡോ

22. പോളോ ലൊകോറോ, ദക്ഷിണ സുഡാൻ(കെനിയ)-അത്‌ലറ്റിക്‌സ്

23. പോപോൾ മിസെഗ, കോംഗോ(ബ്രസീൽ)-ജൂഡോ

24. റോസ് ലികോൻയെൻ, ദക്ഷിണ സുഡാൻ(കെനിയ)-അത്‌ലറ്റിക്‌സ്

25. സൈദ് ഫസ്ലൂല, ഇറാൻ(ജർമനി)-തുഴച്ചിൽ

26. സന്ദ അൽദാസ്, സിറിയ(നെതർലൻഡ്‌സ്)- ജൂഡോ

27. താച്ച്‌ലോവിനി ഗബ്രിയെസോസ്, എരിത്രിയ(ഇസ്രായേൽ)-അത്‌ലറ്റിക്‌സ്

28. വാഇൽ ശുഐബ്, സിറിയ(ജർമനി)-കരാട്ടെ

29. വസ്സാം സലമാന, സിറിയ(ജർമനി)-ബോക്‌സിങ്‌

TAGS :

Next Story