Quantcast

വീണ്ടും കാർഡുകളുടെ പെരുമഴ; ലാഹോസിനെ ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ

ലാലീഗയില്‍ ബാഴ്സലോണ എസ്പാന്യോള്‍ മത്സരത്തിനിടെയാണ് ലാഹോസ് വീണ്ടും വിവാദ നായകനായത്

MediaOne Logo

Web Desk

  • Updated:

    2023-01-01 16:25:37.0

Published:

1 Jan 2023 4:21 PM GMT

വീണ്ടും കാർഡുകളുടെ പെരുമഴ; ലാഹോസിനെ ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ
X

ലോകകപ്പില്‍ അര്‍ജന്‍റീന നെതര്‍ലന്‍റ്സ് മത്സരത്തിലൂടെ വിവാദ നായകനായ റഫറി അന്‍റോണിയോ ലാഹോസ് കാര്‍ഡുകളോടുള്ള തന്‍റെ അടങ്ങാത്ത പ്രണയം തുടരുകയാണ്. കഴിഞ്ഞ ദിവസം ലാലീഗയില്‍ ബാഴ്സലോണ എസ്പാന്യോള്‍ മത്സരത്തിനിടെ ലാഹോസ് പുറത്തെടുത്തത് 14 കാര്‍ഡുകളാണ്. അതില്‍ രണ്ട് ചുവപ്പു കാര്‍ഡുകളും ഉള്‍പ്പെടും. ബാഴ്സയുടേയും എസ്പാന്യോളിന്‍റേയും ഓരോ താരങ്ങള്‍ക്ക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോവേണ്ടി വന്നു. ബാഴ്സ വിങ്ങര്‍ ജോര്‍ഡി ആല്‍ബക്കും എസ്പാന്യോള്‍ താരം സോസക്കുമാണ് ചുവപ്പ് കാര്‍ഡ് കണ്ടത്. മത്സരം ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു. വിവാദ തീരുമാനങ്ങള്‍ തുടര്‍ക്കഥയാക്കിയ ലാഹോസിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴയാണിപ്പോള്‍.


ഖത്തര്‍ ലോകകപ്പിലെ അര്‍ജന്‍റീന നെതര്‍ലന്‍റ്സ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തോടെയാണ് ലാഹോസ് വിവാദ നായകനായത്. മഞ്ഞക്കാര്‍ഡുകളുടെ ഒരു ഘോഷയാത്രയാണ് ക്വാര്‍ട്ടറില്‍ ആരാധകര്‍ കണ്ടത്. കളിയാംരംഭിച്ച് 31 ാംമിനിറ്റ് മുതല്‍ പെനാല്‍റ്റട്ടി ഷൂട്ടൗട്ട് തീരുന്നതുവരെ കാര്‍ഡിന്റെ പട്ടിക നീണ്ടു. ആകെ 18 മഞ്ഞക്കാര്‍ഡുകളാണ് മത്സരത്തിലുടനീളം ലാഹോസ് പുറത്തെടുത്തത്. രണ്ട് അര്‍ജന്‍റൈന്‍ ഒഫീഷ്യലുകളും, എട്ട് അര്‍ജന്‍റൈന്‍ താരങ്ങളും, ഏഴ് നെതര്‍ലന്‍ഡ് താരങ്ങളും കാര്‍ഡ് കണ്ടു. രണ്ടു മഞ്ഞക്കാര്‍ഡ് കണ്ട ഡച്ച് താരം ഡെന്‍സല്‍ ഡുംഫ്രിസിന് കളം വിടേണ്ടി വന്നു.

.120 മിനിറ്റ് കളിയില്‍ 48 ഫൗള്‍ വിസിലുകളാണ് അന്റോണിയോ ആകെ മുഴക്കിയത്. അര്‍ജന്റീനന്‍ നിരയില്‍ കോച്ച് ലയണല്‍ സ്‌കലോനിയും, സൂപ്പര്‍ താരം ലയണല്‍ മെസ്സിയുമടക്കം ലാഹോസിന്‍റെ കാര്‍ഡിനിരയായി. ലോകകപ്പിന്‍റെ ചരിത്രത്തില്‍ ഏറ്റവുമധികം മഞ്ഞക്കാര്‍ഡ് കണ്ട മത്സരം എന്ന റെക്കോര്‍ഡാണ് അര്‍ജന്‍റീന നെതര്‍ലന്‍റ്സ് മത്സരത്തിന്‍റെ പേരില്‍ എഴുതിച്ചേര്‍ക്കപ്പെട്ടത്. മത്സരത്തിന് ശേഷം ലയണല്‍ മെസ്സിയടക്കം അര്‍ജന്‍റൈന്‍ താരങ്ങള്‍ ഒന്നടങ്കം ലാഹോസിനെതിരെ പരസ്യ വിമര്‍ശനമുയര്‍ത്തി രംഗത്ത് വന്നിരുന്നു.


TAGS :

Next Story