Quantcast

വാമോസ്... കളം നിറഞ്ഞ് മിശിഹ; സെമിയിലേക്ക് അര്‍ജന്‍റീനിയന്‍ മാര്‍ച്ച്

ബോക്സിന് തൊട്ടടുത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് മെസി വലയിലെത്തിച്ചതോടെ അര്‍ജന്‍റീനിയന്‍ ക്യാമ്പില്‍ ആവേശം അണപൊട്ടി.

MediaOne Logo

Web Desk

  • Updated:

    2021-07-04 04:54:38.0

Published:

4 July 2021 3:10 AM GMT

വാമോസ്... കളം നിറഞ്ഞ് മിശിഹ; സെമിയിലേക്ക് അര്‍ജന്‍റീനിയന്‍ മാര്‍ച്ച്
X

കോപ്പ അമേരിക്കയിലെ അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇക്വഡേറിനെ കീഴടക്കി അര്‍ജന്‍റീന സെമിയില്‍. എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്‍റീനയുടെ വിജയം. മെസിയും റോഡ്രിഗോ ഡി പോളും ലൗറ്റാരോ മാര്‍ട്ടിനെസിയുമാണ് അര്‍ജന്‍റീനക്കായി സ്കോര്‍ ചെയ്തത്. ഒരു ഗോളും രണ്ട് അസിസ്റ്റുമായി കളം നിറഞ്ഞ മെസി തന്നെയാണ് അര്‍ജന്‍റീനയെ മുന്നില്‍ നിന്ന് നയിച്ചത്.

40-ാം മിനിറ്റില്‍ മെസിയുടെ അസിസ്റ്റിലൂടെ റോഡ്രിഗോ ഡി പോളയാണ് അര്‍ജന്‍റീനയെ ആദ്യം മുന്നിലെത്തിച്ചത്. ലൌറ്റാരോ മാര്‍ട്ടിനെസിന്‍റെ മുന്നേറ്റം ഇക്വഡോര്‍ ഗോള്‍കീപ്പര്‍ ഹെര്‍നന്‍ ഗലിന്‍ഡസ് തടഞ്ഞു. ഇവിടെ നിന്ന് പന്ത് റാഞ്ചിയെടുത്ത മെസ്സി അത് നേരേ റോഡ്രിഗോക്ക് നീട്ടിനല്‍കുകയായിരുന്നു. സ്ഥാനം തെറ്റിനിന്ന ഗോള്‍കീപ്പറെ കണ്ടതോടെ അവസരം മുതലെടുത്ത് പോള്‍ പന്ത് വലയിലെത്തിച്ചു. 84ാം മിനുട്ടില്‍ ലൗറ്റാരോ മാർട്ടിനെസിലൂടെയാണ് അര്‍ജന്‍റീന രണ്ടാം ഗോൾ നേടിയത്. ഇക്വഡോറിന്‍റെ പ്രതിരോധ പിഴവിൽ നിന്നായിരുന്നു ഗോൾ. ഈ അവസരം മുതലെടുത്ത് മെസ്സി നൽകിയ പാസ് മാർട്ടിനെസ് വലയിലെത്തിക്കുകയായിരുന്നു.

90ാം മിനുട്ടില്‍ ഏയ്ഞ്ചൽ ഡി മരിയയെ ഫൗള്‍ ചെയ്തതിന് ഇക്വഡോറിന്‍റെ ഹിൻകാപ ചുവപ്പു കാർഡ് കണ്ട് പുറത്തുപോയി. ഇതിനുപിന്നാലെ ബോക്സിന് തൊട്ടടുത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് മെസി വലയിലെത്തിച്ചതോടെ അര്‍ജന്‍റീനിയന്‍ ക്യാമ്പില്‍ ആവേശം അണപൊട്ടി. സീനിയർ ടീമിനൊപ്പം ആദ്യ കിരീടം ലക്ഷ്യമിടുന്ന ലിയോണൽ മെസി തന്നെയാണ് ഈ ടൂര്‍ണമെന്‍റിലെ മിന്നും താരം. ഇതുവരെ നാല് ഗോളുകളും നാല് അസിസ്റ്റുകളാണ് റൊസാരിയോയുടെ രാജകുമാരന്‍റെ ബൂട്ടില്‍ നിന്ന് പിറന്നത്.

TAGS :

Next Story