യുണൈറ്റഡിന്‍റെ നെഞ്ച് തുളച്ച് ഗണ്ണേഴ്സിന്‍റെ വെടിയുണ്ട

ആഴ്സണലിന്‍റെ വിജയം രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്

MediaOne Logo

Web Desk

  • Updated:

    2023-01-22 19:12:27.0

Published:

22 Jan 2023 6:53 PM GMT

ARSENAL
X

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് ആഴ്സണല്‍. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ആഴ്സണലിന്‍റെ ജയം. ഗണ്ണേഴ്സിനായി എഡി നികെറ്റിയ ഇരട്ട ഗോളുമായി കളം നിറഞ്ഞു. ആഴ്സണലിന്‍റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തില്‍ കളിയവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് വിജയ ഗോള്‍ പിറന്നത്. 90 ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ നികെറ്റിയ ഗണ്ണേഴ്സിന്‍റെ വീരനായകനായി.

മത്സരത്തില്‍ ആദ്യം സ്കോര്‍ ചെയ്ത‍ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ്. കളിയുടെ 17 ാം മിനിറ്റില്‍ മാര്‍ക്കസ് റഷ്ഫോര്‍ഡ് യുണൈറ്റഡിനെ മുന്നിലെത്തിച്ചു. എന്നാല്‍ 24 ാം മിനിറ്റില്‍ നികെറ്റിയ ഗണ്ണേഴ്സിനെ ഒപ്പത്തിനൊപ്പമെത്തിച്ചു. രണ്ടാം പകുതിയാരംഭിച്ച് മിനിറ്റുകള്‍ക്കകം മനോഹരമായൊരു ലോങ് റേഞ്ചിലൂടെ ബുകായോ സാക ആഴ്സണലിന്‍റെ ലീഡുയര്‍ത്തി. എന്നാല്‍ ആറ് മിനിറ്റിനുള്ളില്‍ യുണൈറ്റഡ് ഗോള്‍ മടക്കി. ലിസാന്‍ഡ്രോ മാര്‍ട്ടിനസാണ് യുണൈറ്റഡിനായി വലകുലുക്കിയത്.

ഒപ്പത്തിനൊപ്പം മുന്നേറിയ മത്സരം സമനിലയിലേക്ക് എന്ന് തോന്നിച്ച നിമിഷങ്ങളിലൊന്നിലാണ് നികെറ്റിയ 90 ാം മിനിറ്റില്‍ ഒരിക്കല്‍ കൂടി വെടിപൊട്ടിച്ചത്. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ആഴ്സണല്‍ ലീഡുയര്‍ത്തി. ഒന്നാം സ്ഥാനത്തുള്ള ആഴ്സണലിന് 50 പോയിന്‍റുണ്ട്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 45 പോയിന്‍റാണുള്ളത്.


TAGS :

Next Story