കോമൺവെൽത്ത് ഗെയിംസിന് തുടക്കം; ഒന്നാമതെത്താൻ ഇന്ത്യ

ബാഡ്മിന്റൺ വനിതാ സിംഗ്ൾസിൽ ഒളിമ്പ്യൻ പി.വി. സിന്ധുവിൽ നിന്ന് സ്വർണമൊഴിച്ചൊന്നും പ്രതീക്ഷിക്കുന്നില്ല

MediaOne Logo

Web Desk

  • Published:

    29 July 2022 1:38 AM GMT

കോമൺവെൽത്ത് ഗെയിംസിന് തുടക്കം; ഒന്നാമതെത്താൻ ഇന്ത്യ
X

ബിർമിങ്ഹാം: കോമൺ വെൽത്ത് ഗെയിംസിന് ഇംഗ്ലണ്ട് നഗരമായ ബിർമിങ്ഹാമിൽ തുടക്കം. മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ താരങ്ങൾ. 216 പേരാണ് ഇന്ത്യൻ സംഘത്തിലുള്ളത്. 2010ൽ ന്യൂഡൽഹി വേദിയായ കോമൺവെൽത്ത് ഗെയിംസിലായിരുന്നു ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.

38 സ്വർണവും 27 വെള്ളിയും 36 വെങ്കലവുമായി 101 മെഡലുകളും രണ്ടാംസ്ഥാനവും. അത്രത്തോളം വരില്ലെങ്കിലും 2018ൽ ആസ്‌ട്രേലിയയിലും ഗംഭീരമാക്കി. 26 സ്വർണം, 20വീതം വെള്ളി, വെങ്കലം എന്നിങ്ങനെ 66 മെഡലുകളും മൂന്നാംസ്ഥാനവും. ഷൂട്ടിങ്ങിൽ മാത്രം ഏഴ് സ്വർണമാണ് അന്ന് ഇന്ത്യക്ക് ലഭിച്ചത്. ഷൂട്ടിങ്ങും അമ്പെയ്ത്തും ഇക്കുറിയില്ലാത്തതും ഒളിമ്പിക് ജാവലിൻത്രോ ചാമ്പ്യൻ നീരജ് ചോപ്ര പരിക്കിനെത്തുടർന്ന് പിന്മാറിയതും തിരിച്ചടിയാണ്. എങ്കിലും സുവർണപ്രതീക്ഷയിൽ 20ലധികം ഇനങ്ങൾ ഇന്ത്യക്കുണ്ട്.

ബാഡ്മിന്റൺ വനിതാ സിംഗ്ൾസിൽ ഒളിമ്പ്യൻ പി.വി. സിന്ധുവിൽ നിന്ന് സ്വർണമൊഴിച്ചൊന്നും പ്രതീക്ഷിക്കുന്നില്ല. പുരുഷ സിംഗ്ൾസിൽ കിഡംബി ശ്രീകാന്തും ലക്ഷ്യ സെന്നുമുണ്ട്. പുരുഷ ഡബിൾസിലെ സാത്വിക് സായ് രാജ് രാൻകിറെഡ്ഡി-ചിരാഗ് ഷെട്ടി, വനിത ഡബിൾസിലെ ഗായത്രി ഗോപീചന്ദ്-തെരേസ ജോളി, മിക്‌സഡ് ഡബിൾസിലെ അശ്വിനി പൊന്നപ്പ-എൻ. സിക്കി റെഡ്ഡി സഖ്യങ്ങളും മെഡൽ ലക്ഷ്യം വെച്ചാണ് കളത്തിലിറങ്ങുന്നത്.

ഇന്ത്യയുടെ മറ്റൊരു പ്രിയ ഇനം ബോക്‌സിങ്ങാണ്. പുരുഷന്മാരിൽ ശിവ ഥാപ്പ (63.5 കി.ഗ്രാം), സഞ്ജീത് കുമാർ (92), വനിതകളിൽ നീതു ഗാംഘാസ് (48), നിഖാത് സരീൻ (50), ഒളിമ്പിക്‌സ് മെഡലിസ്റ്റ് ലവ് ലിന (70)) എന്നിവർ മെഡൽ നേടാൻ ഇടിക്കൂട്ടിൽ ഇറങ്ങുന്നുണ്ട്. ഗുസ്തിയിലും ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ട്. ഒളിമ്പിക് മെഡൽ നേടി ചരിത്രമെഴുതിയ സാക്ഷി മാലിക് (62 കി.ഗ്രാം), കൂടാതെ ആൻഷു മാലിക് (57), വിനേഷ് ഫോഗത് (53), പുരുഷന്മാരിൽ ദീപക് പൂനിയ (86), നവീൻ (74), ഒളിമ്പിക് മെഡലിസ്റ്റ് രവി ദാഹിയ (57) എന്നിവരിൽനിന്ന് അവരവരുടെ ഇനങ്ങളിൽ സ്വർണം കാത്തിരിക്കുകയാണ് ഇന്ത്യ.

TAGS :

Next Story