Quantcast

ബോള്‍ ബോയില്‍ നിന്ന് 'കിങ് ബാബറി'ലേക്ക്; ചരിത്രമെഴുതാന്‍ ബാബര്‍ അസം

ഇമ്രാന്‍ ഖാനെയും സയീദ് അൻവറിനെയും, ജാവേദ് മിയാന്‍ദാദിനെയും ഇൻസമാമുല്‍ ഹഖിനെയുമെല്ലാം സമ്മാനിച്ച ആ രാജ്യം ക്രിക്കറ്റിന് ഈ പതിറ്റാണ്ടില്‍ നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് ബാബര്‍ അസം

MediaOne Logo

ഷെഫി ഷാജഹാന്‍

  • Updated:

    2022-06-13 03:25:05.0

Published:

13 Jun 2022 3:03 AM GMT

ബോള്‍ ബോയില്‍ നിന്ന് കിങ് ബാബറിലേക്ക്; ചരിത്രമെഴുതാന്‍ ബാബര്‍ അസം
X

36,196,67,55,57,114,105,66,103,77,1 അവസാനമായി കളിച്ച പതിനൊന്ന് ഇന്നിങ്സുകളിലെ പാക് നായകന്‍ ബാബര്‍ അസമിന്‍റെ സ്കോര്‍ഷീറ്റാണിത്. കണ്‍സിസ്റ്റന്‍സി എന്ന വാക്കിന് ക്രിക്കറ്റ് ലോകത്തെ പുതിയ നിര്‍വചനമായിക്കൊണ്ടിരിക്കുകയാണ് ബാബര്‍. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലും ഒരേ മികവ് തുടരാന്‍ കഴിയുന്നു എന്നതുകൊണ്ടാണ് അസമിനെ കായികലോകം മോഡേണ്‍ ഈറയിലെ ഏറ്റവും മികച്ച ക്രിക്കറ്ററായി വിശേഷിപ്പിക്കുന്നത്.

ബോള്‍ ബോയി ആയി തുടക്കം...

2007ലെ ദക്ഷിണാഫ്രിക്കയുടെ പാകിസ്താന്‍ പര്യടനം, ഗദ്ദാഫി സ്റ്റേഡിയത്തില്‍വെച്ചുനടക്കുന്ന മത്സരത്തില്‍ പന്ത് പെറുക്കാന്‍ നില്‍ക്കുന്ന 13 വയസ് മാത്രമുള്ള ഒരു സാധാരണ ബോള്‍ ബോയ്. ലോകോത്തര ക്രിക്കറ്റ് താരങ്ങളെ അടുത്ത് കാണാനുള്ള ആഗ്രഹം കൊണ്ട് മാത്രം അന്ന് ബോള്‍ ആയിനിന്ന പയ്യന്‍ ഇന്ന് ലോകക്രിക്കറ്റിനെ തന്നെ തന്‍റെ തോളില്‍ ഒറ്റയ്ക്കു താങ്ങാനുള്ള കരുത്താര്‍ജിച്ചിരിക്കുന്നു.

ഇമ്രാന്‍ ഖാനെയും സയീദ് അൻവറിനെയും, ജാവേദ് മിയാന്‍ദാദിനെയും ഇൻസമാമുല്‍ ഹഖിനെയുമെല്ലാം സമ്മാനിച്ച ആ രാജ്യം ക്രിക്കറ്റിന് ഈ പതിറ്റാണ്ടില്‍ നല്‍കിയ ഏറ്റവും വലിയ സംഭാവന... ദ മോസ്റ്റ് ടാലന്‍റഡ് യങ് ക്രിക്കറ്റര്‍, മുഹമ്മദ് ബാബര്‍ അസം. ബോള്‍ ബോയില്‍ നിന്ന് ലോക ഒന്നാം നമ്പര്‍ ബാറ്ററിലേക്കും അവിടുന്നങ്ങോട്ട് പാക് ടീമിന്‍റെ നായകപദവിയിലേക്കുമുള്ള ബാബറിന്‍റെ യാത്രക്ക് അയാള്‍ പറത്തുന്ന സിക്സറുകളേക്കാള്‍ വേഗതയുണ്ടായിരുന്നു. ബാബർ അസം എന്ന പേരിന് 'ദ് ക്ലാസ്' എന്ന് കൂടി അര്‍ഥമുണ്ട്.

അര്‍ധസെഞ്ച്വറിയോടെ അരങ്ങേറ്റം

പണ്ട് ബോള്‍ ബോയി ആയി നിന്ന ഗദ്ദാഫി സ്റ്റേഡിയത്തില്‍ തന്നെ സിംബാബ്വേക്കെതിരെ അരങ്ങേറ്റം, ആദ്യ മത്സരത്തില്‍ത്തന്നെ അര്‍ധസെഞ്ച്വറി നേടി ക്രിക്കറ്റ് ലോകത്തെ പുതിയ അവതാരപ്പിറവിയെക്കുറിച്ച് അയാള്‍ ലോകത്തോട് വിളിച്ചുപറഞ്ഞു. പിന്നീടങ്ങോട്ട് പത്രങ്ങളിലെ കായികപേജുകളില്‍ നിരന്തരം അയാളെക്കുറിച്ചുള്ള വാര്‍ത്തകളായിരുന്നു.

കളിക്കളത്തിലെ കണ്‍സിസ്റ്റന്‍റ് പ്രകടനം മാത്രമല്ല ബാബറിനെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവനാക്കിയത്, മൈതാനത്തിനകത്തും പുറത്തുമുള്ള ബാബറിന്‍റെ പെരുമാറ്റത്തിനു പോലും സെപ്പറേറ്റ് ഫാന്‍ ബേസ് ഉണ്ട്.

വിന്‍ഡീസുമായുള്ള 2022 ജൂണിലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം, 306 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ അസമിന്‍റെ സെഞ്ച്വറിക്കരുത്തിൽ അനായാസം ലക്ഷ്യത്തിലേക്ക് കുതിച്ചു. എന്നാല്‍ സെഞ്ച്വറിക്ക് പിന്നാലെ അസമിന്‍റെ വിക്കറ്റ് വീണതോടെ വിൻഡീസ് മത്സരത്തില്‍ പിടിമുറുക്കി. കളി പാകിസ്താന്‍റെ കൈവിട്ടുപോകുന്ന അവസ്ഥ. മത്സരം ഡെത്ത് ഓവറിലെത്തി. 23 പന്തിൽ ഒരു ഫോറും നാല് സിക്സറുമടക്കം 41 റണ്‍സോടെ യുവതാരം കുശ്ദിൽ ഷാ പാകിസ്താന് വേണ്ടി ആ മത്സരം തിരിച്ചുപിടിച്ചു..

സ്വാഭാവികമായും സെഞ്ച്വറി നേടിയ അസമിനെ പ്ലെയര്‍ ഓഫ് ദ മാച്ച് ആയി സംഘാടകര്‍ പ്രഖ്യാപിച്ചു. എന്നാല്‍ പുരസ്കാരദാനച്ചടങ്ങില്‍ ആരാധകരെയും സംഘാടകരെയുമെല്ലാം അമ്പരപ്പിച്ച് ബാബര്‍ അസം തന്‍റെ തീരുമാനം പ്രഖ്യാപിച്ചു. ഈ പുരസ്കാരത്തിനര്‍ഹന്‍ കുശ്ദിൽ ഷായാണ്. ആ യുവതാരത്തിന്‍റെ ഇന്നിങ്സിന്‍റെ മൂല്യത്തെക്കുറിച്ച് ഒരു നായകന്‍ ഇതില്‍ കൂടുതല്‍ എങ്ങനെയാണ് ലോകത്തോട് വിളിച്ചുപറയുക...! വേദിയിലേക്കു നടന്നെത്തിയ അസം പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരം കുശ്ദിലിനു നൽകുകയാണെന്നു മൈക്കിലൂടെ അനൗൺസ് ചെയ്തു, നിറകൈയ്യടിയോടെയാണ് പാക് നായകന്‍റെ തീരുമാനത്തെ കാണികള്‍ സ്വാഗതം ചെയ്തത്.

ബാബറും കോഹ്‍ലിയും

പാകിസ്ഥാന്‍ ക്രിക്കറ്റിന് ഒരു വിരാട് കോഹ്‍ലിയുണ്ടെങ്കില്‍ അയാള്‍ക്ക് ബാബര്‍ അസമിന്‍റെ മുഖമായിരിക്കും, 21ആം വയസില്‍ പാകിസ്ഥാന്‍ ജഴ്സിയില്‍ കരിയര്‍ ആരംഭിച്ച ബാബറിനെ ഏറ്റവുമധികം താരതമ്യപ്പെടുത്തിയത് ഇന്ത്യയുടെ റണ്‍മെഷീന്‍ വിരാട് കോഹ്‍ലിയുമായായിരുന്നു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാധനരായ രണ്ടു താരങ്ങള്‍. പക്ഷേ എല്ലാ താരതമ്യങ്ങള്‍ക്കിടയിലും കോഹ്‍ലിയോടായിരുന്നു ആരാധകര്‍ക്ക് ഒരുപടി ഇഷ്ടം കൂടുതല്‍, ഇടക്കാലത്ത് റണ്‍മെഷീന്‍ പലതവണയായി നിന്നു പോയപ്പോഴും ബാബര്‍ അസമിന്‍റെ കഴിവിനെ മുഴുവനായി സമ്മതിച്ചുകൊടുക്കാന്‍ കടുത്ത കോഹ്‍ലി ആരാധകര്‍ തയ്യാറായില്ല.

പക്ഷേ ആരുടേയും വാഴ്ത്തുപാട്ടുകള്‍ക്ക് കാത്തുനില്‍ക്കാന്‍ അസമിന് സമയമുണ്ടായിരുന്നില്ല. അയാള്‍ ബാറ്റുകൊണ്ട് ചരിത്രം രചിക്കുന്ന തിരക്കിലായിരുന്നു.. ഒടുവില്‍ 2021 ഏപ്രിലില്‍ പുറത്തുവന്ന ഏകദിന റാങ്കിങില്‍ ബാബര്‍ കോഹ്‍ലിയെന്ന വന്‍മരത്തെ കടപുഴക്കി. 1258 ദിവസം അജയ്യനായി കിങ് കോഹ്‍ലി അടക്കിവെച്ചിരുന്ന സിംഹാസനം അങ്ങനെ പാക് ബാറ്റിങ് സെന്‍സേഷന്‍ ബാബര്‍ അസം സ്വന്തമാക്കി. നീണ്ട 18 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഒരു പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഏകദിന ബാറ്റിങ് റാങ്കിങില്‍ ഒന്നാമതെത്തുന്നത്, ഇതിന് മുമ്പ് മൂന്ന് പാക് താരങ്ങള്‍ക്ക് മാത്രം സാധിച്ച നേട്ടം.

സൗത്ത് ആഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ നാൽപ്പത്തിയൊൻപത് പന്തുകളിൽ നിന്ന് സെഞ്ച്വറി നേടിയാണ് അസം തന്‍റെ ഒന്നാം റാങ്ക് ആഘോഷിച്ചത്. എങ്കിലും കോഹ്ലിയുമായി താരതമ്യപ്പെടുത്താന്‍ വേണ്ടത്രയും മത്സരങ്ങള്‍ ബാബര്‍ കളിച്ചിട്ടില്ലെന്നത് വസ്തുതയാണ്. ബാബറിനേക്കാള്‍ മൂന്ന് ഇരട്ടി ഇന്നിങ്ങ്സുകൾ കളിച്ചിട്ടും കോഹ്‍ലിക്ക് ഉയർന്ന ആവറേജ് ഇന്നും കാത്തുസൂക്ഷിച്ചിക്കാന്‍ സാധിക്കുന്നു എന്നത് കോഹ്‍ലിയുടെ സിംഹാസത്തിന് ഇളക്കം തട്ടിയിട്ടില്ലെന്നതിന് തെളിവാണ്.

പക്ഷേ പുറത്ത് തകര്‍പ്പന്‍ ഫാന്‍ഫൈറ്റുകള്‍ നടക്കുമ്പോഴും കോഹ്‍ലിയുടെ കടുത്ത ആരാധകനാണ് താനെന്ന് ബാബര്‍ അസം പലതവണ വ്യക്തമാക്കിയിട്ടുണ്ട്. കോഹ്‍ലിയെപ്പോലെ തന്നെ ബാറ്റുകൊണ്ട് മറുപടി പറയാന്‍ മാത്രമല്ല, കളത്തിനു പുറത്ത് നാക്കുകൊണ്ട് മറുപടി പറയാനും ബാബര്‍ മടികാട്ടാറില്ല... ഇംഗ്ലീഷില്‍ അത്ര പ്രാവീണ്യമില്ലെന്ന കാരണം പറഞ്ഞ് ഒളിഞ്ഞും തെളിഞ്ഞും പലരും ബാബര്‍ അസമിനെ കളിയാക്കിക്കൊണ്ടേയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഞാനൊരു ക്രിക്കറ്റ് താരമാണ്, വെള്ളക്കാരനല്ല എന്നായിരുന്നു വിമര്‍ശനങ്ങളെ അടിച്ച് ഗ്യാലറിക്ക് പുറത്തെത്തിച്ച ബാബറിന്‍റെ പ്രതികരണം. അളന്നുകുറിച്ചുള്ള കൃത്യമായ ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്‍റ് കൂടിയായിരുന്നു അത്.

ക്ലാസ് പ്ലെയര്‍

ബാബര്‍ അസമിന്‍റെ ക്ലാസിനെക്കുറിച്ച് പറയുമ്പോള്‍ നെറ്റിചുളിക്കുന്നവര്‍ കറാച്ചിയിലേക്കൊന്ന് തിരിഞ്ഞുനോക്കണം, സിംബാബ്വേ മര്‍ദ്ദകന്‍ എന്ന് വിമര്‍ശകര്‍ വിളിക്കുന്ന അയാളുടെ ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ പിറന്നത് അവിടെവെച്ച് ഓസ്ട്രേലിയക്കെതിരെയാണ്. ഏത് ഫ്ലാറ്റ് ട്രാക്കിലും നാശം വിതയ്ക്കാൻ കെൽപ്പുള്ള പേസും സ്പിന്നും കലര്‍ന്ന വജ്രായുധങ്ങള്‍ നയിക്കുന്ന ബൌളിങ് നിരക്കെതിരെ കരിയര്‍ ബെസ്റ്റായ 196 റണ്‍സാണ് അയാള്‍ അടിച്ചുകൂട്ടിയത്. പരാജയത്തിന്‍റെ പടുകുഴിയില്‍ മുങ്ങിപ്പോകേണ്ടിയിരുന്ന പാക് ടീമിനെ ആ നായകന്‍ സമനിലയുടെ അഭിമാനതീരത്തെത്തിച്ചു.

സ്വിങ്ങും പേസും ഇടകലര്‍ത്തി കമ്മിൻസും സ്റ്റാർക്കും ഒരു പോലെ പാക് ബാറ്റര്‍മാരെ പരീക്ഷിച്ചുകൊണ്ടിരുന്നു. സ്വെപ്സണും നഥാന്‍ ലിയോണും പന്തുകള്‍ കുത്തിത്തിരിച്ചു. പക്ഷേ ആ പന്തുകളെയെല്ലാം തച്ചുതകര്‍ക്കാന്‍ ഉറപ്പുള്ള വടവൃക്ഷമായിരുന്നു ക്രീസിലുണ്ടായിരുന്നത്. ആ കോട്ട തകർക്കാൻ കങ്കാരുക്കളുടെ കയ്യിലുള്ള ആയുധങ്ങൾ പോരാതെ വന്നു. ആദ്യ ഇന്നിങ്ങ്സിൽ സ്വെപ്സന്‍ററെ ഏറ്റവും മികച്ച ഡെലിവെറിയിലാണ് ബാബര്‍ പുറത്താകുന്നത്, 556 എന്ന ഓസ്ട്രേലിയയുടെ കൂറ്റന്‍ സ്കോറിന് മറുപടിയായി പാക് നിരക്ക് നേടാനായത് 148 റണ്‍സ് മാത്രം, വലിയ മാര്‍ജിനില്‍ വിജയം പ്രതീക്ഷ ഓസ്ട്രേലിയക്ക് പക്ഷേ നിരാശരാകേണ്ടിവന്നു. ബാബറിന്‍റെ പടയോട്ടത്തിന് തടയിടാന്‍ സ്വെപ്സനും കഴിഞ്ഞില്ല. ലെങ്തും പിച്ചും മനസ്സിലാക്കി അയാൾ കരുത്തോടെ നിലയുറപ്പിച്ചു.

ഫ്ലിക്ക് ഷോട്ടുകളും കവർ ഡ്രൈവുകളും പുൾ ഷോട്ടുകളുമായ് ബാബര്‍ കളംനിറഞ്ഞു. ഓരോ ബോളിനും ഒരു മത്സരത്തിന്‍റെ തന്നെ വിലയുണ്ടെന്ന് മറ്റാരെക്കോളും നന്നായി ബാബറിന് അറിയാമായിരുന്നു. റിസ്വാന്റെ പിന്തുണകൂടിയായപ്പോൾ ഓസീസിന്‍റെ എല്ലാ വിജയമോഹങ്ങളെയും തച്ചുടച്ച് അയാള്‍ പാകിസ്ഥാന് വിജയത്തിന് തുല്യമായ സമനില സമ്മാനിച്ചു.

ക്ലാസ് കൊണ്ടളക്കുകയാണെങ്കില്‍ മോഡേൺ ഈറയിലെ ഏറ്റവും മികച്ച ബാറ്റര്‍ തന്നെയാണ് ബാബർ. പണ്ട് 2015ല്‍ സംഗാക്കരയും ജയവർദ്ധനയും വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോൾ തകർന്നുപോയ ശ്രീലങ്കന്‍ ക്രിക്കറ്റിനെ കായികലോകം മറക്കാനിടയില്ല. ഒരുപക്ഷേ ബാബറിന്‍റെ ഉദയം സംഭവിച്ചിരുന്നില്ലെങ്കില്‍ പാകിസ്ഥാനും അതേ ദുര്‍ഗതിയില്‍ ക്രിക്കറ്റ് മൈതാനങ്ങളില്‍ കണ്ണീര്‍ പൊഴിക്കേണ്ടി വന്നേനെ...

അസർ അലിയും, ആസാദ് ഷെഫീഖും, അഹമ്മദ് ഷെഹ്‌സാദും, ഷുഹൈബ് മഖ്‌സൂദും അങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട് പാകിസ്താന്‍ ക്രിക്കറ്റില്‍. കഴിഞ്ഞ ദശാബ്ദത്തില്‍ വലിയപ്രതീക്ഷകളോടെ എത്തിയിട്ടും കരിയറിൽ അത്രയൊന്നും ഇമ്പാക്ട് ഉണ്ടാക്കാനാകാതെ പോയ പാക് ബാറ്റര്‍‌മാരുടെ പേരുകളാണത്. പക്ഷേ ഒന്നുറപ്പിച്ചുപറയാം, ആ ലിസ്റ്റിലേക്ക് ബാബർ അസം ഒതുങ്ങിപ്പോകില്ല, പാകിസ്ഥാൻ കണ്ട ഏറ്റവും മികച്ച ബാറ്റര്‍മാരുടെ പട്ടികയിലേക്ക് അയാൾ അതിവേഗം നടന്നു കയറുകയാണ്.

ഒരുപക്ഷേ പത്തിരുപതു വര്‍ഷം മുൻപ് ജനിച്ചിരുന്നുവെങ്കിൽ സച്ചിൻ തെണ്ടുൽക്കറിനും, ബ്രയാന്‍ ലാറക്കും റിക്കി പോണ്ടിങിനും സങ്കക്കാരക്കുമെല്ലാം പകരക്കാരനായി പാകിസ്താന് ബാബര്‍ അസമെന്ന ക്രിക്കറ്ററെ ഉയർത്തിക്കാട്ടാമായിരുന്നു. സയീദ് അൻവറും മുഹമ്മദ് യൂസുഫും യൂനിസ് ഖാനും ഇന്‍സമാമുമെല്ലാം തോറ്റുപോയിടത്തു അയാൾ ഉണ്ടാകുമായിരുന്നു. പാക് ക്രിക്കറ്റില്‍ സ്ഥിരമായി സംഭവിക്കുന്ന പടലപ്പിണക്കങ്ങളിൽപ്പെട്ട് കരിയറിന് തിരശീല വീണില്ലെങ്കില്‍ ഒന്നുറപ്പിക്കാം, ചരിത്രതാളുകളിൽ പല ഇതിഹാസങ്ങള്‍ക്കും മുകളില്‍ ബാബർ അസം തന്‍റെ പട്ടാഭിഷേകത്തിന് കുഴലൂതും.






TAGS :

Next Story