Quantcast

നാൽപത് കടന്ന് 'തല'; സമൂഹമാധ്യമങ്ങളിൽ ആശംസപ്പെയ്ത്ത്

ട്വിറ്ററിൽ സ്ഥിരം തമാശ വിതറുന്ന താരമാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ധോണിയുടെ ഈ വിശേഷദിനത്തിലും ജാഫർ പതിവു തെറ്റിച്ചില്ല. റൺഔട്ടിനു വേണ്ടി പിള്ളേർ വിക്കറ്റ് കീപ്പറുടെ സ്ഥാനത്ത് സ്ലിപ്പ് ഫീൽഡറെ നിര്‍ത്തുമ്പോൾ ഇതിഹാസങ്ങൾ ചുമ്മാ ഗ്ലൗസങ്ങ് ഊരിവയ്ക്കുക മാത്രമേ ചെയ്യൂവെന്നായിരുന്നു ധോണിയെ സൂചിപ്പിച്ചുള്ള കുറിപ്പ്

MediaOne Logo

Web Desk

  • Published:

    7 July 2021 11:16 AM GMT

നാൽപത് കടന്ന് തല; സമൂഹമാധ്യമങ്ങളിൽ ആശംസപ്പെയ്ത്ത്
X

''ക്യാപ്റ്റൻസി ഒരു കലയാണെങ്കിൽ, അതിന്റെ പിക്കാസോ ആണ് ധോണി''

ഏതെങ്കിലും പ്രമുഖന്റെ വാക്കൊന്നുമല്ലയിത്. നാൽപത് പിന്നിടുന്ന ഇന്ത്യയുടെ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണിക്ക് ഇന്ന് സമൂഹമാധ്യമങ്ങളിൽ പ്രവഹിച്ചുകൊണ്ടിരിക്കുന്ന ജന്മദിന സന്ദേശങ്ങളിലൊന്നുമാത്രം. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ മുതൽ, എംഎസ് ധോണിയെന്ന ഇതിഹാസത്തെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന സാധാരണക്കാരായ ലക്ഷക്കണക്കിന് ആരാധകര്‍ വരെ പ്രിയപ്പെട്ട 'മഹി'യുടെയും തങ്കപ്പെട്ട 'തല'യുടെയും ജന്മദിന സന്തോഷത്തിന്‍റെ ഭാഗമാകുകയാണ്. വിഡിയോ സന്ദേശങ്ങളായും സോഷ്യല്‍ മീഡിയ കുറിപ്പുകളായും ഐസിസിയും ബിസിസിഐയും സിഎസ്‌കെ അടങ്ങുന്ന മുഴുവൻ ഐപിഎൽ ഫ്രാഞ്ചൈസികളും മുതൽ മുൻതാരങ്ങളും യുവതാരങ്ങളുമെല്ലാം ധോണിക്ക് പെരുന്നാൾ സന്തോഷങ്ങൾ നേരാന്‍ മത്സരിക്കുകയാണ്.

കളത്തിലും കളത്തിനു പുറത്തും ധോണിയുടെ വിശ്വസ്ത കൂട്ടുകാരനായ സുരേഷ് റൈനയുടെ ട്വീറ്റ് തന്നെയാണ് ഈ വിശേഷദിനത്തിലെ ഏറ്റവും വികാരാർദ്രമായ കുറിപ്പുകളിലൊന്ന്. ''താങ്കളൊരു സുഹൃത്തും സഹോദരനും ഉപദേശകനുമാണെനിക്ക്. ഇതിൽപരം ഒരാൾക്ക് മറ്റെന്തു ചോദിക്കാനാകും. നല്ല ആരോഗ്യവും ദീർഘായുസും കൊണ്ട് ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ. ഐക്കൺ താരമായതിനും മഹാനായ നേതാവായതിനും നന്ദി'' എന്നായിരുന്നു റൈനയുടെ ആശംസ.

ട്വിറ്ററിൽ സ്ഥിരം തമാശ വിതറുന്ന താരമാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ധോണിയുടെ ഈ വിശേഷദിനത്തിലും ജാഫർ പതിവു തെറ്റിച്ചില്ല. റൺഔട്ടിനു വേണ്ടി പിള്ളേർ വിക്കറ്റ് കീപ്പറുടെ സ്ഥാനത്ത് സ്ലിപ്പ് ഫീൽഡറെ വയ്ക്കുമ്പോൾ ഇതിഹാസങ്ങൾ ചുമ്മാ ഗ്ലൗസങ്ങ് ഊരിവയ്ക്കുക മാത്രമേ ചെയ്യൂവെന്നായിരുന്നു കുറിപ്പ്. 2016 ലോകകപ്പിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നടന്ന നാടകീയമായ മത്സരത്തിൽ അവസാന പന്തിൽ ധോണി ഗ്ലൗസ് ഊരി റണ്ണൗട്ടിന് തയാറായി നിൽക്കുന്ന ചിത്രമാണ് ഇതിനൊപ്പം ജാഫർ വച്ചിരുന്നത്. കൂടെ ഓസ്‌ട്രേലിയൻ ഇതിഹാസം ഇയാൻ ഹീലിയുടെ അവസാന ടെസ്റ്റ് മത്സരത്തിന്റെ ചിത്രവും ചേർത്തിരിക്കുന്നു. 1999 ഒക്ടോബറിൽ സിംബാബ്‌വെയ്‌ക്കെതിരായിരുന്നു ഓസ്‌ട്രേലിയയുടെ മത്സരം.

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ധോണിയുടെ സ്ഥാനം അടയാളപ്പെടുത്തുന്നതായിരുന്നു മുൻ താരം മുഹമ്മദ് കൈഫിന്റെ ട്വീറ്റ്: ''എങ്ങനെ കളി ജയിക്കാമെന്ന് ദാദ(സൗരവ് ഗാംഗുലി) ഞങ്ങൾ യുവാക്കളെ പഠിപ്പിച്ചു. ധോണി ജയം ശീലമാക്കുകയും ചെയ്തു. രണ്ട് കാലഘട്ടങ്ങളിൽനിന്നുള്ള ഈ രണ്ട് മഹാന്മാരായ നായകന്മാർ അടുത്തടുത്ത ദിവസങ്ങളിലാണ് ജന്മമെടുത്തത്. ഇന്ത്യൻ ക്രിക്കറ്റിനെ രൂപപ്പെടുത്തിയ മനുഷ്യർക്ക് ജന്മദിന സന്തോഷങ്ങൾ.'' ജൂലൈ എട്ടിനാണ് ഗാംഗുലിയുടെ ജന്മദിനം. ദാദയ്ക്ക് മുന്‍കൂര്‍ ആശംസ നേരുകയായിരുന്നു കൈഫ്.

ഇന്ത്യയുടെ മുൻ വെടിക്കെട്ട് താരം വിരേന്ദര് സെവാഗും സ്വതസിദ്ധമായ ശൈലിയിൽ പുരാണങ്ങളിൽനിന്ന് കടമെടുത്ത് മഹേന്ദ്ര സിങ് ധോണിക്ക് ആശംസ നേർന്നു. മഹേന്ദ്ര എന്നു പറഞ്ഞാൽ ആകാശദേവൻ എന്നാണർത്ഥം. കൂറ്റൻ ഷോട്ടുകളിലൂടെ ആകാശത്തെ സന്തോഷിപ്പിച്ചയാളാണ് ധോണി. എണ്ണമറ്റ മനുഷ്യരുടെ സ്‌നേഹം സ്വന്തമാക്കി ഭൂമിയെയും അദ്ദേഹം സന്തോഷിപ്പിച്ചു. ഒരു തലമുറയിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന താരമെന്നായിരുന്നു വീരു പ്രശംസ ചൊരിഞ്ഞത്.

സുഹൃത്തും നായകനും കൂട്ടുകാരനുമെന്നായിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ കുറിപ്പ്. വിവിഎസ് ലക്ഷ്മൺ, രമേശ് പവാർ തുടങ്ങിയ മുൻതാരങ്ങളും വിരാട് കോഹ്ലി, രവിചന്ദ്ര അശ്വിൻ, ഇശാന്ത് ശർമ, അജിങ്ക്യ രഹാനെ, ഹർദിക് പാണ്ഡ്യ, ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ദിനേശ് കാർത്തിക്ക് അടക്കമുള്ള നിലവിലെ താരങ്ങളും ആശംസകളർപ്പിച്ചു. സ്റ്റീവ് സ്മിത്ത്, ഡെവിഡ് വാർണർ, സാം കറൻ, ഇമ്രാൻ താഹിർ അടക്കമുള്ള വിദേശതാരങ്ങളും ജന്മദിന ആഘോഷത്തിൽ പങ്കുചേർന്നിട്ടുണ്ട്.

TAGS :

Next Story