Quantcast

പന്തുചുരണ്ടുന്നത് ബൗളർമാരും അറിഞ്ഞിരുന്നുവെന്ന് ബാൻക്രോഫ്റ്റിന്റെ വെളിപ്പെടുത്തൽ; ഓസീസ് ക്രിക്കറ്റിൽ ഇനി ആർക്കൊക്കെ പണികിട്ടും?

പന്തിൽ കൃത്രിമം കാട്ടിയ സംഭവത്തിൽ പുനരന്വേഷണം നടത്തുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ

MediaOne Logo

Web Desk

  • Published:

    15 May 2021 4:15 PM GMT

പന്തുചുരണ്ടുന്നത് ബൗളർമാരും അറിഞ്ഞിരുന്നുവെന്ന് ബാൻക്രോഫ്റ്റിന്റെ വെളിപ്പെടുത്തൽ; ഓസീസ് ക്രിക്കറ്റിൽ ഇനി ആർക്കൊക്കെ പണികിട്ടും?
X

ഏറെ കോളിളക്കം സൃഷ്ടിച്ച പന്തുചുരണ്ടൽ വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ താരം കാമറൺ ബാൻക്രോഫ്റ്റ്. പന്തുചുരണ്ടലിനെക്കുറിച്ച് മറ്റു താരങ്ങൾക്കും അറിയാമായിരുന്നുവെന്നാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ മുൻ നായകൻ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റനായിരുന്ന ഡെവിഡ് വാർണർ എന്നിവർക്കൊപ്പം ബാൻക്രോഫ്റ്റും വിലക്ക് നേരിട്ടിരുന്നു. പുതിയ വെളിപ്പടുത്തലോടെ പന്തുചുരണ്ടൽ വിവാദം പുനരന്വേഷണം നടത്തുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രതികരിച്ചിട്ടുണ്ട്.

ഗാർഡിയന് നൽകിയ അഭിമുഖത്തിലാണ് താരം വിവാദത്തെക്കുറിച്ചുള്ള കൂടുതൽ വിശദീകരണം നൽകിയിരിക്കുന്നത്. 'നോക്കൂ, എന്റെ പ്രവൃത്തികളുടെ വ്യക്തമായ ഉത്തരവാദിത്തം എനിക്കുണ്ട്. ഞാൻ ചെയ്തത് ബൗളർമാർക്ക് ഉപകാരപ്പെടുന്നതാണെന്നു വ്യക്തമാണ്. സംഭവത്തെക്കുറിച്ച് പൊതുവെ അറിവുണ്ടായിരുന്നുവെന്ന കാര്യം ഇതിൽനിന്നു വ്യക്തമാണ് '- അഭിമുഖത്തിൽ ബാൻക്രോഫ്റ്റ് സമ്മതിച്ചു. ബൗളർമാർക്ക് അറിവുണ്ടായിരുന്നു എന്നാണോ പറയുന്നതെന്ന് ചോദ്യകർത്താവ് ചോദിച്ചപ്പോൾ, 'അതെ, ആ പറഞ്ഞതിൽനിന്നു തന്നെ കാര്യം വ്യക്തമാണെന്നു കരുതുന്നു' എന്നായിരുന്നു താരത്തിന്റെ മറുപടി. ബാൻക്രോഫ്റ്റിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അടച്ചുവച്ച അന്വേഷണം വീണ്ടും തുറക്കുമെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഭരണസമിതി ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്.

2018ൽ ഓസ്‌ട്രേലിയയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലായിരുന്നു ഓസീസ് ക്രിക്കറ്റിന് ഏറെ നാണക്കേടായ പന്തുചുരണ്ടൽ സംഭവം നടന്നത്. കേപ്ടൗണിൽ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ കാമറൺ ബാൻക്രോഫ്റ്റ് സാൻഡ് പേപ്പർ കൊണ്ട് പന്തുചുരണ്ടുകയായിരുന്നു. മത്സരം തങ്ങൾക്ക് അനുകൂലമാക്കാനായായിരുന്നു കൃത്യം. സംഭവം അംപയറുടെ ശ്രദ്ധയിൽപെടുകയും ബാൻക്രോഫ്റ്റിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുമുണ്ടായി. ഇതിൽ താരം കുറ്റം സമ്മതിക്കുകയും ചെയ്തു.

ഇതിനു പിന്നാലെ സംഭവത്തിൽ മറ്റു താരങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞ് നായകൻ സ്റ്റീവ് സ്മിത്തും രംഗത്തെത്തിയതോടെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിശദമായ അന്വേഷണം നടത്തിയത്. തുടർന്ന് സ്മിത്തിനും വാർണറിനും ഒരു വർഷവും ബാൻക്രോഫ്റ്റിന് ഒൻപതു മാസവും വിലക്കേർപ്പെടുത്തുകയും ചെയ്തു.

TAGS :

Next Story