Quantcast

സിമിയോണിയുടെ മധുര പ്രതികാരം; കോപ്പ ഡെല്‍ റേയില്‍ നിന്ന് റയല്‍ പുറത്ത്

രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് അത്ലറ്റിക്കോ റയലിനെ തകര്‍ത്തത്

MediaOne Logo

Web Desk

  • Updated:

    2024-01-19 05:46:55.0

Published:

19 Jan 2024 5:44 AM GMT

സിമിയോണിയുടെ മധുര പ്രതികാരം; കോപ്പ ഡെല്‍ റേയില്‍ നിന്ന് റയല്‍ പുറത്ത്
X

മാഡ്രിഡ്: ഇത് അത്‌ലറ്റിക്കോ കോച്ച് ഡിയഗോ സിമിയോണിയുടെ മധുരപ്രതികാരമാണ്. സമീപ കാലത്ത് നടന്ന ഡെർബി പോരാട്ടങ്ങളിലെല്ലാമേറ്റ കനത്ത തിരിച്ചടികൾക്കുള്ള മധുരപ്രതികാരം. കോപ്പ ഡെൽ റേയിൽ നിന്ന് ക്വാർട്ടർ പോലും കാണിക്കാതെ റയലിനെ പുറത്തേക്ക് പറഞ്ഞയക്കുമ്പോൾ സിമിയോണിയുടെ ആവേശത്തിന് അതിരുകളില്ലായിരുന്നു. മൈതാനത്ത് അയാളൊരു ഉന്മാദിയെ പോലെ ഓടി നടന്നു.

കോപ്പ ഡെൽ റേ പ്രീ ക്വാർട്ടർ പോരാട്ടത്തിന് മുമ്പ് തന്നെ ഇരു ടീമുകളുടേയും പരിശീലകർ തമ്മിൽ വാക്കേറ്റമാരംഭിച്ചിരുന്നു. സൂപ്പർ കോപ്പ സെമിയിലേറ്റ തോൽവിക്ക് പ്രതികാരം തീർക്കാനൊന്നുമല്ല കോപ്പ ഡെൽറേക്കിറങ്ങുന്നത് എന്ന് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച സിമിയോണി പ്രീ ക്വാർട്ടർ പോരാട്ടത്തിന് തൊട്ട് മുമ്പ് പറഞ്ഞൊരു വാചകം കളിയുടെ ചൂടേറ്റി. സൂപ്പർ കോപ്പ ചാമ്പ്യന്മാരായ റയലിന് ഗാർഡ് ഓഫ് ഓർണർ നൽകില്ലെന്നായിരുന്നു സിമിയോണിയുടെ പ്രഖ്യാപനം. ഉടൻ തന്നെ റയൽ കോച്ച് കാർലോ ആൻസലോട്ടിയുടെ മറുപടിയുമെത്തി. അത്‌ലറ്റിക്കോയുടെ ഗാർഡ് ഓഫ് ഓർണറിന് വേണ്ടിയല്ല ഞങ്ങൾ മൈതാനത്തിറങ്ങുന്നത് എന്നായിരുന്നു മറുപടി. ഇതോടെ മത്സരത്തിന് മുമ്പേ ആരാധകർക്കിടയിൽ വാഗ്വാദങ്ങള്‍ ആരംഭിച്ചു.

അത്‌ലറ്റിക്കോയുടെ സ്‌റ്റേഡിയമായ മെട്രോപൊളിറ്റാനോയിൽ അരങ്ങേറിയ പോരാട്ടത്തിൽ തുടക്കം മുതൽ തന്നെ ഇരുടീമുകളും കളംനിറഞ്ഞു കളിക്കുന്ന കാഴ്ചയാണ് ആരാധകർ കണ്ടത്. മത്സരത്തിന്റെ 11ാം മിനിറ്റിൽ റയൽ സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാം നടത്തിയൊരു തകർപ്പൻ ഗോൾ ശ്രമത്തിന് മുന്നില്‍ ക്രോസ് ബാർ വില്ലനായി. പിന്നീടുള്ള റയലിന്റെ ഗോൾ ശ്രമങ്ങൾ പലതിനും മുന്നിൽ ജാൻ ഒബ്ലാക്ക് കോട്ട കെട്ടി.

മത്സരത്തിന്റെ 39ാം മിനിറ്റിൽ സാമുവൽ ലിനോയിലൂടെ അത്‌ലറ്റിക്കോയാണ് ആദ്യം മുന്നിലെത്തിയത്. റയൽ ഡിഫന്റർ അന്റോണിയോ റുഡിഗർ ക്ലിയർ ചെയ്യാൻ ശ്രമിച്ച പന്ത് ഇടതുവിങ്ങിലൂടെ ഗോൾമുഖത്തേക്ക് കുതിച്ചു കയറിയ ലിനോയുടെ കാലുകളിലേക്ക്. ലിനോ പന്ത് വലയിലാക്കി.

ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കേ ഒബ്ലാക്കിന്റെ ഔൺ ഗോളിലൂടെ റയൽ മത്സരത്തിലേക്ക് തിരിച്ചെത്തി. അത്‌ലറ്റിക്കോ ബോക്‌സിലേക്ക് പറന്നെത്തിയ മോഡ്രിച്ചിന്റെ ഫ്രീകിക്ക് മുന്നിലേക്ക് കയറി തട്ടിയകറ്റാനുള്ള ഒബ്ലാക്കിന്റെ ശ്രമം ഗോളിൽ കലാശിക്കുകയായിരുന്നു. മത്സരത്തിന്റെ 57ാം മിനിറ്റിൽ അത്‌ലറ്റിക്കോ വീണ്ടും ലീഡെടുത്തു. ഇക്കുറി റയൽ ഗോൾകീപ്പറുടെ പിഴവ് മുതലെടുത്ത് അൽവാരോ മൊറാട്ടയാണ് വലകുലുക്കിയത്.

മത്സരം അവസാന മിനിറ്റുകളിലേക്ക് കടക്കവേ തിരിച്ചു വരവിന്റെ തമ്പുരാക്കന്മാരായ റയൽ സമനില പിടിച്ചു. 82ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ അളന്നു മുറിച്ചൊരു പാസിൽ നിന്ന് മനോഹരമായൊരു ഹെഡ്ഡറിലൂടെ ഹൊസേലുവാണ് റയലിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നത്. ഇതോടെ സൂപ്പർ കോപ്പ സെമി ആവർത്തിക്കുകയാണെന്ന് ആരാധകരുടെ മനസ്സ് മന്ത്രിച്ചു.

മുഴുവൻ സമയം പിന്നിട്ട കളി എക്‌സ്ട്രാ ടൈമിലേക്ക് കടന്നു. പക്ഷേ റയലിനെ ഞെട്ടിച്ച് ഇക്കുറി എക്‌സ്ട്രാ ടൈമിൽ അത്‌ലറ്റിക്കോ കളംനിറയുന്ന കാഴ്ചയാണ് മെട്രോ പൊളിറ്റാനോയിൽ കണ്ടത്. കളിയുടെ നൂറാം മിനിറ്റിൽ അന്റോയിൻ ഗ്രീസ്മാനിലൂടെ അത്‌ലറ്റിക്കോ കളിയിലേക്ക് മടങ്ങിയെത്തി. വലതുവിങ്ങിലൂടെ പന്തുമായി കുതിച്ചെത്തി റയൽ താരങ്ങളെ കബളിപ്പിച്ച് പെനാൽട്ടി ബോക്‌സിലേക്ക് കടന്ന ഗ്രീസ്മാന്റെ തകർപ്പൻ ഫിനിഷ്. ഗോൾമടക്കാനുള്ള റയലിന്റെ ശ്രമങ്ങൾ കളിയെ ചൂടുപിടിപ്പിച്ചു. അതിനിടെ 119ാം മിനിറ്റിൽ റോഡ്രിഗോ റിക്വൽമിയിലൂടെ അത്‌ലറ്റിക്കോ റയലിന്റെ പെട്ടിയിലെ അവസാന ആണി അടിച്ചു. ഇതോടെ കോപ്പ ഡെല്‍ റേയിലെ നിലവിലെ ചാമ്പ്യന്മാരായ റയല്‍ ക്വാര്‍ട്ടര്‍ പോലും കാണാതെ പുറത്തായി.

കഴിഞ്ഞയാഴ്ച അരങ്ങേറിയ സൂപ്പര്‍ കോപ്പ സെമിയില്‍ മനോഹരമായൊരു കംബാക്കിലൂടെ അത്ലറ്റിക്കോയെ റയല്‍ തറപറ്റിച്ചിരുന്നു. പിന്നീട് കലാശപ്പോരില്‍ കരുത്തരായ ബാഴ്സയേയും തകര്‍ത്തെറിഞ്ഞ് കിരീടം ചൂടി. ഈ ഊര്‍ജവുമായെത്തിയ റയലിനെയാണ് അത്ലറ്റിക്കോ ഞെട്ടിക്കുന്നൊരു തോല്‍വിയിലേക്ക് തള്ളിയിട്ടത്.

TAGS :

Next Story