Quantcast

'ഗില്ലിനെ പോലെ ഒരു താരം മുംബൈയ്ക്കായും ബാറ്റ് ചെയ്യണമായിരുന്നു'; രോഹിത് ശർമ

മുംബൈ ഇന്ത്യൻസ് വിജയിക്കാൻ വേണ്ടിയുള്ള കളി കാഴ്ച വച്ചില്ലെന്ന് രോഹിത് പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-05-27 13:38:19.0

Published:

27 May 2023 12:18 PM GMT

A player like Gill should have batted for Mumbai Says Rohit Sharma
X

അഹമ്മദാബാദ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടന്ന ഐപിഎൽ രണ്ടാം ക്വാളിഫെയർ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് 62 റൺസിന്റെ തോൽവിയേറ്റുവാങ്ങിയാണ് മുംബൈ പുറത്തായത്. ശുഭ്മാൻ ഗില്ലിന്റെ തീപ്പൊരി ബാറ്റിങ്ങായിരുന്നു ഗുജറാത്തിന്റെ വിജയം ആധികാരികമാക്കിയത്. പിന്നാലെ ഗില്ലിനെ പുകഴ്ത്തിയും തങ്ങളുടെ പോരായ്മ ചൂണ്ടിക്കാട്ടിയും രംഗത്തെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ.

മുംബൈ ഇന്ത്യൻസ് വിജയിക്കാൻ വേണ്ടിയുള്ള കളി കാഴ്ച വച്ചില്ലെന്ന് രോഹിത് പറഞ്ഞു. 'ബാറ്റ് ചെയ്യാൻ അനുയോജ്യമായ പിച്ചായിരുന്നു. എന്നാൽ ഗിൽ ഗുജറാത്തിനായി ബാറ്റ് ചെയ്തതു പോലെ ദീർഘനേരം ബാറ്റു ചെയ്യാനും റണ്ണെടുക്കാനും ഞങ്ങളുടെ ടീമിലെ ആർക്കും സാധിച്ചില്ല. ഗില്ലിനെ പോലെ ആരെങ്കിലും ഞങ്ങൾക്കായും ബാറ്റ് ചെയ്യണമായിരുന്നു'- രോഹിത് വ്യക്തമാക്കി.

'ഗിൽ നന്നായി ബാറ്റ് ചെയ്തു. അദ്ദേഹം ഈ ഫോം ഇന്ത്യൻ ടീമിനായും തുടരണം എന്നാണ് ആഗ്രഹം. ഞങ്ങളുടെ ടീമിൽ സൂര്യകുമാറും ഗ്രീനും നന്നായി ബാറ്റ് ചെയ്തു. എന്നാൽ അത് തുടരാനായില്ല'- മുംബൈ ക്യാപ്റ്റൻ ചൂണ്ടിക്കാട്ടി.

'ഈ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ ബാറ്റിങ് നല്ലതായിരുന്നു. ചില യുവ താരങ്ങൾ വളർന്നുവരുന്നത് കാണാനുമായി. ബൗളിങ്ങിൽ മികവ് കാണിക്കാൻ ഞങ്ങൾക്ക് ആയില്ല. ഞങ്ങൾക്ക് മാത്രമല്ല, ഈ ഐപിഎല്ലിൽ എല്ലാവർക്കും ബൗളിങ് പ്രയാസമായിരുന്നു'- രോഹിത് കൂട്ടിച്ചേർത്തു.

​ഗുജറാത്ത് ഓപണർ ശുഭ്മാൻ ഗില്ലായിരുന്നു മുംബൈ ഇന്ത്യൻസിന്റെ ഫൈനൽ പ്രതീക്ഷകൾ തല്ലിക്കെടുത്തിയത്. മുംബൈ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഗിൽ 60 പന്തിൽ 129 റൺസാണ് അടിച്ചുകൂട്ടിയത്. ഈ സണിലുടനീളം മിന്നും ഫോമിലാണ് ​ഗിൽ. ഗില്ലിന്റെ ഈ ഫോമിൽ തന്നെയാണ് രോഹിത് ശർമയും കണ്ണുവെക്കുന്നത്. ഗിൽ ഫോം തുടരട്ടെ എന്ന ആഗ്രഹം അദ്ദേഹം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

TAGS :

Next Story