ഫിറ്റാണെന്നത് അറിയിക്കേണ്ടത് തന്റെ ജോലിയല്ലെന്ന് ഷമി, ഫിറ്റാണെങ്കിൽ ടീമിലുണ്ടാകുമായിരുന്നെന്ന് അഗർക്കർ

ന്യൂഡൽഹി: ആസ്ട്രേലിയൻ പര്യടനത്തിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചുള്ള പേസ് ബൗളർ മുഹമ്മദ് ഷമിയുടെ പ്രതികരണത്തിൽ വിശദീകരണവുമായി ചീഫ് സെലക്ടർ അജിത് അഗർക്കർ. ഷമിയെ ഓസീസ് പര്യടനത്തിനുള്ള ഏകദിന, ട്വന്റി 20 ടീമുകളിൽ ഉൾപ്പെടുത്തിയിരുന്നില്ല.
ടീമിൽ നിന്ന് ഒഴിവാക്കിയതിനെ ഷമി പരോക്ഷമായി ചോദ്യം ചെയ്തിരുന്നു. ഫിറ്റാണെന്ന് തെളിയിക്കാൻ രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിച്ചത് ചൂണ്ടിക്കാട്ടിയ താരം സെലക്ഷൻ പാനലിനെ ഫിറ്റ്നസ് വിവരങ്ങൾ അറിയിക്കേണ്ടത് തന്റെ ജോലിയല്ലെന്നും തുറന്നടിച്ചിരുന്നു.
ഇതിന് മറുപടിയായി അഗർക്കർ പറഞ്ഞതിങ്ങനെ:‘‘അദ്ദേഹം പറഞ്ഞത് എന്നോടാണെങ്കിൽ ഞാനതിന് മറുപടി പറയുമായിരുന്നു. അദ്ദേഹം സോഷ്യൽ മീഡിയയിൽ പറഞ്ഞത് എന്താണെന്ന് എനിക്കറിയില്ല. അദ്ദേഹവുമായി പോയ കുറച്ച് മാസങ്ങളായി ചാറ്റ് ചെയ്യുന്നുണ്ട്’’
"ഷമി ഫിറ്റാണെങ്കിൽ തീർച്ചയായും അദ്ദേഹം ടീമിൽ ഉണ്ടാകുമായിരുന്നു. അദ്ദേഹം ഇന്ത്യക്കായി അവിശ്വസനീയ പ്രകടനങ്ങൾ കാഴ്ചവെച്ചയാളാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാൻ അദ്ദേഹവുമായി പലതവണ സംസാരിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുമ്പും ഞങ്ങൾ ഇത് പറഞ്ഞിരുന്നു, അദ്ദേഹം ഫിറ്റ് ആയിരുന്നെങ്കിൽ തീർച്ചയായും ആസ്ട്രേലിയയിലേക്കുള്ള വിമാനത്തിൽ ഉണ്ടാകുമായിരുന്നു. നിർഭാഗ്യവശാൽ അദ്ദേഹത്തിന് അതിന് കഴിഞ്ഞില്ല."
പരിക്കും ശസ്ത്രക്രിയകളും കാരണം ഷമിക്ക് സമീപ വർഷങ്ങളിൽ പലപ്പോഴും ടീമിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നിട്ടുണ്ട്. ഈ വിഷയത്തിൽ ഷമിയുമായി നേരിട്ട് സംസാരിക്കാൻ തന്റെ ഫോൺ എപ്പോഴും ഓണായിരിക്കുമെന്നും അജിത് അഗർക്കർ കൂട്ടിച്ചേർത്തു.
Adjust Story Font
16

