'മൂന്ന് വ്യത്യസ്ത നായകന്മാർ ടീമിനെ നയിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്, ഗിൽ മികച്ചൊരു നായകനാണ്' ; അജിത് അഗാർക്കർ

മുംബൈ : വരാനിരിക്കുന്ന ആസ്‌ട്രേലിയ പര്യടനത്തിനുള്ള ഏകദിന ടീമിന്റെ നായക സ്ഥാനം ശുഭ്മാൻ ഗില്ലിന് നൽകിയതിനോട് പ്രതികരിച്ച് മുഖ്യ സെലെക്ടർ അജിത് അഗാർക്കർ. മൂന്ന് വ്യത്യസ്ത ഫോർമാറ്റുകളിൽ മൂന്ന് നായകന്മാർക്ക് കീഴിൽ ടീമിനെ അണിനിരത്തുക എന്നത് ദുഷ്ക്കരമാണെന്ന് അഗാർക്കർ അറിയിച്ചു. നിലവിൽ ടി20 ഫോർമാറ്റിൽ സൂര്യകുമാർ യാദവും ടെസ്റ്റിൽ ഗില്ലുമാണ് ഇന്ത്യൻ നായകന്മാർ.
ഒക്ടോബർ 19 ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരക്കുള്ള ടീമിനെ ഇന്ന് ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരെ പരിഗണിച്ചപ്പോൾ രവീന്ദ്ര ജഡേജ ടീമിൽ ഇടം പിടിച്ചില്ല. ശ്രേയസ് അയ്യരാണ് ഉപനായകൻ. വരാനിരിക്കുന്ന 2027 ക്രിക്കറ്റ് ലോകകപ്പ് ടീമിൽ വിരാട് കോഹ്‌ലിയും രോഹിത് ശർമയും ഇടം പിടിക്കുമോ എന്നതിനെ പറ്റി പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
'ഗിൽ വളരെ മികച്ച യുവതാരമാണ്, ഇംഗ്ലണ്ടിലെ സമ്മർദ്ദമേറിയ ആ പരമ്പരയിൽ പോലും അദ്ദേഹം എങ്ങനെ കളിച്ചു എന്നത് വളരെ വലിയ കാര്യമാണ്. അദ്ദേഹത്തിന്റെ ഏകദിന റെക്കോർഡുകളും മികച്ചതാണ്' അഗർക്കാർ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ഇന്ത്യൻ നായക സ്ഥാനം ഏറ്റെടുത്ത ഗിൽ, പരമ്പര സമനിലയാക്കിയാണ് വരവറിയിച്ചത്.
Adjust Story Font
16

