'നിങ്ങൾക്ക് വാചകമടിക്കാനേ അറിയൂ...ജയിക്കാനറിയില്ല'; പാകിസ്താന് മറുപടിയുമായി ഗില്ലും അഭിഷേകും
ബുധനാഴ്ച ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം

ദുബൈ: ഏഷ്യാകപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യ ആറ് വിക്കറ്റ് ജയം സ്വന്തമാക്കിയെങ്കിലും അലയൊലികൾ അവസാനിക്കുന്നില്ല. ഓപ്പണർമാരായ അഭിഷേക് ശർമയുടേയും ശുഭ്മാൻ ഗില്ലിന്റേയും മികവിലാണ് പാക് വിജയലക്ഷ്യമായ 172 റൺസ് ഇന്ത്യ അനായാസം മറികടന്നത്. മത്സരത്തിനിടെ ഇന്ത്യൻ താരങ്ങളോട് പാകിസ്താൻ പേസർമാരായ ഷഹിൻഷാ അഫ്രിദിയും ഹാരിസ് റഊഫും കയർക്കുകയും ചെയ്തിരുന്നു.
You talk, we win 🇮🇳 pic.twitter.com/iMOe9vOuuW
— Abhishek Sharma (@OfficialAbhi04) September 21, 2025
ഇന്ത്യയുടെ ജയത്തിന് പിന്നാലെ പാക് ടീമിന് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗില്ലും അഭിഷേകുമിപ്പോൾ. ' മത്സരം സംസാരിക്കും. വാക്കുകകളല്ല' എന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ ഗില്ലിന്റെ പോസ്റ്റ്. ഇന്ത്യൻ ടീമിന്റെ വിജയ ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു ഉപനായകന്റെ കമന്റ്. അഭിഷേക് ശർമയും സമാനമായ രീതിയിലാണ് പ്രതികരിച്ചത്. 'നിങ്ങൾ വാചകമടിക്കും.. ഞങ്ങൾ ജയിക്കും' - ഇന്ത്യൻ ഓപ്പണർ പോസ്റ്റ് ചെയ്തത് ഇങ്ങനെയായിരുന്നു.
മത്സരത്തിൽ അർധ സെഞ്ച്വറി നേടിയ പാക് ഓപ്പണർ സാഹിബ്‌സദ ഫർഹാൻ ഗൺ ഫയറിങ് സെലിബ്രേഷൻ നടത്തിയത് വിവാദമായിരുന്നു. ഗ്യാലറിയിലേക്ക് വെടിയുതിർക്കുന്ന വിധത്തിൽ ബാറ്റിനെ തോക്കാക്കിയായിരുന്നു സെലിബ്രേഷൻ. ഇന്ത്യ-പാക് മത്സരത്തെ വലിയ പോരാട്ടമായി കാണുന്നില്ലെന്നായിരുന്നു മത്സരശേഷം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാറിന്റെ മറുപടി. ഇന്ത്യക്കെതിരെ തുടരെ പരാജയപ്പെടുന്ന പാക് ടീമിനെതിരായത് ഒരു മത്സരമായി കാണുന്നില്ലെന്നും താരം പറഞ്ഞു.
Adjust Story Font
16

