ഏഷ്യാകപ്പിൽ ഇനിയും വരുമോ ഇന്ത്യ-പാകിസ്താൻ മത്സരം; സാധ്യതകൾ ഇങ്ങനെ
നാളെ നടക്കുന്ന പാകിസ്താൻ-ശ്രീലങ്ക മത്സരം ഇതോടെ നിർണായകമായി.

ദുബായ്: ഏഷ്യാകപ്പിൽ മൂന്നാമതും ഇന്ത്യ-പാകിസ്താൻ മത്സരമുണ്ടാകുമോ. നിലവിൽ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലുമാണ് ഇരുടീമുകളും നേർക്കുനേർ വന്നത്. രണ്ടിലും ആധികാരികമായി ഇന്ത്യ വിജയവും സ്വന്തമാക്കി. ഇനി ഇരുടീമുകളും ഒരിക്കൽക്കൂടി നേർക്കുനേർ വരാനുള്ള സാധ്യത ഫൈനലിൽ മാത്രമാണ്. അത് അത്ര എളുപ്പമായിരിക്കില്ല. ഇന്ത്യക്കും പാകിസ്താനും പുറമെ ശ്രീലങ്കയും ബംഗ്ലാദേശുമാണ് സൂപ്പർ ഫോറിലെ മറ്റു ടീമുകൾ.
നാളെ നടക്കുന്ന ശ്രീലങ്ക-പാകിസ്താൻ മത്സരം ഇതോടെ നിർണായകമായി. അബുദാബി ഷെയ്ഖ് സായിദ് സ്‌റ്റേഡിയത്തിൽ ശ്രീലങ്കക്കെതിരെ നടക്കുന്ന മത്സരം പാകിസ്താനെ സംബന്ധിച്ച് നിർണായകമാണ്. സൂപ്പർ ഫോറിൽ നിലവിൽ രണ്ട് പോയൻറ് വീതമുള്ള ഇന്ത്യയും ബംഗ്ലാദേശുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. +0.689 നെറ്റ് റൺറേറ്റുള്ള ഇന്ത്യ ഒന്നാമതും +0.121 നെറ്റ് റൺറേറ്റുള്ള ബംഗ്ലാദേശ് രണ്ടാമതുമാണ്. ബംഗ്ലാദേശിനെതിരായ ആദ്യ മത്സരം തോറ്റ ശ്രീലങ്ക-0.121 നെറ്റ് റൺ റേറ്റുമായി മൂന്നാത് നിൽക്കുന്നു.
ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്താന്റെ നെറ്റ് റൺറേറ്റ് -0.689 ആണ്. ഏറ്റവും അവസാന സ്ഥാനത്ത്. ആദ്യ മാച്ച് തോറ്റ ശ്രീലങ്കക്കും പാകിസ്താനും ടൂർണമെന്റിൽ മുന്നേറാൻ നാളെ ജയം അനിവാര്യമാണ്. വീണ്ടുമൊരു ഇന്ത്യ-പാക് മത്സരമുണ്ടാകുമോയെന്ന കാര്യത്തിൽ തീരുമാനമാകുകയും നാളെത്തെ മത്സരത്തോടെയാകും. അവസാന മത്സരത്തിൽ ബംഗ്ലാദേശാണ് പാകിസ്താന്റെ എതിരാളികൾ.
അതേസമയം, ബുധനാഴ്ച ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യക്ക് ജയിച്ചാൽ ശ്രീലങ്കയുമായുള്ള അവസാന മത്സരത്തിന് മുൻപ്തന്നെ ഫൈനൽ ബെർത്ത് ഉറപ്പിക്കാം.
Adjust Story Font
16

