Quantcast

ഏഷ്യൻ ഗെയിംസിലും 'നഖ്‌വി' പ്രതിസന്ധി; പാക് ബോർഡ് ചെയർമാനിൽ നിന്ന് മെഡൽ സ്വീകരിക്കുമോ ഇന്ത്യ?

നേരത്തെ പുരുഷ-വനിതാ ഏഷ്യാകപ്പ് ചാമ്പ്യൻമാരായ ഇന്ത്യ നഖ്‌വിയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങാൻ വിസമ്മതിച്ചിരുന്നു.

MediaOne Logo

Sports Desk

  • Published:

    19 Sept 2026 6:48 PM IST

Naqvi crisis looms over Asian Games too; will India accept the medal from the Pakistan Board Chairman?
X

നഗോയ: സമീപകാലത്തായി ബിസിസിഐയും പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയും തമ്മിൽ വലിയ ഭിന്നതയിലാണ്. പാകിസ്താനുമായി നിലനിൽക്കുന്ന രാഷ്ട്രീയ കാരണങ്ങളാൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് കൂടിയായ നഖ്‌വിയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങില്ലെന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു. ഇതേതുടർന്ന് കഴിഞ്ഞദിവസം വനിതാ ഏഷ്യാകപ്പിൽ ജേതാക്കളായിട്ടും പോഡിയത്തിൽ പോയി ട്രോഫി ഏറ്റുവാങ്ങാൻ ഇന്ത്യൻ ടീം തയാറായിരുന്നില്ല. നേരത്തെ പുരുഷ ടീമും സമാനമായി ബഹിഷ്‌കരിച്ചിരുന്നു. ഇതോടെ ട്രോഫിയുമായി മടങ്ങിയ നഖ്‌വി അത് വിട്ടുനൽകാൻ തയാറാവാതിരുന്നത് വലിയ വിവാദങ്ങൾക്കും തിരികൊളുത്തി. ഏറ്റവുമൊടുവിൽ ആ രണ്ട് ട്രോഫികൾ ഇന്ത്യക്ക് കൈമാറുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ഇതിനിടെയാണ് മറ്റൊരു പ്രതിസന്ധി കൂടി പുറത്തുവരുന്നത്. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് മത്സര ജേതാക്കൾക്ക് മെഡൽ സമ്മാനിക്കുക ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനായ മൊഹ്‌സിൻ നഖ്‌വിയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ പുരുഷ-വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് മെഡൽ സാധ്യത നിലനിൽക്കുന്നുണ്ട്. ഏഷ്യൻ ഗെയിംസ് വേദിയായതിനാൽ മാറിനിൽക്കാൻ ഇന്ത്യക്ക് സാധിക്കില്ല. ഇതോടെ നഖ്വിയിൽ നിന്ന് ഇന്ത്യ മെഡലുകൾ സ്വീകരിക്കുമോയെന്ന കാര്യത്തിൽ ബി.സി.സി.ഐ നിലപാട് വ്യക്തമാക്കേണ്ടിവരും.

ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യയുടെ ചട്ടപ്രകാരം ഖത്തറിൽ നിന്നുള്ള ഒസിഎ പ്രസിഡന്റ് ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽ താനി ഈ ചുമതല നൽകിയാൽ ഇന്ത്യൻ കായികതാരങ്ങൾ മെഡലുകൾ സ്വീകരിക്കേണ്ടി വരും. ഇത് നിരസിക്കുകയാണെങ്കിൽ ഗെയിംസിനെയും ഒസിഎയെയും അവഹേളിക്കുന്നതിന് തുല്യമായി കണക്കാക്കപ്പെടും. കൂടാതെ ഇത് അച്ചടക്ക നടപടികൾക്ക് കാരണമായേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ബി.സി.സി.ഐയുടെ നിലടപാടിനെക്കുറിച്ച് ചോദിച്ചപ്പോൾ 'ഞങ്ങൾ നിലവിൽ മത്സരങ്ങളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ടീമുകൾ ആദ്യം പോഡിയത്തിലെത്തട്ടെ. ആ സമയത്തെ സാഹചര്യങ്ങൾ വിലയിരുത്തി നമ്മൾ ഉചിതമായ തീരുമാനമെടുക്കും' എന്നാണ് ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കിയത്.

TAGS :

Next Story