Quantcast

നായകനായി നേടിയ സെഞ്ചറി കരുത്തോർമ; പഞ്ചാബിനെതിരെ വീണ്ടും സഞ്ജുവും സംഘവും

ആദ്യ നാലിൽ ഇടം നേടാൻ രാജസ്ഥാൻ റോയൽസും പഞ്ചാബ് കിങ്‌സും

MediaOne Logo

Web Desk

  • Updated:

    2021-09-22 06:11:37.0

Published:

21 Sep 2021 9:09 AM GMT

നായകനായി നേടിയ സെഞ്ചറി കരുത്തോർമ; പഞ്ചാബിനെതിരെ വീണ്ടും സഞ്ജുവും സംഘവും
X

ഐ.പി.എല്ലിൽ നായകനായി അരങ്ങേറ്റം കുറിച്ച ആദ്യ മത്സരത്തിൽ തന്നെ സെഞ്ചറി നേടിയെങ്കിലും വിജയം തട്ടിപ്പറിച്ച പഞ്ചാബ് കിങ്‌സിനെതിരെ കണക്കുതീർക്കാൻ സഞ്ജുവും സംഘവും ഇന്നിറങ്ങുന്നു. മറുവശത്ത് അവശേഷിക്കുന്ന മത്സരങ്ങളെല്ലാം വിജയിച്ച് പ്ലേഓഫ് സാധ്യത ഉറപ്പിക്കാനുള്ള മുന്നൊരുക്കവുമായാണ് കെ.എൽ രാഹുലിന്റെ പഞ്ചാബ് കിങ്‌സ് എത്തുന്നത്.

കരുത്തരായ താരങ്ങളുടെ അഭാവത്തിൽ ശരിക്കും തപ്പിപ്പിടിക്കുകയായിരുന്നു ഇത്തവണ രാജസ്ഥാൻ. ഏഴു മത്സരങ്ങളിൽനിന്ന് നാലിലും തോൽവി. സെഞ്ച്വറി പ്രകടനമൊഴിച്ചാൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മലയാളികളെ സഞ്ജു ഒരിക്കൽകൂടി നിരാശപ്പെടുത്തി. പോയിന്റ് പട്ടികയിൽ ആറു പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് രാജസ്ഥാനുള്ളത്. പഞ്ചാബ് കിങ്സ് പുതിയ പേരുമായി വന്നിട്ടും പ്രകടനത്തിൽ ഒരു പുതുമയും ഇതുവരെ കൊണ്ടുവന്നിട്ടില്ല. എട്ടു മത്സരങ്ങൾ കളിച്ചതിൽ അഞ്ചിലും തോൽവിയായിരുന്നു. ആറുപോയിന്റുമായി ആറാം സ്ഥാനത്തുള്ള പഞ്ചാബിന് ഇനി ജയമല്ലാതെ മറ്റൊന്നും മുന്നിലില്ല.

ടീമിൽനിന്ന് പോയവരും പകരക്കാരും

ഐ.പി.എൽ ഒന്നാം പാദത്തിലുണ്ടായിരുന്ന പലരും ഇപ്പോൾ രാജസ്ഥാൻ റോയൽസ് നിരയിലില്ല. ബെൻ സ്‌റ്റോക്‌സ്, ജോഫ്ര ആർച്ചർ, ജോസ് ബട്ട്‌ലർ എന്നിവർക്ക് പകരം എവിൻ ലെവിസ്, ഗ്ലെൻ ഫിലിപ്‌സ്, തബ്‌രീസ് ശംസി എന്നിവരാണെത്തുന്നത്.

രാജസ്ഥാന്റെ പ്രതീക്ഷകൾ

എവിൻ ലെവിസ്, ലിയാം ലിവിങ്‌സ്റ്റൺ, ഗ്ലെൻ ഫിലിപ്‌സ് എന്നീ കൂറ്റനടിക്കാർ ടീമിന്റെ പ്രതീക്ഷയാണ്. കരുത്തും ക്ലാസുമുള്ള സഞ്ജു സാംസൺ, ഡേവിഡ് മില്ലർ എന്നിവരും റോയൽസിന്റെ കരുത്താണ്.

ക്രിസ് മോറിസ്, റിയാൻ പരാഗ്, യശ്വസി ജയ്‌സാൾ എന്നിവർ വിജയവഴിയൊരുക്കാൻ കഴിവുള്ളവരാണ്.

പഞ്ചാബിന്റെ പഞ്ച് സ്വപ്‌നം

ടൂർണമെൻറിലെ റൺവേട്ടക്കാരിൽ രണ്ടാമനായ ക്യാപ്റ്റൻ കെ.എൽ. രാഹുൽ പതിവുപോലെ ടീമിന്റെ പ്രധാന പ്രതീക്ഷയാണ്. ഏഴു കളിയിൽ 331 റൺസാണ് താരം നേടിയിട്ടുള്ളത്.

ഗെയ്ൽ, നിക്കോളാസ് പൂരൻ, മായങ്ക് അഗർവാൾ, ക്രിസ് ജോർദാൻ തുടങ്ങിയവരാണ് പഞ്ചാബിന്റെ വിജയ സ്വപ്‌നത്തിന് നിറം നൽകുന്നത്.

ചൊവ്വാഴ്ച വൈകീട്ട് ഏഴരക്ക് ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. ആദ്യ നാലിൽ ഇടം നേടിയാൽ മാത്രമേ പ്ലോഓഫിലെത്താൻ ഇരുടീമുകൾക്കും കഴിയൂ.

TAGS :

Next Story