ഫിനിഷറുടെ റോളിൽ വീണ്ടും ധോണി; ലഖ്‌നൗവിനെതിരെ ചെന്നൈയ്ക്ക് അഞ്ച് വിക്കറ്റ് ജയം
11 പന്തിൽ നാല് ഫോറും ഒരു സിക്‌സറും സഹിതം 26 റൺസുമായി ധോണി പുറത്താകാതെ നിന്നു

ലഖ്‌നൗ: ഐപിഎൽ ആവേശപോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിന് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ ജയം. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ഉയർത്തിയ 167 റൺസിലേക്ക് ബാറ്റുവീശിയ ചെന്നൈ 19.3 ഓവറിൽ ലക്ഷ്യം മറികടന്നു. ഏഴാമനായി ക്രീസിലെത്തിയ എംഎസ് ധോണി 11 പന്തിൽ 26 റൺസുമായി അവസാന ഓവറുകളിൽ നടത്തിയ തകർപ്പൻ പ്രകടനമാണ് സിഎസ്‌കെയ്ക്ക് സീസണിലെ രണ്ടാം ജയം സമ്മാനിച്ചത്. 37 പന്തിൽ 43 റൺസെടുത്ത ശിവം ദുബെ ടോപ് സ്‌കോററായി. ലഖ്‌നൗവിനായി രവി ബിഷ്‌ണോയ് രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ ഋഷഭ് പന്തിന്റെ(49 പന്തിൽ 63) അർധ സെഞ്ച്വറി കരുത്തിലാണ് ലഖ്‌നൗ ഭേദപ്പെട്ട സ്‌കോർ സ്വന്തമാക്കിയത്. അവസാന രണ്ട് ഓവറിൽ ചെന്നൈക്ക് ജയത്തിന് 24 റൺസായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ ശർദുൽ ഠാക്കൂർ എറിഞ്ഞ 19ാം ഓവറിൽ ഒരു സിക്‌സും രണ്ട് ഫോറും സഹിതം 19 റൺസ് അടിച്ചെടുത്തതോടെ അവസാന ഓവറിലെ അനായാസം വിജയറൺ നേടാൻ മുൻ ചാമ്പ്യൻമാർക്കായി.
Vintage Finisher 😎
— IndianPremierLeague (@IPL) April 14, 2025
MS Dhoni Turns Back the Clock with Match-Winning 26*(11) 🔁
🔽 Watch | #TATAIPL | #LSGvCSK | @msdhoni
സീസണിൽ ആദ്യമായി പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ച യുവതാരം ഷെയ്ക് റഷീദ് പവർപ്ലെ ഓവറുകളിൽ ചെന്നൈക്കായി മികച്ച പ്രകടനം നടത്തി. രചിൻ രവീന്ദ്ര കൂടി ഏറ്റെടുത്തതോടെ പോയ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി ആദ്യ ആറ് ഓവറുകളിൽ ചെന്നൈ സ്‌കോർ കുതിച്ചുയർന്നു. എന്നാൽ ആവേശ് ഖാൻ എറിഞ്ഞ 5ാം ഓവറിൽ ഷെയ്ക് റഷീദിന്റെ (19 പന്തിൽ 27) വിക്കറ്റ് നഷ്ടമായി. പിന്നാലെ രചിൻ രവീന്ദ്രയെ(22 പന്തിൽ 37) എയ്ഡൻ മാർക്രം വിക്കറ്റിന് മുന്നിൽകുരുക്കി. തുടർന്നെത്തിയ രാഹുൽ ത്രിപാഠിയും (9), രവീന്ദ്ര ജഡേജയും (7), വിജയ് ശങ്കറും (9) വീണ്ടും പരാജയമായതോടെ സന്ദർശകർ മറ്റൊരു തോൽവിയെ അഭിമുഖീകരിച്ചു. എന്നാൽ ആറാം വിക്കറ്റിൽ ഒത്തുചേർന്ന ദുബെ-ധോണി സഖ്യം ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. 37 പന്തുകൾ നേരിട്ട ദുബെ രണ്ട് സിക്സും മൂന്ന് ഫോറും നേടി. ഒരു സിക്‌സറും നാല് ഫോറും സഹിതമാണ് ധോണി ഫിനിഷറുടെ റോൾ ഭംഗിയാക്കിയത്.
ടോസ് നഷ്ടമായി സ്വന്തം തട്ടകമായ എകാന സ്‌റ്റേഡിയത്തിൽ ഇറങ്ങിയ ലഖ്‌നൗവിന്റെ തുടക്കം മികച്ചതായില്ല. ഫോമിലുള്ള ഓപ്പണർ എയ്ഡൻ മാർക്രത്തേയും(6), നിക്കോളാസ് പുരാനെയും(8) തുടക്കത്തിൽ തന്നെ നഷ്ടമായി. പിന്നീട് മിച്ചൽ മാർഷ്- ഋഷഭ് പന്ത് സഖ്യം വലിയ തകർച്ചയിൽ നിന്ന് ടീമിനെ രക്ഷിച്ചു. 30 റൺസെടുത്ത് മിച്ചൽ മാർഷ് മടങ്ങിയെങ്കിലും സീസണിൽ ആദ്യമായി ഫോമിലെത്തിയ ഋഷഭ് പന്ത് അർധ സെഞ്ച്വറിയുമായി ടീമിന്റെ ആംഗർറോൾ ഏറ്റെടുത്തു. 22 റൺസുമായി ആയുഷ് ബധോനിയും മികച്ച പിന്തുണ നൽകിയതോടെ ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്താൻ ആതിഥേയർക്കായി.
Adjust Story Font
16

