Quantcast

ഔട്ടാക്കിയില്ല, അവസരം വേണ്ടെന്ന് വെച്ച് ദീപക് ചാഹർ: എതിർത്തും അനുകൂലിച്ചും വാദം

ദക്ഷിണാഫ്രിക്കയുടെ ട്രിസ്റ്റൻ സ്റ്റബ്സിനെ ‘മങ്കാദിങ്ങി’ലൂടെ പുറത്താക്കാനായിരുന്നു ദീപക് ചാഹറിന് അവസരമുണ്ടായിരുന്നത്. എന്നാല്‍ ചാഹറത് മുന്നറിയിപ്പിലൊതുക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    5 Oct 2022 8:17 AM GMT

ഔട്ടാക്കിയില്ല, അവസരം വേണ്ടെന്ന് വെച്ച് ദീപക് ചാഹർ: എതിർത്തും അനുകൂലിച്ചും വാദം
X

ഇൻഡോർ: മങ്കാദിങ് ഇന്ത്യൻ ക്രിക്കറ്റിലെ ചൂടൻ വിഷയമാണ്. രവിചന്ദ്ര അശ്വിനിൽ തുടങ്ങി വനിതാ ക്രിക്കറ്റ് താരം ദീപ്തി ശർമ്മയിൽ എത്തിനിൽക്കുന്ന മങ്കാദിങ് ഇപ്പോഴിതാ വീണ്ടും ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചർച്ചയാകുന്നു. ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20യിലായിരുന്നു സംഭവം. ദക്ഷിണാഫ്രിക്കയുടെ ട്രിസ്റ്റൻ സ്റ്റബ്സിനെ 'മങ്കാദിങ്ങി'ലൂടെ പുറത്താക്കാനായിരുന്നു ദീപക് ചാഹറിന് അവസരമുണ്ടായിരുന്നത്. എന്നാല്‍ ചാഹറത് മുന്നറിയിപ്പിലൊതുക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സിന്റെ പതിനാറാം ഓവറിലായിരുന്നു സംഭവം. ചഹർ പന്തെറിയാൻ ഓടിയെത്തിയപ്പോഴേക്കും നോൺ സ്ട്രൈക്കിംഗ് എൻഡിലുണ്ടായിരുന്ന ട്രിസ്റ്റൻ സ്റ്റബ്സ് ക്രീസിന് പുറത്തെത്തിയിരുന്നു. ഇത് കൃത്യമായി ശ്രദ്ധിച്ച ചഹർ പന്തെറിയാതെ ബാറ്ററെ റണ്ണൗട്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകി. അപകടം മണത്ത സ്റ്റബ്സ് ഉടൻ തന്നെ ക്രീസിൽ ബാറ്റ് കുത്തുകയും ചെയ്തിരുന്നു. പിന്നീട് ഇരുവരും മുഖം നോക്കി ചിരിക്കുന്നുണ്ടായിരുന്നു. രോഹിതും നീക്കത്തെ ചിരിയോടെ നേരിട്ടു.

എന്നാൽ സോഷ്യൽ മീഡിയയിൽ സംഭവം കത്തി. റണ്ണൗട്ടാക്കാൻ അവസരം കിട്ടിയിട്ടും പാഴാക്കിയ ചാഹാറിനെ കുറ്റപ്പെടുത്തി ഒരു വിഭാഗം രംഗത്തുവന്നപ്പോൾ ചാഹറിന്റെ നീക്കത്തെ പ്രശംസിച്ചും ട്വീറ്റുകളും പോസ്റ്റുകളും സജീവമായി. ക്രിക്കറ്റ് നിയമത്തിൽ ഇങ്ങനെ ഔട്ടാക്കാമെന്നിരിക്കെ പിന്നെ എന്താണ് മടിച്ചുനിന്നത് എന്നാണ് ചാഹറിനെ കുറ്റപ്പെടുത്തിയുള്ള ട്വീറ്റുകൾ.

അതേസമയം മത്സരത്തിൽ 49 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. 228 എന്ന കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ ബാറ്റ് ചെയ്ത ഇന്ത്യക്ക് 178 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യൻ നിരയിൽ 46 റൺസ് നേടിയ ദിനേശ് കാർത്തിക്കാണ് ടോപ് സ്‌കോറർ. റിഷബ് പന്ത് 27 റൺസ് നേടി. ദക്ഷിണാഫ്രിക്കയ്ക്കായി റീലി റൂസോ സെഞ്ച്വറി നേടി. 48 പന്തുകളിൽ നിന്ന് എട്ട് സിക്‌സറുകളും ഏഴ് ബൗണ്ടറിയും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

TAGS :

Next Story