Quantcast

ഡൽഹി ട്രാജഡി; ബാം​ഗ്ലൂരിന് 23 റൺസ് ജയം

ദുരന്തമായിട്ടായിരുന്നു ഡൽഹിയുടെ തുടക്കം. ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്ച തുടങ്ങി.

MediaOne Logo

Web Desk

  • Updated:

    2023-04-15 14:54:17.0

Published:

15 April 2023 2:38 PM GMT

Delhi Tragedy in Chinnaswamy Stadium, Bangalore won by 23 runs
X

ബെംഗളൂരു: തോൽവിയുടെ പ്രേതം ഡൽഹിയെ വിടാതെ പിന്തുടരുകയാണ്. അഞ്ചാം മത്സരത്തിലും വാർണർപ്പടയ്ക്ക് ദയനീയ തോൽവി. വിരാട് കോഹ്‌ലിയുടെ ബാറ്റിങ് കരുത്തിൽ ബാംഗ്ലൂർ ഉയർത്തിയ ഭേദപ്പെട്ട സ്‌കോർ പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസ് പോരാട്ടത്തിന് 151 റൺസിൽ മരണമണി മുഴങ്ങി. റോയൽ ചലഞ്ചേഴ്‌സിന് 23 റൺസിന്റെ വിജയം.

ദുരന്തമായിട്ടായിരുന്നു ഡൽഹിയുടെ തുടക്കം. ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്ച തുടങ്ങി. ഒരു റൺസിൽ വീണത് ഓപണർ അടക്കം രണ്ട് വിക്കറ്റുകൾ. വൈശാക് വിജയ് കുമാർ എറിഞ്ഞ ഒന്നാം ഓവറിന്റെ നാലാം പന്തിൽ തന്നെ ഓപണറായ പൃഥ്വി ഷാ വീണു. പൂജ്യനായിട്ടായിരുന്നു ഷായുടെ മടക്കം. രണ്ട് പന്ത് നേരിട്ട ഷായെ അനുജ് റാവത്ത് റൺ ഔട്ട് ആക്കുകയായിരുന്നു.

മൂന്നാമനായി വന്ന മിച്ചൽ മാർഷിന്റെയും ഗതി മറിച്ചായിരുന്നില്ല. നാല് പന്തിൽ പൂജ്യനായി മാർഷും കൂടാരം കയറി. വെയൻ വലീദിന്റെ പന്തിൽ കോഹ്‌ലിയുടെ കൈകളിലായിരുന്നു മാർച്ച് വീണത്. 1.4 ഓവറിലായിരുന്നു വിക്കറ്റ് വീഴ്ച. പിന്നാലെ യഷ് ദുൽ നാല് പന്തിൽ ഒരു റണ്ണെടുത്ത് മുഹമ്മദ് സിറാജിന്റെ പന്തിൽ എൽഡിഡബ്ല്യു ആയി പുറത്തേക്ക്. ഈ സമയം സ്‌കോർ ബോർഡിൽ വെറും രണ്ട് റൺസ്.

തുടർന്നെത്തിയ മനീഷ് പാണ്ഡെയാണ് ഡൽഹിയെ നാണംകെട്ട തോൽവിയിൽ നിന്ന് രക്ഷിച്ചത്. 38 പന്തിൽ 50 റൺസെടുത്ത പാണ്ഡെ മാത്രമാണ് ഡൽഹി നിരയിൽ തിളങ്ങിയത്. ഇതിനിടെ സ്‌കോർ 30ൽ നിൽക്കെ ക്യാപ്റ്റൻ വാർണറെ നഷ്ടമായി. സഹ ഓപണറടക്കം മൂന്നു പേർ അടുപ്പിച്ച് കൂടാരം കയറിയിട്ടും പതറാതെ അടി തുടങ്ങിയ വാർണറുടെ ബാറ്റിങ് 13 പന്തിൽ 19 റൺസെടുത്തു നിൽക്കെ അവസാനിച്ചു. വൈശാക് വിജയ് കുമാറിന്റെ പന്തിൽ വിരാട് കോഹ്‌ലി പിടിച്ചാണ് ക്യാപ്റ്റൻ മടങ്ങിയത്.

8.5 ഓവറിൽ സ്‌കോർ 53 ആയിരിക്കെ അഭിഷേക് പോരെലും വീണു. എട്ട് പന്തിൽ അഞ്ച് റൺസ് മാത്രമായിരുന്നു പോരെലിന്റെ സമ്പാദ്യം. ഹർഷൻ പട്ടേലിന്റെ പന്തിൽ വെയ്ൻ വലീദ് പിടിച്ചാണ് പോരെൽ പുറത്തായത്. പിന്നാലെയെത്തിയ അക്‌സർ പട്ടേൽ പതുക്കെ അടി തുടങ്ങി പ്രതീക്ഷ നൽകിയെങ്കിലും അധികം വൈകാതെ ആറാമനായി ഗ്ലൗസഴിച്ചു. സ്‌കോർ 80ൽ നിൽക്കെ 12.2 ഓവറിൽ വൈശാക് കുമാറിന്റെ ബോളിൽ മുഹമ്മദ് സിറാജ് പിടിച്ചാണ് പട്ടേൽ മടങ്ങിയത്.

തുടർന്ന് 98 റൺസായപ്പോൾ പാണ്ഡെയുടെ പോരാട്ടവും അവസാനിച്ചു. 13.6 ഓവറിൽ വനിന്ദു ഹസരംഗയുടെ പന്തിൽ എൽബിഡബ്ല്യൂ ആയാണ് പാണ്ഡെ പവലിയൻ ലക്ഷ്യമാക്കി നടന്നത്. ഇതോടെ ടീമിന്റെ തോൽവി പൂർണമായും ഉറപ്പായി. തുടർന്ന് അമാൻ ഹക്കിം ഖാൻ മാത്രമാണ് ടീം സ്‌കോർ അൽപം വേഗത്തിൽ അനക്കിയത്. എന്നാൽ കൂടെയുണ്ടായിരുന്ന ലളിത് യാദവ് ഏഴ് ബോളിൽ നാല് റൺസെടുത്ത് നിൽക്കെ വൈശാക് കുമാറിന്റെ പന്തിൽ ഗ്ലെൻ മാക്‌സ്‌വെൽ പിടിച്ച് പുറത്തായി. ഈ സമയം സ്‌കോർ 110ന് എട്ട്.

പിന്നാലെ 18 റൺസ് കൂടി കൂട്ടിച്ചേർത്തതിനു പിന്നാലെ ഖാനും പുറത്തേക്ക്. 10 ബോളിൽ 18 റൺസായിരുന്നു സംഭാവന. പിന്നീട് ആന്റിച്ച് നോർജെയ്ക്കും കുൽദീപ് യാദവും ചേർന്ന് ജയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. നിശ്ചിത ഓവറിൽ 151ന് ഡൽഹി ക്യാപിറ്റൽസിന്റെ പോരാട്ടം അവസാനിച്ചു. 14 പന്തിൽ 23 റൺസെടുത്ത് നോർജെയും ആറ് പന്തിൽ ഏഴ് റൺസെടുത്ത് യാദവും പുറത്താവാതെ നിന്നു.

ബാംഗ്ലൂരിനായി വൈശാക് കുമാർ മൂന്ന് വിക്കറ്റ് പോക്കറ്റിലാക്കിയപ്പോൾ മുഹമ്മദ് സിറാജ് രണ്ടും വെയ്ൻ വലീദ്, വനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ എന്നിവർ ഒന്നു വീതവും വിക്കറ്റ് നേടി. മികച്ച താരനിരയുണ്ടായിട്ടും വിജയം ആവർത്തിക്കാനാവാതെ കിതച്ചുനിന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഇന്നത്തേത് ആശ്വാസ ജയമാണ്. കോഹ്‌ലിയുടെ ഹാഫ് സെഞ്ച്വറി കരുത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസാണ് ബാംഗ്ലൂർ നേടിയത്. ടോസ് നേടിയ ഡൽഹി ബാംഗ്ലൂരിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു.

ഓപണറായ കോഹ്‌ലി തുടക്കം മുതൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചാണ് കളി തുടങ്ങിയത്. ബാംഗ്ലൂർ നിരയിൽ കോഹ്‌ലിയടക്കം അഞ്ച് താരങ്ങളാണ് 20 റൺസിനു മുകളിൽ സംഭാവന ചെയ്തത്. 34 പന്തിൽ 50 റൺസെടുത്തായിരുന്നു കോഹ്‌ലിയുടെ മടക്കം. 16 പന്തിൽ 22 റൺസായിരുന്നു നായകൻ ഡുപ്ലസിസിന്റെ സമ്പാദ്യം. 18 പന്തിൽ 26 റൺസെടുത്ത് നിൽക്കെ മഹിപാൽ ലോംറോറും ഔട്ടായി.

പിന്നാലെ ഹർഷൽ പട്ടേൽ എത്തിയെങ്കിലും അധികനേരം ആയുസുണ്ടായിരുന്നില്ല. നാല് ബോളിൽ ആറ് റൺസ് മാത്രമെടുത്ത് പട്ടേൽ ക്രീസ് വിട്ടു. 13.6 ഓവറിലായിരുന്നു ഇത്. കുൽദീപ് യാദവിന്റെ അടുത്ത പന്തിൽ മാക്‌സ് വെല്ലും കൂടാരം കയറി. 24 റൺസായിരുന്നു താരത്തിന്റെ സംഭാവന. തുടർന്നെത്തിയ ദിനേഷ് കാർത്തിക്ക് വന്ന പോലെ തന്നെ തിരിച്ചുപോയി. കുൽദീപിന്റെ പന്തിൽ ലളിത് യാദവ് പിടിച്ചാണ് ഡി.കെ പുറത്തായത്. പിന്നാലെ വന്ന ഷഹബാസ് അഹമ്മദ് 12 പന്തിൽ 20 റൺസെടുത്തും ഇംപാക്്ട് പ്ലയറായ അനുജ് റാവത്ത് 22 പന്തിൽ 15 റൺസെടുത്തും പുറത്താവാതെ നിന്നു.

ഡൽഹിക്കു വേണ്ടി മിച്ചൽ മാർഷും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതവും അക്‌സർ പട്ടേലും ലളിത് യാദവും ഓരോ വിക്കറ്റ് വീതവും നേടി. ജയമല്ലാതെ മറ്റൊരും ലക്ഷ്യവും മുന്നിലില്ലാത്ത ഡൽഹിക്കിത് അഞ്ചാം മത്സരമാണ്. കഴിഞ്ഞ കളിയിൽ മുംബൈയോട് കപ്പിനും ചുണ്ടിനുമിടയിലാണ് ഡൽഹിക്ക് വിജയം നഷ്ടമായത്. രണ്ടാം ജയത്തോടെ ബാംഗ്ലൂർ നിലവിൽ റാങ്ക് പട്ടികയിൽ ഏഴാമതായി. എന്നാൽ വിജയം സ്വപ്‌നമായി തുടരുന്ന ഡൽഹിയുടെ സ്ഥാനം ഏറ്റവും താഴെയാണ്.

TAGS :

Next Story