Quantcast

ഇത്ര വിമര്‍ശനങ്ങള്‍ ഗിൽ അര്‍ഹിക്കുന്നുണ്ടോ ; കണക്കുകൾ മറുപടി പറയും

ഒരേ വര്‍ഷം ഒന്നിലധികം തവണ ഐസിസി പ്ലെയര്‍ ഓഫ് മംത് ആയി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാണ് ശുഭ്മൻ ഗിൽ

MediaOne Logo

Sports Desk

  • Published:

    14 Oct 2025 6:34 PM IST

ഇത്ര വിമര്‍ശനങ്ങള്‍ ഗിൽ  അര്‍ഹിക്കുന്നുണ്ടോ  ; കണക്കുകൾ മറുപടി പറയും
X

ഏറെ വിവാദങ്ങളിലൂടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ കടന്നുപോവുന്നത്. ഏകദിനത്തില്‍ രോഹിത്തിനു പകരക്കാരനായി വന്നത് മുതല്‍ ജൈസ്വാളിന്റെ റണ്‍ഔട്ട് വരെ ഗില്ലിനു മേലുള്ള ആരാധകരോഷത്തെ ആളിക്കത്തിച്ചു. എന്നാല്‍ ശുഭ്മന്‍ ഗില്‍ എന്ന ബാറ്ററും ക്യാപ്റ്റനും ഇത്രമേല്‍ രോഷം അര്‍ഹിക്കുന്നുണ്ടോ

ഇന്ത്യ കരീടം ചൂടിയ 2018 ലെ അണ്ടര്‍ 19 ലോകകപ്പിലൂടെയാണ് ഗില്‍ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയനാകുന്നത്. ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ഗില്‍ സെമിഫൈനലിലെ സെഞ്ചുറി അടക്കം മിന്നും പ്രകടനവുമായി ടൂര്‍ണമെന്റിലെ മികച്ച താരമായി ക്രിക്കറ്റ് പണ്ഡിറ്റുകള്‍ക്കിടയില്‍ ചര്‍ച്ചയായി. ഈ പ്രകടനം തൊട്ടടുത്ത സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ എത്തിച്ചു. ഐപിഎലിലും മിന്നും പ്രകടനം പുറത്തൈടുത്ത ഗില്‍ 2020, 2021 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ക്ലബിന്റെ ടോപ് സ്‌കോററായി.

യുവതാരത്തിനെ തേടി അധികം വൈകാതെ തന്നെ ദേശീയ ടീമിലേക്കുള്ള വിളിയും എത്തി. ന്യൂസിലന്‍ഡിന് എതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഒന്‍പത് റണ്‍സിന് പുറത്തായെങ്കിലും പിന്നീട് ആ ഫോര്‍മാറ്റിലെ തന്നെ ഒന്നാം നമ്പര്‍ താരമായി മാറി. ഏകദിനത്തില്‍ ലോക റാങ്കിംഗില്‍ ഒന്നാമതെത്തുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരം. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് നേടുന്ന താരവും ഗില്‍ തന്നെ. ന്യൂസിലന്‍ഡിനെതിരെ തന്നെ അടിച്ചു കൂട്ടിയ ഡബിള്‍ സെഞ്ചുറി ഗില്ലിന്റെ പ്രകടനത്തിന്റെ മാറ്റു കൂട്ടി.

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ പദവി കരിയറിന്റെ തുടക്കത്തില്‍ തന്നെ ഗില്ലിനു പിന്നാലെ ഉണ്ടായിരുന്നു. ആരാധകര്‍ വിരാട് കോഹ്ലിയുടെ പിന്‍ഗാമിയായി വാഴ്ത്തുകയും ചെയ്തു.ഐപിഎലിലും അന്താരാഷ്ട്ര തലത്തിലും പുറത്തെടുത്ത മിന്നും പ്രകടനങ്ങള്‍ അതിന് അടിവരയിടുകയും ചെയ്തു.

ഇന്ത്യ ചരിത്രവിജയം കുറിച്ച 2021ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലാണ് ഗില്‍ ടെസ്റ്റില്‍ അരങ്ങേറുന്നത്. ഒരു തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം ഇതൊരു വെല്ലുവിളി തന്നെയായിരുന്നു. ഇന്ത്യ 8 വിക്കറ്റിന് വിജയിച്ച രണ്ടാം ടെസ്റ്റിലാണ് തുടക്കം. കോഹ്ലിയും ബുമ്രയും ഇല്ലാതെ ഇറങ്ങിയ സീരീസ് ഡിഫൈനറായ ഗാബയിലെ അവസാന മത്സരത്തിലാണ് ഗില്ലിന്റെ ഐക്കോണിക് ഇന്നിംഗ്സ് പിറക്കുന്നത്. ഓസ്ടേലിയന്‍ പേസ് നിരയെ ഒരു തുടക്കക്കാരന്റെ യാതൊരു പതര്‍ച്ചയും ഇല്ലാതെ നേരിട്ട ഗില്‍ 91 റണ്‍സ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിന് അടിത്തറയിട്ടു. ഗില്ലിന്റെ കരിയര്‍ തന്നെ ഡിഫൈന്‍ ചെയ്ത് ഇന്നിംഗ്സ് ആയിരുന്നു അത്.

തുടര്‍ വര്‍ഷങ്ങളില്‍ ഏകദിനത്തിലും ടെസ്റ്റിലും സ്ഥിര സാന്നിധ്യമായി. ടെസ്റ്റിലും ഏകദിനത്തിലും ആയി 18 സെഞ്ചുറികള്‍ അടിച്ചു കൂട്ടിയിട്ടുണ്ട്. 2023 ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരെയാണ് ടി ട്വന്റിയില്‍ തുടക്കം കുറിക്കുന്നത്. ന്യൂസിലന്‍ എതിരെ നേടിയ 126 റണ്‍സ് രണ്ടുവര്‍ഷത്തോളം ഒരു ഇന്ത്യക്കാരന്‍ നേടുന്ന ഹൈയെസ്റ്റ് ഇന്‍ഡിവിജ്വല്‍ സ്‌കോര്‍ എന്ന റെക്കോര്‍ഡായിരുന്നു . ടി ട്വന്റിയില്‍ നേടിയ ഏക സെഞ്ചുറിയും ഇതാണ്.

2023 ഗില്ലിനെ സംബന്ധിച്ചിടത്തോളം ഒരു ഐക്കോണിക് ഇയറാണ്. ആ വര്‍ഷം രണ്ടുതവണ ഐസിസി പ്ലെയര്‍ ഓഫ് ദ മംതായി തിരഞ്ഞെടുക്കപ്പെട്ടു. ഒരേ വര്‍ഷം ഒന്നിലധികം തവണ ഐസിസി പ്ലെയര്‍ ഓഫ് മംത് ആയി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ താരം. ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ ഏകദിന സീരീസിലും സെപ്റ്റംബറില്‍ ഏഷ്യ കപ്പിലും പുറത്തെടുത്ത മികച്ച പ്രകടനമാണ് ഗില്ലിനെ അര്‍ഹനാക്കിയത്. എന്നാല്‍ ആ വര്‍ഷം ഉടനീളം പുറത്തെടുത്ത മികച്ച പ്രകടനം 2023 ലോകകപ്പ് ഫൈനലില്‍ പുറത്തെടുക്കാന്‍ സാധിക്കാതിരുന്നത് ഇപ്പോളും ഒരു മുറിവായി അവശേഷിക്കുന്നു.

ഐപിഎലിലും മികച്ച പ്രകടനം ഗില്‍ തുടര്‍ന്നു.2022 ല്‍ ഗുജറാത്ത് ടൈറ്റന്‍സിലേക്ക് ചേക്കേറിയ ഗില്‍ ആദ്യ വര്‍ഷം തന്നെ ക്ലബിനൊപ്പം ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു. രണ്ടാം സീസണില്‍ ഗുജറാത്ത് തുടര്‍ച്ചയായി രണ്ടാം സീസണില്‍ ഐപിഎല്‍ ഫൈനലില്‍ പ്രവേശിക്കുമ്പോള്‍ നിര്‍ണായകമായത് ഗില്ലിന്റെ പ്രകടനം തന്നെയായിരുന്നു. ആ സീസണില്‍ 890 റണ്‍സുമായി ഐപിഎല്‍ ടോപ്സ്‌കോററായി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഇന്‍ഡിവജ്വല്‍ സ്‌കോറാണിത്. ഒന്നാമത് വേറെ ആരുമല്ല സാക്ഷാല്‍ വിരാട് കോഹ്ലി തന്നെ...

തൊട്ടടുത്ത സീസണില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ മുംബൈയിലേക്ക് ചുവട് മാറ്റിയതോടെ ഗുജറാത്ത് ആ സ്ഥാനത്തേക്ക് എത്തിച്ചത് വേറെ ആരെയുമല്ല, അവരുടെ തുറുപ്പുചീട്ടായ ഗില്ലിനെ തന്നെയായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനത്തെ പരിചയക്കുറവ് ഗില്ലിനെയും ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്രകടനത്തെയും നന്നായി ബാധിച്ചു. ആ സീസണില്‍ ഗില്ലിന്റെ പ്രകടനവും താഴ്ന്നതോടെ എല്ലാ കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ വരാന്‍ തുടങ്ങി. 2024 ലെ ടി20 ലോകകപ്പിലെക്കുള്ള റിസര്‍വ് ടീമിലെ ഗില്ലിന് ഉള്‍പ്പെടാന്‍ സാധിച്ചുള്ളു.

ലോകകപ്പിനു ശേഷം നടന്ന സിംബാംബ്വേയ്ക്ക് എതിരായ ടി20 സീരീസില്‍ ഗില്ലിനെ ക്യാപ്റ്റനാക്കി കൊണ്ട് ഭാവി ക്യാപ്റ്റന്‍ ആരെന്നുള്ള ചെറിയ സൂചന നല്‍കി. എന്നാല്‍ ആദ്യ മത്സരം തോല്‍ക്കുക കൂടിയായതോടെ വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. എന്നാല്‍ 4-1 ന് സീരീസ് വിജയിച്ചുകൊണ്ട് ക്യാപ്റ്റനായുള്ള ആദ്യ കടമ്പ കടന്നു.

ടെസ്റ്റില്‍ ഹോം മത്സരങ്ങളില്‍ മികച്ച ഇ്നിംഗ്സുകള്‍ ഉണ്ടെങ്കിലും എവേയ് സീരീസുകളിലെ തുടര്‍ച്ചയായ മങ്ങിയ പ്രകടനങ്ങള്‍ ഗില്ലിന് ഒരു തലവേദന ആയിരുന്നു. രോഹിത് ശര്‍മയുടെയും വിരാട് കോഹ്ലിയുടെയും അപ്രതീക്ഷിത വിരമിക്കലിനു ശേഷം ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഗി്ല്ലിന്റെ പേര് ഉയര്‍ന്നു വന്നപ്പോള്‍ പ്രധാന വിമര്‍ശനം ഇതുതന്നെ ആയിരുന്നു. ടെസ്റ്റില്‍ അത്ര പരിചയമില്ലാത്ത ഒരു യുവ ടീമുമായി ടെന്‍ഡുല്‍ക്കര്‍ ആന്‍ഡേഴ്സണ്‍ ട്രോഫിക്കായി ഇംഗ്ലണ്ടിലേക്ക് പറക്കുമ്പോള്‍ തോല്‍വിയില്‍ കുറഞ്ഞതൊന്നും കടുത്ത ആരാധകര്‍ പോലും പ്രതീക്ഷിച്ചിരിക്കില്ല. എന്നാല്‍ തോല്‍വി വിധിച്ച സകല ക്രിക്കറ്റ് പണ്ഡിറ്റുകളെയും സാക്ഷിയാക്കി ക്യാപ്റ്റന്‍ ഗില്ലിന്റെ ഇന്ത്യ വിജയത്തോളം പോന്ന സമനിലയുമായാണ് തിരിച്ചുപോന്നത്. എല്ലാ വിമര്‍ശനങ്ങളെയും തച്ചുതകര്‍ത്ത് 754 റണ്‍സുമായി ടോപ്സ്‌കോററും ഹാരി ബ്രൂക്കിനൊപ്പം ടൂര്‍ണമെന്റിലെ താരവുമായി ക്യാപ്റ്റന്‍ മുന്നില്‍ നിന്ന് തന്നെ നയിച്ചു.

എന്നാല്‍ ഒരു ഇടവേളക്ക് ശേഷം ഏഷ്യാകപ്പ് വൈസ് ക്യാപ്റ്റനായി തിരച്ചെത്തിയതോടെ വിമര്‍ശനങ്ങള്‍ വീണ്ടും തല പൊക്കി തുടങ്ങി. ഗില്‍ ടീമില്‍ ഉള്‍പ്പെടാതിരുന്ന ബംഗ്ലാദേശിനും ഇംഗ്ലണ്ടിനും എതിരായ ടി20 സീരീസുകളില്‍ ഓപ്പണറായി മികച്ച് പ്രകടനം കാഴ്ച്ചവെച്ച സഞ്ജു സാംസണെ മാറ്റി ഗില്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് വന്നു എന്നതായിരുന്നു പ്രധാന വിമര്‍ശനം. ഏഷ്യാ കപ്പ് ഫൈനലില്‍ അടക്കം മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ സാധിക്കാതിരുന്നതും വിമര്‍ശനങ്ങളുടെ ആക്കം കൂട്ടി.

ഒക്ടോബര്‍ 19 ന് തുടങ്ങാനിരിക്കുന്ന ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വന്നതോടെ ഗില്‍ ഇന്ത്യന്‍ ആരാധകര്‍ക്കു മുന്നില്‍ വില്ലനായി മാറി. ബിസിസിഐ പ്രത്യേക പരിഗണന നല്‍കുന്നു എന്ന വിധത്തില്‍ എങ്ങും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. പലപ്പോഴും ഗില്ലിന്റെ സഹോദരിയെ വരെ അധിക്ഷേപിക്കും വിധത്തില്‍ വിമര്‍ശനങ്ങള്‍ അതിരുകടന്നു. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടെസ്റ്റ്ില്‍ ജൈസ്വാളിന്റെ റണ്‍ഔട്ടിനു വരെ കടുത്ത വിമര്‍ശനമാണ് ഗില്ലിനെതിരെ ഉയരുന്നത്.

2027 ലോകകപ്പിനു മുമ്പായി ഏകദിനത്തില്‍ രോഹിത് ശര്‍മക്ക് പകരക്കാരനായി പുതിയ ക്യാപ്റ്റനു കീഴില്‍ ടീം കളിച്ചു പരിചയിക്കുക എന്നതാണ് ബിസിസിഐയുടെ ലക്ഷ്യം എന്നത് വ്യക്തമാണ്. ക്യാപ്റ്റന്‍ എന്ന രീതിയില്‍ രോഹിതിന്റെ പരിചയം പുതിയ ക്യാപ്റ്റന് ഗുണം ചെയ്യും. അതിനാല്‍ ടെസ്റ്റില്‍ ക്യാപ്റ്റനായി മികവു തെളിയിച്ച ഗില്ലിനെ ഏകദിനത്തിലും ക്യാപ്റ്റനായി പരിഗണിച്ചതില്‍ തെറ്റു പറയാന്‍ സാധിക്കില്ല. എന്തായാലും ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പര ഗില്ലിന് അഗ്‌നിപരീക്ഷ തന്നെ ആയിരിക്കുമെന്നതില്‍ സംശയമില്ല

TAGS :

Next Story