സഹാറ മുതൽ ഡ്രീം ഇലവൻ വരെ; ഇന്ത്യൻ ക്രിക്കറ്റ് ടീം ജഴ്സി സ്പോൺസർമാർ തകരുന്നതിനുള്ള കാരണം?
ഏഷ്യാകപ്പ്, ടി20 ലോകകപ്പ് ഉൾപ്പെടെയുള്ള ടൂർണമെന്റുകൾക്കായി ബിസിസിഐ സ്‌പോൺസർമാരെ തേടുന്നതിനിടെയാണ് ജഴ്‌സി മാറ്റം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്, കുറച്ചുകാലമായി ഈ അവസ്ഥയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സി സ്പോൺസർമാർക്ക്. സഹാറയും, ബൈജൂസും, ഡ്രീം ഇലവനുമൊക്കെ വളർച്ചയുടെ കുതിപ്പിനിടെ വീണുപോയത് എന്തുകൊണ്ടാണെന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ജഴ്സി സ്പോൺസറായിരുന്ന ഡ്രീം ഇലവനുണ്ടായ തിരിച്ചടിയാണ് വീണ്ടും സ്പോൺസർമാരെ പറ്റിയുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. പണം വെച്ചുള്ള ഓൺലൈൻ ഗെയിമിങുകൾക്ക് കേന്ദ്ര സർക്കാർ പൂട്ടിട്ടതോടെ ഡ്രീം ഇലവൻ ബിസിസിഐയുമായുള്ള 358 കോടി രൂപയുടെ സ്പോൺസർഷിപ്പ് കരാർ പിൻവലിച്ചു. പണം ഉപയോഗിച്ചുള്ള ഗെയിമുകൾക്ക് തടയിടാനായി പ്രമോഷൻ ആന്റ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിങ് ബിൽ 2025 ലാണ് പാസാക്കിയത്.
മുൻ സ്‌പോൺസർമാരായ വൻകിട കമ്പനികളും സമാനമായി പാതിവഴിയിൽ വീണുവെന്നത് ബിസിസിഐയുടെ ചരിത്രത്തിൻറെ ഭാഗമാണ്. സഹാറ, സ്റ്റാർ ഇന്ത്യ, മൈക്രോമാക്സ്, ഒപ്പോ, പേടിഎം, ബൈജൂസ് തുടങ്ങിയ കമ്പനികളും ഈ 'ജഴ്സിശാപ'ത്തിന് ഇരയായിട്ടുണ്ട്. ഇന്ത്യൻ ടീമിന്റെ ജഴ്സി സ്പോൺസർ ചെയ്തശേഷം സാമ്പത്തിക നഷ്ടങ്ങൾ, നിയമപ്രശ്നങ്ങൾ, തകർച്ചയിലാണെന്ന പ്രതിച്ഛായകൾ ഉൾപ്പെടുന്ന പ്രതിസന്ധികൾ ഈ കമ്പനികൾ അഭിമുഖീകരിക്കേണ്ടിവന്നു.
ഏഷ്യാകപ്പ് 2025, ട്വന്റി ട്വന്റി വേൾഡ്കപ്പ് പോലെ വലിയ ടൂർണമെൻറുകൾക്കായി ബിസിസിഐ സ്പോൺസർമാരെ അന്വേഷിച്ചുകൊണ്ടിരിക്കുമ്പോൾ ഈ 'ജഴ്സിശാപം' സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. 2001 മുതൽ 2013 വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സി സ്പോൺസർ സഹാറ ആയിരുന്നു. സഹാറ പിന്നീട് സെബിയുടെ നിയമനടപടികൾക്ക് വിധേയമാവുകയും സുബ്രത റോയ് 2014-ൽ അറസ്റ്റിലാവുകയും ചെയ്തത് ഈ ശാപക്കഥയ്ക്ക് തുടക്കമിട്ടു.
സഹാറയ്ക്കു ശേഷം സ്പോൺസർഷിപ്പ് ഏറ്റെടുത്ത ഡിസ്നി ഉടമസ്ഥതയിലുള്ള സ്റ്റാർ ഇന്ത്യയും തിരിച്ചടി നേരിട്ടു. ഹോട്സ്റ്റാറിലൂടെ സാമ്പത്തിക നഷ്ടവും കോമ്പറ്റീഷൻ കമ്മീഷന്റെ അന്വേഷണവും നേരിടേണ്ടിവന്നു. വൻകിട കമ്പനികൾക്ക് പോലും ഈ തകർച്ചയിൽനിന്ന് രക്ഷയില്ലാത്ത സ്ഥിതിയാണ്. ബിസിസിഐക്ക് പിന്തുണയുമായി പിന്നീടെത്തിയത് ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയായ ഒപ്പോയാണ്. 1079 കോടി രൂപയുടെ കരാറിൽ ഒപ്പിട്ടിരുന്നെങ്കിലും പ്രതീക്ഷിച്ച ലാഭം കിട്ടാത്തതിനാൽ ഒപ്പോ പിന്മാറുകയായിരുന്നു. പേറ്റന്റ് കേസുകൾ അവരുടെ പ്രതിസന്ധി വർധിപ്പിച്ചു
സ്പോൺസർമാരായ പേടിഎം സാമ്പത്തിക നഷ്ടങ്ങളും നിയമപരമായ പ്രശ്നങ്ങളും നേരിട്ടപ്പോൾ, മൈക്രോമാക്സ് ചൈനീസ് മത്സരത്തിൽ തകർന്നു. ഇന്ത്യയിലെ ഏറ്റവും വലിയ എഡ്ടെക് യൂണികോണായിരുന്ന ബൈജൂസ് ബിസിസിഐക്ക് വേണ്ടി മുന്നിലേക്ക് വന്നു. 158 കോടി രൂപയുടെ സ്പോൺസർഷിപ്പ് കരാർ ഒപ്പിട്ടെങ്കിലും കമ്പനി വലിയ പ്രതിസന്ധിയിലേക്ക് പോകുന്നുവെന്ന വാർത്തകളാണ് പിന്നീട് കേട്ടത്. ഇതോടെ പണം നൽകുന്നതിൽ കമ്പനി പരാജയപ്പെട്ടു. കമ്പനി പാപ്പരാവുകയും വൻതോതിലുള്ള പിരിച്ചുവിടൽ നടപടികൾക്ക് നിർബന്ധിതരാവുകയും ചെയ്തത് ഈ ശാപകഥയിലെ മറ്റൊരു അധ്യായമായി മാറി.
ഫിൻടെക് കമ്പനികൾക്കും ഫോൺ നിർമാതാക്കൾക്കും ഈ ശാപത്തിൽനിന്ന് മുക്തിനേടാൻ കഴിഞ്ഞില്ല. എക്സ്, ഇൻസ്റ്റഗ്രാം ഉൾപ്പെടുന്ന സാമൂഹികമാധ്യമങ്ങളിൽ ട്രോളുകളും തമാശകളും ഉണ്ടാക്കി ആരാധകർ ഈ വിഷയം ചർച്ചയാക്കുന്നുണ്ട്. ''ബിസിസിഐ സ്പോൺസർ ചെയ്യുന്ന എല്ലാ കമ്പനികളും തകരുന്നു' എന്ന രീതിയിലുള്ള പോസ്റ്റുകളാണ് പ്രചരിക്കുന്നത്.
പണം വെച്ചുള്ള ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമുകളുമായി ഇനി സഹകരിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയ സ്ഥിരീകരിച്ചു. ഫാന്റസി സ്പോർട്‌സ് പ്രൊമോഷനുകൾക്ക് സർക്കാർ വിലക്കേർപ്പെടുത്തിയതാണ് ബിസിസിഐയുടെ ഈ നയംമാറ്റത്തിന്റെ പിന്നിൽ. ഏറ്റവും മൂല്യമേറിയ മാർക്കറ്റിങ് ആസ്തിയായിരിക്കുമ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ജഴ്സി സ്പോൺസർഷിപ്പ് ഏറ്റെടുക്കാൻ കമ്പനികൾ ഒന്നു മടിക്കും. 2001 നു ശേഷം വന്ന മിക്ക സ്പോൺസർമാരുടെയും ചരിത്രം ആരും മറക്കില്ലല്ലോ..
Adjust Story Font
16

