'ദുലീപ് ട്രോഫിക്ക് യോഗ്യനെങ്കിൽ എന്തുകൊണ്ട് ടി20 ടീമിലെടുത്തില്ല'; ഏഷ്യാകപ്പിൽ തഴഞ്ഞതിൽ പ്രതികരണവുമായി ഷമി
പരിക്കിനെ തുടർന്ന് താരം ദീർഘകാലമായി കളത്തിന് പുറത്തായിരുന്നു

ലക്നൗ: 2025-ലെ ഏഷ്യാകപ്പിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയതിയതിൽ പ്രതികരണവുമായി പേസർ മുഹമ്മദ് ഷമി. വരാനിരിക്കുന്ന ടൂർണമെന്റിനായി ഇന്ത്യ അഞ്ച് സ്പെഷ്യലിസ്റ്റ് ബൗളർമാരെയാണ് തിരഞ്ഞെടുത്തത്. അതിൽ മൂന്ന് പേർ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള ഫാസ്റ്റ് ബൗളർമാരാണ്. എന്നാൽ ഷമിക്ക് 15 അംഗ ടീമിലോ റിസർവ് ലിസ്റ്റിലോ ഇടം ലഭിച്ചില്ല.
ഈ വർഷമാദ്യം ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയിലാണ് ഷമി ടി20 ടീമിലേക്ക് മടങ്ങിയെത്തിയത്. മൂന്ന് വർഷത്തിന് ശേഷമായിരുന്നു അന്ന് ഈ ഫോർമാറ്റിൽ കളിച്ചത്. മുപ്പത്തഞ്ചുകാരനായ ഷമിക്ക് സൺറൈസേഴ്സ് ഹൈദരാബാദിനൊപ്പം 2025-ലെ ഐപിഎൽ സീസൺ അത്ര മികച്ചതായിരുന്നില്ല. ഒമ്പത് മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റുകൾ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. 11.23 ആയിരുന്നു അദ്ദേഹത്തിന്റെ എക്കോണമി റേറ്റ്. സീസണിൽ ചില മത്സരങ്ങളിൽ അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഷമിയെ പരിഗണിച്ചിരുന്നില്ല. കൂടാതെ ഏഷ്യാകപ്പിനുള്ള ടീമിൽ നിന്ന് താരത്തെ ഒഴിവാക്കി. ഫിറ്റ്നസ് കാരണങ്ങളാലാണ് ഷമിയെ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, സീനിയർ ബൗളറായ ഇന്ത്യൻ താരം വ്യാഴാഴ്ച ആരംഭിക്കുന്ന ദുലീപ് ട്രോഫിയിൽ കളിക്കുമെന്ന് വെളിപ്പെടുത്തി.
'തിരഞ്ഞെടുക്കാത്തതിന്റെ പേരിൽ ഞാൻ ആരെയും കുറ്റപ്പെടുത്തുകയോ പരാതിപ്പെടുകയോ ചെയ്യുന്നില്ല. ഞാൻ ടീമിന് അനുയോജ്യനാണെങ്കിൽ, അവർ എന്നെ തിരഞ്ഞെടുക്കട്ടെ. അല്ലെങ്കിൽ എനിക്ക് ഒരു പ്രശ്നവുമില്ല. ടീം ഇന്ത്യക്ക് ഏറ്റവും മികച്ചത് എന്താണോ അത് ചെയ്യാനുള്ള ഉത്തരവാദിത്വം സെലക്ടർമാർക്കുണ്ട്. എന്റെ കഴിവിൽ എനിക്ക് വിശ്വാസമുണ്ട്. അവസരം ലഭിക്കുമ്പോൾ ഞാൻ എന്റെ മികച്ച പ്രകടനം പുറത്തെടുക്കും-ഒരു ഓൺലൈൻ ചാനലിന് നൽകിയ നടത്തിയ അഭിമുഖത്തിൽ ഷമി പറഞ്ഞു.
ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം ആസ്ട്രേലിയ, ഇംഗ്ലണ്ട് പര്യടനങ്ങൾ നഷ്ടമായെങ്കിലും, ദുലീപ് ട്രോഫിയിൽ മികവ് പുലർത്തിയാൽ താരത്തിന് തിരിച്ചുവരാനാകും. പ്രത്യേകിച്ചും വെസ്റ്റ് ഇൻഡീസിനെതിരായ ഹോം ടെസ്റ്റ് പരമ്പര അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഷമിയുടെ തിരിച്ചുവരവിന് സാധ്യതയേറുകയാണ്. ദുലീപ് ട്രോഫിക്ക് മുന്നോടിയായി ബംഗളൂരുവിൽ നടന്ന ബ്രോങ്കോ ഫിറ്റ്നസ് ടെസ്റ്റ് വിജയിച്ചതായി താരം തന്നെ വ്യക്തമാക്കി.
Adjust Story Font
16

