Quantcast

മത്സരത്തിലെ താരമായതിന് പുറമെ പിഴയും ഡിമെറിറ്റ് പോയിന്റും: സന്തോഷമില്ലാതെ ജഡേജ

മത്സരത്തിനിടെ ഫീൽഡ് അമ്പയറുടെ അനുമതിയില്ലാതെ കയ്യിൽ ക്രീം പുരട്ടിയതിനാണ് ഐ.സി.സി പിഴ ചുമത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-02-11 12:33:04.0

Published:

11 Feb 2023 12:31 PM GMT

Ravindra Jadeja- INDvs AUS
X

രവീന്ദ്ര ജഡേജ 

നാഗ്പൂർ: ആസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ കളിയിലെ താരമാണെങ്കിലും രവീന്ദ്ര ജഡേജക്ക് പിഴയും ഡിമെറിറ്റ് പോയിന്റും. മത്സരത്തിനിടെ ഫീൽഡ് അമ്പയറുടെ അനുമതിയില്ലാതെ കയ്യിൽ ക്രീം പുരട്ടിയതിനാണ് ഐ.സി.സി പിഴ ചുമത്തിയത്. മാച്ച് ഫീയുടെ 25 ശതമാനാണ് പിഴ. മത്സരത്തിന്റെ ആദ്യ ദിവസമായിരുന്നു വിവാദ സംഭവം. സഹതാരം മുഹമ്മദ് സിറാജിന്റെ കൈപ്പത്തിയിൽ നിന്ന് എന്തോ ഒരു ക്രീം എടുത്ത് ഇടത് കയ്യിലെ വിലരിൽ ജഡേജ പുരട്ടുന്നുണ്ട്.

ഇക്കാര്യം ടെലിവിഷൻ റിപ്ലേകളിൽ വ്യക്തമാകുകയും ചെയ്തു. ആദ്യ കാഴ്ചയിൽ ജഡേജ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമായില്ലെങ്കിലും ടി.വി റിപ്ലേകളിലും സമൂഹമാധ്യമങ്ങളിലും ദൃശ്യങ്ങൾ വന്നതോടെ ജഡേജ പന്തിൽ കൃത്രിമം കാണിച്ചെന്ന രീതിയിലാണ് പ്രചരിച്ചത്. ഇക്കാര്യം വിമർശനത്തിനിടയാക്കുകയും ചെയ്തു. പിന്നാലെ ഇന്ത്യൻ ടീം മാനേജ്‌മെന്റ് വിശദീകരണവുമായി രംഗത്ത് എത്തി. ഇടത് കയ്യിലെ ചൂണ്ടുവിരലിനുണ്ടായ വീക്കത്തെ തുടർന്നാണ് ജഡേജ ക്രീം പുരട്ടിയതെന്നാണ് മാനേജ്‌മെന്റ് വിശദീകരിച്ചത്. ഫീൽഡ് അമ്പയറുടെ അനുവാദം തേടിയിരുന്നില്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

അതേസമയം മത്സരത്തിൽ പന്തുകൊണ്ടും ബാറ്റ് കൊണ്ടും മിന്നും പ്രകടനമാണ് ജഡേജ പുറത്തെടുത്തത്. ഏഴ് വിക്കറ്റുകളാണ് ജഡേജ വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സിൽ അഞ്ചും രണ്ടാം ഇന്നിങ്‌സിൽ രണ്ട് വിക്കറ്റുകളുമാണ് ജഡേജ സ്വന്തമാക്കിയത്. ബാറ്റെടുത്തപ്പോഴും ജഡേജ ഫോം തുടർന്നു. 70 റൺസാണ് ജഡേജ നേടിയത്. 185 പന്തുകളിൽ നിന്നായിരുന്നു ജഡേജയുടെ തകർപ്പൻ ഇന്നിങ്‌സ്. ഒമ്പത് ഫോറുകളും ജഡേജ കണ്ടെത്തി. ഇന്നിങ്‌സിനും 132 റൺസിനുമായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യ ഇന്നിങ്‌സിൽ 177 റൺസിന് പുറത്തായ ആസ്‌ട്രേലിയക്ക് രണ്ടാംഇന്നിങ്‌സിൽ മൂന്നക്കം പോലും കടക്കാനായില്ല. 91 റൺസിന് എല്ലാവരും പുറത്ത്.

രണ്ടാം ഇന്നങ്‌സിൽ രവിചന്ദ്ര അശ്വിനായിരുന്നു പന്ത് കൊണ്ട് മായാജാലം തീർത്തത്. 12 ഓവർ എറിഞ്ഞ അശ്വിൻ അഞ്ച് പേരെ പറഞ്ഞയച്ചു. ഷമി, രവിന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ അക്‌സർ പട്ടേൽ ഒരു വിക്കറ്റെടുത്തു. രണ്ടാം ഇന്നങ്‌സിൽ ആസ്ട്രേലിയന്‍ നിരയില്‍ ഏഴ് പേർക്ക് രണ്ടക്കം പോലും കടക്കാനായില്ല. 25 റൺസെടുത്ത സ്റ്റീവൻ സ്മിത്താണ് ടോപ് സ്‌കോറർ.

TAGS :

Next Story