Quantcast

മുംബൈയെ പൂട്ടിക്കെട്ടി ഗുജറാത്ത്; ഇനി ഫൈനൽപ്പൂരം

62 റൺസിനാണ് ​ടൈറ്റൻസ് രോഹിത് പടയെ പരാജയപ്പെടുത്തി വീട്ടിലേക്കയച്ചത്.

MediaOne Logo

Web Desk

  • Updated:

    2023-05-26 19:05:03.0

Published:

26 May 2023 7:04 PM GMT

gujarat beats mumbai for 62 runs and enter to final
X

അഹമ്മദാബാദ്: കണക്ക് തീർക്കാനിറങ്ങിയ മുംബൈ ഗുജറാത്ത് തീപ്പൊരിക്ക് മുന്നിൽ ചാരമായി. ശുഭ്മാൻ ഗില്ലിന്റെ മാസ്മരിക ബാറ്റിങ് കരുത്തിൽ ഉയർത്തിയ 233 റൺസെന്ന കൂറ്റൻ സ്‌കോർ പിന്തുടർന്ന രോഹിത് പട ലക്ഷ്യത്തിന് 62 റൺസകലെ മുട്ടുമടക്കി. മുംബൈ നിരയിലെ പത്ത് വിക്കറ്റും വീഴത്തിയാണ് നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് വീണ്ടും ഫൈനലിലേക്ക് അനായാസം കടന്നുകയറിയത്.

28ന് അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് രാജ്യത്തെ കായികപ്രേമികൾ ഉറ്റുനോക്കുന്ന ആവേശകരമായ ഫൈനൽ. മഹേന്ദ്രസിങ് ധോണിയുടെ നായകത്വത്തിൽ തകർപ്പൻ ഫോമോടെ ഒന്നാം ക്വാളിഫയറിൽ ഗുജറാത്തിനെ തോൽപ്പിച്ചാണ് ചെന്നൈ ഫൈനലിലേക്ക് പറന്നുകയറിയത്. തങ്ങളെ തോൽപ്പിച്ച അതേ ചെന്നൈയുമായി ഫൈനൽ പോരാട്ടത്തിനൊരുങ്ങുകയാണ് ഗുജറാത്ത്.

ഇന്ന് ക്യാപ്റ്റൻ രോഹിത് ശർമ ഒരിക്കൽക്കൂടി നിരാശയേകിയ മത്സരത്തിൽ 38 പന്തിൽ 61 റൺസ് തികച്ച സൂര്യകുമാർ യാദവ്, 14 പന്തിൽ 43 റൺസുമായി മിന്നുംപ്രകടനം കാഴ്ചവച്ച തിലക് വർമ, 20 ബോളിൽ 30 റൺസ് നേടിയ കാമറൂൺ ഗ്രീൻ എന്നിവർ മാത്രമാണ് മുംബൈയെ വലിയ നാണക്കേടിൽ നിന്നും രക്ഷിച്ചത്. മറ്റുള്ളവരെല്ലാം ഒറ്റയക്കത്തിൽ കൂടാരം കയറിയ മത്സരത്തിൽ അഞ്ച് വിക്കറ്റെടുത്ത മോഹിത് ശർമയാണ് മുംബൈയുടെ നടുവൊടിച്ചത്.

തുടക്കം തന്നെ തകർച്ചയോടെയായിരുന്നു മുംബൈയുടെ മറുപടി ബാറ്റിങ്. ഓപണിങ് ജഴ്‌സിയിൽ ഇറങ്ങിയ ഇംപാക്ട പ്ലയർ നെഹാൽ വധേരയാണ് ആദ്യം മടങ്ങിയത്. പിന്നാലെ രണ്ടാം ഓവറിൽ ക്യാപ്റ്റനേയും നഷ്ടമായി. പിന്നീട് ക്രീസിലുണ്ടായിരുന്ന തിലക് വർമയും സൂര്യകുമാർ യാദവും ചേർന്ന് അതിവേഗം സ്‌കോറിന്റെ വേഗം കൂട്ടി ടീമിന് ഒരുവേള വിജയപ്രതീക്ഷ നൽകി.

മൂന്നാമനായിറങ്ങിയ ഗ്രീൻ പരിക്കിനെതുടർന്ന് തിരികെ കയറിയതോടെയാണ് തിലക് വർമയെത്തി ശുഭപ്രതീക്ഷ നൽകിയത്. പിന്നീട് വർമ മടങ്ങിയതോടെയാണ് ഗ്രീൻ വീണ്ടുമെത്തി ഭേദപ്പെട്ട സ്‌കോർ അടിച്ചെടുത്തത്. എന്നാൽ ഇവരെ മൂന്ന്് പേരുടെ പ്രകടനം കൊണ്ട് മാത്രം ടീമിനെ വിജയതീരത്തെത്തിക്കാനായില്ല. ഗ്രീനും സൂര്യകുമാറും വീണതോടെ പിന്നീടെത്തിയവരെല്ലാം ഒന്നിനു പിറകെ ഒന്നാകെ കൂടാരം കയറുകയായിരുന്നു.

ഒടുവിൽ 18.2 ഓവറിൽ മോഹിത് ശർമയുടെ പന്തിൽ ഡേവിഡ് മില്ലറുടെ കൈകളിൽ കുമാർ കാർത്തികേയ കുടുങ്ങിയതോടെ മുംബൈയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു. 171 റൺസിന് ഓൾ ഔട്ട്.

നേരത്തെ, ശുഭ്മൻ ഗില്ലിന്റെ കിടിലൻ സെഞ്ച്വറിയുടെ ബലത്തിലാണ് ഗുജറാത്ത് റൺമല ഉയർത്തിയത്. നിർണായക മത്സരത്തിൽ സീസണിലെ മൂന്നാം സെഞ്ച്വറി കുറിച്ച ഗിൽ, 60 പന്തിൽ 129 റൺസാണ് അടിച്ചുകൂട്ടിയത്.

സായ് സുദർശൻ 43 റൺസെടുത്തപ്പോൾ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 28 റൺസെടുത്തു. ഓപണർ വൃദ്ധിമാൻ സാഹ 18 റൺസ് നേടി. റാഷിദ് ഖാൻ രണ്ട് പന്തിൽ അഞ്ച് റൺസും സംഭാവന ചെയ്തു. കേവലം മൂന്ന് വിക്കറ്റ് നഷ്ടത്തിലായിരുന്നു ഗുജറാത്തിന്റെ 233 റൺസ്.

TAGS :

Next Story