Quantcast

വീണ്ടും മില്ലർ-തെവാട്ടിയ ഷോ; പടയോട്ടം തുടർന്ന് ഗുജറാത്ത്

വിരാട് കോഹ്‌ലിയുടെ അർധസെഞ്ച്വറിയടക്കം ചേർത്ത് ബംഗ്ലൂർ നേടിയ 170 റൺസ് മൂന്നു പന്ത് ബാക്കി നിൽക്കേ ടീം മറികടന്നു

MediaOne Logo

Sports Desk

  • Updated:

    2022-04-30 14:32:18.0

Published:

30 April 2022 2:25 PM GMT

വീണ്ടും മില്ലർ-തെവാട്ടിയ ഷോ; പടയോട്ടം തുടർന്ന് ഗുജറാത്ത്
X

ഇന്ത്യൻ പ്രീമിയർ ലീഗിൽ പുതിയ മുഖമാണെങ്കിലും വിജയക്കുതിപ്പ് തുടരുന്ന ഗുജറാത്ത് ടൈറ്റൻസിന് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മുന്നിലും പതറിയില്ല. വിരാട് കോഹ്‌ലിയുടെ അർധസെഞ്ച്വറിയടക്കം ചേർത്ത് ബംഗ്ലൂർ നേടിയ 170 റൺസ് മൂന്നു പന്ത് ബാക്കി നിൽക്കേ ടീം മറികടന്നു. രാഹുൽ തെവാട്ടിയയും ഡേവിഡ് മില്ലറും അവസാനം ആഞ്ഞടിച്ചപ്പോൾ വിജയം പോയൻറ് പട്ടികയിലെ മുമ്പന്മാർക്കൊപ്പം നിന്നു. തെവാട്ടിയ 25 പന്തിൽ 43 റൺസും മില്ലർ 24 പന്തിൽ 39 റൺസുമാണ് നേടിയത്.


ഓപ്പണർമാരായ വൃദ്ധിമാൻ സാഹ(29)യും ശുഭ്മാൻ ഗില്ലും(31) മികച്ച തുടക്കമാണ് ഗുജറാത്തിന് നൽകിയത്. വൺഡൗണിറങ്ങിയ സായ് സുദർശൻ 20 റൺസ് നേടിയപ്പോൾ മികച്ച ഫോമിലുള്ള നായകൻ ഹാർദിക് പാണ്ഡ്യ കേവലം മൂന്നു റൺസുമായി പുറത്തായി. ശഹബാസ് അഹമ്മദിന്റെ പന്തിൽ മഹിപാൽ ലോംറോറിന് പിടികൊടുത്തായിരുന്നു ക്യാപ്റ്റന്റെ മടക്കം. ഓപ്പണറായ ഗില്ലിനെയും ശഹബാസാണ് മടക്കിയത്. എൽബിഡബ്ല്യൂ ആക്കുകയായിരുന്നു. മറ്റൊരു ഓപ്പണറായ സാഹയെ വാനിന്ദു ഹസരംഗയും പുറത്താക്കി. പിന്നീടാണ് വിജയം കൊണ്ടുവന്ന മില്ലറും തെവാട്ടിയയും ഒരുമിച്ചത്. അതോടെ വിജയം ഗുജറാത്ത് തീരത്തണയുകയായിരുന്നു. ഒമ്പത് മത്സരങ്ങളിൽ നിന്ന് 16 പോയൻറുമായി ഒന്നാം സ്ഥാനത്താണ് നിലവിൽ ഗുജറാത്ത് ടൈറ്റൻസുള്ളത്.



ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബാംഗ്ലൂർ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കോഹ്‌ലിയുടെ ബാറ്റ് വീണ്ടും ശബ്ദിച്ചപ്പോൾ മോശമല്ലാത്ത ടോട്ടൽ നേടുകയായിരുന്നു. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ബാംഗ്ലൂർ 170 റൺസാണെടുത്തത്. സ്‌കോർ 11 എത്തിനിൽക്കെ ക്യാപ്റ്റൻ ഡുപ്ലസിയുടെ വിക്കറ്റ് നഷ്ടപ്പെട്ട് ടീം തകർച്ച നേരിടുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് കോഹ്‌ലി സെൻസിബിൾ ഇന്നിങ്‌സുമായി ടീമിനെ നയിച്ചത്. കോഹ്‌ലിക്ക് പുറമേ രജത് പട്ടീദാറും ബാംഗ്ലൂരിനായി അർധസെഞ്ച്വറി കണ്ടെത്തി. 53 പന്തിൽ ആറ് ബൌണ്ടറിയും ഒരു സിക്‌സറുമുൾപ്പടെ കോഹ്‌ലി 58 റൺസെടുത്തപ്പോൾ പട്ടീദാർ 32 പന്തിൽ അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറുമുൾപ്പടെ 52 റൺസെടുത്തു. അവസാന ഓവറുകളിൽ തകർത്തെടുത്ത ഗ്ലെൻ മാക്‌സ്വെല്ലും ബാംഗ്ലൂരിനായി കാര്യമായ സംഭാവന ചെയ്തു. 18 പന്തിൽ മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറുമുൾപ്പടെ 33 റൺസാണ് മാക്‌സ്വെൽ ഡെത്ത് ഓവറുകളിൽ അടിച്ചെടുത്തത്. ഗുജറാത്തിനായി പ്രദീപ് സാങ്വാൻ രണ്ട് വിക്കറ്റെടുത്തു.

അർധ സെഞ്ച്വറിയുമായി ഫോമിലേക്ക് തിരിച്ചെത്തി കോഹ്ലിയെ വിക്കറ്റിന് മുന്നിൽ കുടുക്കിയത് മുഹമ്മദ് ഷമിയാണ്. ഐപിഎല്ലിലെ ഈ സീസണിലെ 9 മത്സരങ്ങളിൽ നിന്ന് 128 റൺസായിരുന്നു ഇതുവരെ കോഹ്ലിയുടെ സമ്പാദ്യം. ആദ്യ മത്സരത്തിലെയും നാലാം മത്സരത്തിലെയും പ്രകടനം മാറ്റി നിൽത്തിയാൽ സീസണിൽ മോശം പ്രകടനമാണ് കോഹ്ലി കാഴ്ച്ചവെച്ചത്. കളിച്ച 10 മത്സരങ്ങളിലെ രണ്ട് മത്സരങ്ങളിൽ തുടർച്ചയായി പൂജ്യത്തിന് പുറത്തായതും താരത്തിനെതിരെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

Gujarat Titans won against Royal Challengers Bangalore

TAGS :

Next Story