Quantcast

'നിങ്ങൾക്ക്‌ സമനില നേടിത്തന്ന അമ്പയറെക്കൂടി വിളിക്കൂ': ഹർമൻപ്രീതിന്റെ പരിഹാസം, ഇറങ്ങിപ്പോയി ബംഗ്ലാദേശ് കളിക്കാർ

ഹർമൻപ്രീതിന്റെ വിക്കറ്റിൽ തുടങ്ങിയ വിവാദം പരമ്പര വിജയികൾക്കുള്ള ഫോട്ടോഷൂട്ടിൽ വരെ എത്തി.

MediaOne Logo

Web Desk

  • Updated:

    2023-07-24 12:12:10.0

Published:

24 July 2023 12:11 PM GMT

നിങ്ങൾക്ക്‌ സമനില നേടിത്തന്ന അമ്പയറെക്കൂടി വിളിക്കൂ: ഹർമൻപ്രീതിന്റെ പരിഹാസം, ഇറങ്ങിപ്പോയി ബംഗ്ലാദേശ് കളിക്കാർ
X

ധാക്ക: വനിതാ ക്രിക്കറ്റിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിലെ മത്സരത്തിൽ അത്യന്തം നാടകീയ സംഭവങ്ങളാണ് അരങ്ങേറിയിരുന്നത്. ഇന്ത്യൻ ക്യാപ്റ്റന്‍ ഹർമൻപ്രീത് കൗറാണ്‌ വിവാദത്തിന് തിരികൊളുത്തിയത്. ഹർമൻപ്രീതിന്റെ വിക്കറ്റിൽ തുടങ്ങിയ വിവാദം പരമ്പര വിജയികൾക്കുള്ള ഫോട്ടോഷൂട്ടിൽ വരെ എത്തി.

സ്വീപ് ഷോട്ടിന് ശ്രമിച്ച ഹർമൻപ്രീതിന് പിഴച്ചപ്പോൾ പന്ത് കാലിൽ കൊള്ളുകയായിരുന്നു. ബംഗ്ലാദേശ് താരങ്ങളുടെ അപ്പീലിൽ അമ്പയർ ഔട്ട് അനുവദിച്ചു. എന്നാൽ പാഡിൽ പന്ത് കൊള്ളുന്നതിന് മുമ്പ് ഗ്ലൗസിൽ തട്ടിയെന്നും അതിനാൽ ഔട്ട് അല്ല എന്നുമായിരുന്നു ഹർമൻപ്രീതിന്റെ നിലപാട്. അമ്പയർ വിരലുയർത്തിയതിൽ പ്രകോപിതയായ താരം സ്റ്റമ്പ് ബാറ്റുകൊണ്ട് അടിച്ചിട്ടു. പവലിയനിലേക്ക് മടങ്ങവെ അമ്പയറോട് രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. മത്സരത്തില്‍ ഡി.ആര്‍.എസ് ഇല്ലായിരുന്നു.

ഇവിടം കൊണ്ടും തീർന്നില്ല കാര്യങ്ങൾ. സമ്മാനദാനചടങ്ങിൽ മോശം അമ്പയറിങ്ങിനെതിരെ താരം സംസാരിച്ചു. ഇപ്പോഴിതാ വിവാദവുമായി ബന്ധപ്പെട്ട് പുതിയ വീഡിയോ പുറത്തുവന്നിരിക്കുന്നു. പരമ്പര സമനിലയിലായതിനാൽ ട്രോഫി പരസ്പരം പങ്കിടുകയായിരുന്നു. ട്രോഫിയും വെച്ച് രണ്ട് ടീമുകളും ഒരുമിച്ചുള്ള ഫോട്ടോഷൂട്ടും ഉണ്ടായിരുന്നു. ഈ ഫോട്ടോഷൂട്ടിനിടെ ഹർമൻപ്രീത് കൗർ ബംഗ്ലാദേശ് താരങ്ങളോട് മോശമായി സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

''നിങ്ങൾ മാത്രം ഇവിടെ എന്തിന് വന്നു, നിങ്ങൾ മത്സരം സമനിലയിൽ ആക്കിയിട്ടില്ല. അമ്പയർമാർ നിങ്ങൾക്ക് വേണ്ടി അതുചെയ്തതാണ്. അവരെക്കൂടി ഫോട്ടോ ഷൂട്ടിന് വിളിക്കൂ, ഒരുമിച്ച് ഫോട്ടോ എടുക്കാം'' -ഇതായിരുന്നു കൗറിന്റെ വാക്കുകള്‍.

കൗറിന്റെ വാക്കുകൾ ഇഷ്ടമാകാത്തതിനെത്തുടർന്ന് ബംഗ്ലാദേശ് കളിക്കാർ ഫോട്ടോഷൂട്ട് ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. ഇന്ത്യൻ ക്യാപ്റ്റന്‍ മര്യാദയില്ലാത്ത പെരുമാറ്റമാണ് നടത്തിയതെന്ന് ബംഗ്ലാദേശ് ക്യാപ്റ്റൻ വ്യക്തമാക്കി. അതേസമയം കളിക്കിടെ സ്റ്റമ്പ് അടിച്ചുതെറിപ്പിച്ചതിന് കൗറിനെതിരെ നടപടി വന്നേക്കും. കൗറിന്റെ നടപടി മോശമായിപ്പോയി എന്ന വിലയിരുത്തലുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

Watch Video

TAGS :

Next Story