ഹർഷിത് റാണ എങ്ങനെ മൂന്ന് ഫോർമാറ്റിലും; ചർച്ചകൾക്ക് ചൂടുപിടിക്കുന്നു
മുഹമ്മദ് ഷമിയും സിറാജും അടക്കമുള്ള താരങ്ങൾ പുറത്തിരിക്കുകയാണ് ഹർഷിത് റാണയ്ക്ക് ടീമിൽ ഇടം ലഭിക്കുന്നത്

ന്യൂഡൽഹി: ഓസ്‌ട്രേലിയക്ക് എതിരെയുളള ഏകദിന, ടി20 ടീമുകളെ പ്രഖ്യാപിച്ചപ്പോൾ സർപ്രൈസുകൾ ഏറെയുണ്ടായിരുന്നു. രോഹിത് ശർമക്ക് പകരം ശുഭ്മാൻ ഗിൽ ക്യാപ്റ്റനാകുന്നു, രവീന്ദ്ര ജഡേജ ഏകദിന ടീമിലില്ല, ധ്രുവ് ജുറേൽ മടങ്ങിവരുന്നു. എന്നിങ്ങനെ നിരവധി ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങൾ അതിലുണ്ടായിരുന്നു. പക്ഷേ അതിനേക്കാളെല്ലാം കൗതുകമുണർത്തിയ ഒരാളുണ്ടായിരുന്നു ഹർഷിത് റാണ.
മൂന്ന് ഫോർമാറ്റുകളിലും ടീമിൽ ഇടംപിടിച്ചതാണ് എല്ലാവരെയും ഞെട്ടിച്ചത്. ഗിൽ കഴിഞ്ഞാൽ മൂന്ന് ഫോർമാറ്റിലും ഇടം പിടിച്ച ഒരേയൊരു താരം. ഇങ്ങനെ ഒരു വിശ്വസ്ത പ്ലേയറായി മാറാൻ മാത്രം ഈ പേസർ എന്താണ് ചെയ്തത് എന്നാണ് ഒരേ സ്വരത്തിൽ ഉയരുന്ന ചോദ്യം.
23 കാരനായ ഹർഷിത് റാണ ന്യൂഡൽഹിയിലാണ് ജനിച്ചത്. 1.88 മീറ്റർ ഉയരക്കാരനായ റാണയെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സ്‌കൗട്ടിങ് സംഘമാണ് കണ്ടെത്തിയത്. ദുലീപ് ട്രോഫിയിൽ പന്തുകൊണ്ടും ബാറ്റുകൊണ്ടും പ്രകടനം നടത്തിയതോടെ 2024 ഐപിഎല്ലിൽ കൊൽക്കത്ത ടീമിൽ സ്ഥിര സാന്നിധ്യമായി. കൊൽക്കത്ത കപ്പടിച്ച സീസണിൽ വിക്കറ്റുകൾ എറിഞ്ഞിട്ട് ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. കൊൽക്കത്ത മെന്ററായിരുന്ന ഗംഭീർ കോച്ചായതോടെ ആദ്യം പ്രഖ്യാപിച്ച ടീമിലും ഇടം പിടിച്ചു. രണ്ട് ടെസ്റ്റ്, രണ്ട് ഏകദിനം, മൂന്ന് ട്വന്റി 20 എന്നിവയാണ് ഹർഷിത് റാണ കളിച്ചത്. പക്ഷേ ടെസ്റ്റിൽ 50 എന്ന മോശം ആവറേജിൽ 4 വിക്കറ്റും ടി20യിൽ 10ലേറെ ഇക്കോണമിയിൽ അഞ്ച് വിക്കറ്റും മാത്രമാണ് റാണയുടെ സമ്പാദ്യം. 20 ആവറേജിൽ പത്തുവിക്കറ്റുള്ള ഏകദിനത്തിലാണ് മെച്ചപ്പെട്ട പെർഫോമൻസുള്ളത്. ഇതുകൊണ്ടുതന്നെയാണ് ആരാധകർ ചോദ്യം ഉന്നയിക്കുന്നതും.
കൂടാതെ മറ്റൊരു കാര്യം കൂടി ആരാധകർ ഉന്നയിക്കുന്നു. 2024ലെ ബംഗ്ലാദശ് പരമ്പരയിലെ അവസാന ട്വന്റി 20യിൽ റാണ ഇന്ത്യക്കായി അരങ്ങേറ്റം നടത്തുമെന്ന് പ്രതീക്ഷിപ്പെട്ടിരുന്നു. പക്ഷേ വൈറൽ ഇൻഫെക്ഷനാണെന്ന് കാണിച്ച് റാണയെ അവസാന നിമിഷം മാറ്റിനിർത്തി. ഐപിഎൽ മെഗാ ലേലം നടക്കുന്നതിനാൽ അൺക്യാപ്പ്ഡ് താരമായി കൊൽക്കത്തക്ക് റാണയെ നിലനിർത്താൻ വേണ്ടിയാണ് റാണയെ കളിപ്പിക്കാതിരുന്നത് എന്നായിരുന്നു അന്നുയർന്ന വിമർശനം. കൊൽക്കത്തയെ അൺക്യാപ്പ്ഡ് പ്ലയർ ക്വാട്ടയിൽ 4 കോടിക്ക് കൊൽക്കത്ത നിലനിർത്തുകയും ചെയ്തു. ഗംഭീർ ഈ ആരോപണം നിഷേധിക്കുകയും ചെയ്തു. പിന്നീട് 2024 ൽ ബോർഡർ ഗവാസ്‌കർ ട്രോഫിയിലാണ് റാണ അരങ്ങേറ്റം നടത്തിയത്.
മുഹമ്മദ് ഷമി അടക്കം ആരാധകർ പ്രതീക്ഷിച്ച പല താരങ്ങളും പുറത്തിരിക്കുന്ന സാഹചര്യത്തിൽ എങ്ങനെയാണ് ഇംപാക്ട് ഉണ്ടാക്കാത്ത താരം ഇന്ത്യക്കായി മൂന്ന് ഫോർമാറ്റിലും ഫസ്റ്റ് ഇലവനിൽ ഉൾപ്പെടുന്നത് എന്നതാണ് ആരാധകർ ഉയർത്തുന്ന ചോദ്യം. ഏഷ്യാ കപ്പിൽ രണ്ട് മത്സരങ്ങൾ കളിച്ച റാണ 2 വിക്കറ്റിന് 79 റൺസ് വഴങ്ങിയ പ്രകടനം വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഐപിഎലിൽ പർപ്പിൾ ക്യാപ് നേടിയ പ്രസിദ്ധ് കൃഷ്ണക്കു മേൽ അവസരം നൽകിയതിനെ മുൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര വിമർശിച്ചിരുന്നു.
ഗംഭീറിന്റെ ഫേവറിറ്റിസമായി ഇതിനെ വിലയിരുത്തുന്നവരുണ്ട്. ഇന്ത്യൻ ക്രിക്കറ്റിൽ റാണക്ക് ഒരു സ്ഥിരം കോട്ടയുണ്ടെന്നും, ശുഭ്മൻ ഗില്ലിനെ പോലും മറികടന്ന് ക്യാപ്റ്റൻ വരെ ആകും എന്നിങ്ങനെ പോവുന്നു ട്രോളുകൾ. ഇതോടെ ജിജി ക്വാട്ട എന്ന പുതിയ വാക്കും ക്രിക്കറ്റ് ട്രോൾ ഡിക്ഷണറിയിൽ ആരാധകർ ഉയർത്തുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പലപ്പോഴും സ്വജനപക്ഷപാതം വിമർശന വിധേയമാവാറുണ്ട്. ഏഷ്യാ കപ്പിൽ പ്രൂവ്ഡ് പ്ലേയർ ആയ യശസ്വി ജയ് സ്വാളിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നതും സഞ്ജു സാംസണിനെ ഓപ്പണിംഗ് സ്ഥാനത്തു നിന്ന് മാറ്റിയതും എല്ലാം വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാൽ ഒരു മൾട്ടി ഫോർമാറ്റ് ബൗളർ ആയി ഹർഷിത് റാണക്ക് വളർന്ന് വരാൻ സാധിക്കും എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. ആഭ്യന്തര തലത്തിൽ ബൗളിംഗ് ആൾറൗണ്ടർ എന്ന രീതിയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട് എന്നതും റാണയുടെ പോസിറ്റീവ് സൈഡ് ആണ്. പരിഹാസങ്ങളെ മറി കടന്ന് റാണക്ക് മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ സാധിക്കുമോ കാത്തിരിക്കാം
Adjust Story Font
16

