Quantcast

'ബസും ട്രക്കും ട്രാക്ടറുമൊക്കെ ഓടിച്ചിട്ടുണ്ട്': ആ കാലം പറഞ്ഞ് മുഹമ്മദ് ഷമി

''കഴിവുള്ള ആളുകൾക്ക് ഇവിടെയൊരു വിലയുമില്ലെന്ന് സഹോദരനോട് പിന്നീട് ആരൊക്കെയോ പറഞ്ഞു. കയ്യിലുണ്ടായിരുന്ന ഫോം കീറിയിട്ട് സഹോദരൻ പറഞ്ഞു, ഇനി മുതൽ ഇവിടെ കളിക്കേണ്ട. ഉത്തർപ്രദേശ് ക്രിക്കറ്റിലെ അവസാന ദിവസമായിരുന്നു അന്ന്''

MediaOne Logo

Web Desk

  • Updated:

    2023-11-25 14:29:02.0

Published:

25 Nov 2023 2:23 PM GMT

Mohammed Shami
X

മുഹമ്മദ് ഷമി അമ്മ അനും ആരയ്‌ക്കൊപ്പം 

കൊല്‍ക്കത്ത: 2023ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ശേഷം ഏറ്റവും കൂടുതല്‍ കേട്ട പേരുകളിലൊന്ന് ഇന്ത്യയുടെ സ്റ്റാർ പേസർ മുഹമ്മദ് ഷമിയുടേതാണ്. 24 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായാണ് ഷമി ക്യാമ്പയിൻ അവസാനിപ്പിച്ചത്. ആദ്യ മത്സരങ്ങളിൽ ബെഞ്ചിൽ ഇരുന്ന ശേഷം തകർപ്പൻ തിരിച്ചുവരവാണ് ഷമി നടത്തിയത്.

ന്യൂസിലാൻഡിനെതിരായ സെമി മത്സരത്തിൽ ഏഴ് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ലോകകപ്പിലെ സെമിയിൽ ഏഴ് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന നേട്ടവും ഷമി സ്വന്തമാക്കിയിരുന്നു.

ഉത്തർപ്രദേശിലെ ദരിദ്ര കുടുംബത്തിൽ നിന്നാണ് ഷമി ലോകം അറിയപ്പെടുന്ന കളിക്കാരനിലേക്ക് എത്തുന്നത്. ജന്മം കൊണ്ട് ഉത്തർപ്രദേശുകാരനാണെങ്കിലും ക്രിക്കറ്റ് കരിയർ വളർന്നതും വിളവെടുക്കുന്നതുമെല്ലാം പശ്ചിമബംഗാളിലൂടെയാണ്. എങ്ങനെയാണ് ക്രിക്കറ്റിലേക്ക് എത്തിയതെന്നും എന്തൊക്കെയാണ് ചെറുപ്പകാലത്ത് ചെയ്തതെന്നും പറയുകയാണ് ഷമി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷമി മനസ് തുറക്കുന്നത്.

''യാത്ര ചെയ്യാനും വാഹനമോടിക്കാനും മീൻ പിടിക്കാനുമൊക്കെ ഒത്തിരി ഇഷ്ടപ്പെടുന്നയാളാണ്. ബൈക്കും കാറുമൊക്കെ ഓടിക്കും. എന്നാൽ ഇന്ത്യക്ക് വേണ്ടി കളിച്ചതിന് ശേഷം ബൈക്ക് ഓടിക്കുന്നത് നിർത്തി. എനിക്ക് പരിക്കേറ്റാലോ? ഹൈവേയിലൂടെയും ചിലപ്പോൾ അമ്മയെ കാണാൻ വേണ്ടി ഗ്രാമത്തിലൂടെയുമൊക്കെ ബൈക്കുമായി കറങ്ങാറുണ്ട്''- ഷമി പറയുന്നു.

''ട്രാക്ടറും ബസും ട്രക്കുമൊക്കെ ഓടിച്ചിട്ടുണ്ട്. എന്റെയൊരു ബാല്യകാല സുഹൃത്തിന്റെ വീട്ടിൽ ട്രക്കുണ്ട്. അവൻ എന്നോട് ഓടിക്കാൻ പറഞ്ഞപ്പോൾ ഞാൻ അത് എടുത്ത് ഓടിച്ചു. നന്നെ, ചെറുപ്പത്തിലാണിതൊക്കെ ചെയ്യുന്നത്. ഒരിക്കൽ ഞങ്ങളുടെ ട്രാക്ടറെടുത്ത് വയലിലേക്ക് ഓടിച്ചുകൊണ്ടുപോയി, അന്ന് പിതാവ് എന്നെ ചീത്ത പറഞ്ഞു''- ഷമി പറഞ്ഞു.

ഉത്തർപ്രദേശ് ടീമിൽ എടുക്കാത്തതിനെപ്പറ്റിയും ഇതെ അഭിമുഖത്തിൽ ഷമി പറയുന്നുണ്ട്. ഷമിയുടെ സഹോദരനാണ് മുഖ്യ സെലക്ടറോട് ഇക്കാര്യം ചോദിക്കുന്നത്.

''നിങ്ങൾക്ക് ഞാനിരിക്കുന്ന കസേര ഇവിടെ നിന്ന് മാറ്റാൻ കഴിയുമെങ്കിൽ ടീമിലെടുക്കാം എന്നായിരുന്നു സെലക്ടർ സഹോദരനോട് പറഞ്ഞത്. കസേര മാറ്റാൻ മാത്രമല്ല, അത് എടുത്ത് മറിച്ചിടാൻ വരെ കഴിയും. പക്ഷേ ഞാൻ അത് ചെയ്യില്ല. കഴിവുണ്ടെങ്കിൽ അവനെ ടീമിലെടുക്കണം എന്ന് സഹോദരൻ തറപ്പിച്ചുപറഞ്ഞു. കഴിവുള്ള ആളുകൾക്ക് ഇവിടെയൊരു വിലയുമില്ലെന്ന് സഹോദരനോട് പിന്നീട് ആരൊക്കെയോ പറഞ്ഞു. കയ്യിലുണ്ടായിരുന്ന ഫോം കീറിയിട്ട് സഹോദരൻ പറഞ്ഞു, ഇനി മുതൽ ഇവിടെ കളിക്കേണ്ടെന്ന്. ഉത്തർപ്രദേശ് ക്രിക്കറ്റിലെ അവസാന ദിവസമായിരുന്നു അന്ന്''- ഷമി പറഞ്ഞു.

''പതിനഞ്ചാം വയസിലാണ് കൊൽക്കത്തയിലേക്ക് വണ്ടി കയറുന്നത്. അവിടെ നിന്നാണ് കളിക്കാനുള്ള ആവേശവും അനുഭവസമ്പത്തും എനിക്ക് ആവോളം ലഭിച്ചത്. നാല്-അഞ്ച് വർഷങ്ങൾക്ക് ശേഷം എന്നിലെ ക്രിക്കറ്റ് കളിക്കാരൻ രൂപപ്പെട്ടു. ഒരിക്കൽ അവിടെ ഒരു ക്ലബ്ബിന് വേണ്ടി കളിക്കാൻ അവസരം ലഭിച്ചു. പ്രതിഫലമായി ഒന്നും തന്നില്ല. കഷ്ടപ്പെട്ട് അവിടം കഴിഞ്ഞ്കൂടി. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ദിവസം ക്ലബ്ബിന്റെ ഭാരവാഹികൾ എനിക്ക് 25,000 തന്നു''- ഷമി പറഞ്ഞു.

Summary-"Have Driven Bus, Truck, Tractor": Mohammed Shami Reveals

TAGS :

Next Story