Quantcast

റാഞ്ചിയിൽ ഇന്ത്യക്ക് ആവേശജയം ; ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത് 17 റൺസിന്

MediaOne Logo

Sports Desk

  • Published:

    30 Nov 2025 10:50 PM IST

റാഞ്ചിയിൽ ഇന്ത്യക്ക് ആവേശജയം ; ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത് 17 റൺസിന്
X

റാഞ്ചി : ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 17 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എടുത്ത 349 റൺസ് പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്കൻ ഇന്നിങ്‌സ് 49.2 ഓവറിൽ 332 റൺസിലവസാനിച്ചു. ഇന്ത്യക്കായി കുൽദീപ് യാദവ് നാലും ഹർഷിത് റാണ മൂന്ന് വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി കരുത്തിലാണ് 349 എന്ന ഭേദപ്പെട്ട ടോട്ടലിലെത്തിയത്. അർധ സെഞ്ച്വറിയുമായി രോഹിത് ശർമ, കെ.എൽ രാഹുൽ എന്നിവരും ഇന്ത്യൻ ഇന്നിങ്സിന് കരുത്തേകി. ദക്ഷിണാഫ്രിക്കക്കായി മാർകോ യാൻസൻ, നന്ദ്രേ ബർഗർ, കോർബിൻ ബോഷ്, ഓട്ട്നീൽ ബാർട്ട്മാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ പേസർമാർ വിറപ്പിച്ചു. സ്കോർബോർഡിൽ 11 റൺ കൂട്ടിച്ചേർക്കും മുമ്പേ നായകൻ എയ്ഡൻ മാർക്രമിന്റേതടക്കം മൂന്ന് വിക്കറ്റുകളാണ്‌ ഇന്ത്യൻ ബോളർമാർ നേടിയത്. നാലാം വിക്കറ്റിൽ ടോണി ഡി സോഴ്സിയെയും, പിന്നാലെയെത്തിയ ഡെവാൾഡ് ബ്രെവിസിനെയും കൂട്ടുപിടിച്ച് മാത്യു ബ്രെറ്റ്സ്കീ ദക്ഷിണാഫ്രിക്കൻ ഇന്നിങ്‌സ് മുന്നോട്ട് നീക്കി. ഹർഷിത് റാണയുടെ ഓവറിൽ ഗെയ്ക്ക്വാഡിന് ക്യാച്ച് നൽകി ബ്രെവിസ് മടങ്ങിയപ്പോൾ ഇന്ത്യ വിജയമുറപ്പിച്ചെങ്കിലും ആറാം വിക്കറ്റിൽ ഇറങ്ങിയ മാർകോ യാൻസൻ തകർത്തടിച്ചു. ബ്രെറ്റ്സ്‌കിക്കൊപ്പം ചേർന്ന് മികച്ച കൂട്ടുകെട്ട് തീർത്ത താരം ഒരു വേള ഇന്ത്യയുടെ കയ്യിൽ നിന്നും വിജയം റാഞ്ചിയെടുത്തെന്ന് തോന്നിപ്പിച്ചു.

മുപ്പത്തി നാലാം ഓവറിൽ ബ്രെറ്റ്സ്‌കിയെയും യാൻസനേയും പുറത്താക്കി കുൽദീപ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. വാലറ്റക്കാരായ പ്രെനെലൻ സുബ്രയൻ, നന്ദ്രേ ബർഗർ എന്നിവരെ കൂട്ടുപിടിച്ച് കോർബിൻ ബോഷ് വിജയത്തിലേക്ക് ബാറ്റ് വീശിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബോളർമാർ വിജയമുറപ്പിച്ചു.

ജയത്തോടെ മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി. ഡിസംബർ 3 ന് റായ്പൂരിലാണ് രണ്ടാം ഏകദിനം.

TAGS :

Next Story