Quantcast

ഇംഗ്ലണ്ടിന് ജയിക്കാൻ 35 റൺസ്, നാല് വിക്കറ്റ് എറിഞ്ഞിടാൻ ഇന്ത്യ; ഓവലിൽ ഇന്ന് ആകാംക്ഷയുടെ നിമിഷങ്ങൾ

35 റൺസകലെ 3-1 എന്ന ആധികാരിക നമ്പറിൽ ഇംഗ്ലണ്ടിന് വിജയിക്കാം. പരിക്കേറ്റ വോക്സടക്കം 4 വിക്കറ്റകലെ ഇന്ത്യക്ക് അത്ഭുത വിജയമിരിക്കുന്നു.

MediaOne Logo

Sports Desk

  • Updated:

    2025-08-04 05:43:04.0

Published:

4 Aug 2025 10:03 AM IST

ഇംഗ്ലണ്ടിന് ജയിക്കാൻ 35 റൺസ്, നാല് വിക്കറ്റ് എറിഞ്ഞിടാൻ ഇന്ത്യ; ഓവലിൽ ഇന്ന് ആകാംക്ഷയുടെ നിമിഷങ്ങൾ
X

ലണ്ടൻ: ഇവിടെ ഒന്നും അവസാനിച്ചിട്ടില്ല. വിജയത്തിലേക്ക് ഒരു റൺസ് മാത്രമാണെങ്കിലും അത് നിങ്ങൾ അടിച്ചെടുക്കും വരെ പോരാട്ടം തുടരുമെന്ന സൂചനതന്നെയാണ് ഇന്ത്യൻ പേസർമാർ നൽകുന്നത്. അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയുടെ വിധി തീരുമാനമാനാകാൻ 25ാം ദിവസം വരെ കാത്തിരിക്കണം. കണ്ണുകളെല്ലാം കെന്നിങ്ടൺ ഓവലിലേക്ക്.

ഹാരി ബ്രൂക്കും ജോ റൂട്ടും ക്രീസിലുറച്ചപ്പോൾ എല്ലാം അവസാനിച്ചുവെന്ന് കരുതിയ​വർക്ക് മുന്നിൽ നാലാം ദിനം അവസാന മണിക്കൂറിൽ ഇന്ത്യ നടത്തിയത് തീപാറുന്ന പോരാട്ടം. ​പ്രതീക്ഷയുടെ കണിക പോലും ബാക്കിയില്ലെന്ന് കരുതിയ ഇടത്ത് നിന്നും എറിഞ്ഞുതീർത്തത് ഐതിഹാസിക സ്​പെല്ലുകൾ. പ്രതീക്ഷകളുമായി കുതിച്ചുപാഞ്ഞ ഓരോ പന്തിനെയും ഗ്യാലറി കൈയ്യടികളോടെയാണ് സ്വീകരിച്ചത്. ആവേശത്തിന്റെ പരകോടി, രോമാഞ്ചമണിഞ്ഞ നിമിഷങ്ങൾ.. പുല്ലിനും പിച്ചിനും പന്തിനും ഒരുപോലെ തീപിടിച്ച നിമിഷങ്ങളിൽ വിജയിച്ചത് ടെസ്റ്റ് ക്രിക്കറ്റ് കൂടിയാണ്.

മൂന്നാംദിനം അവസാനം അളന്നുകുറുക്കി എറിഞ്ഞ യോർക്കറിൽ സാക് ​ക്രോളിയെ കോർത്തെടുത്ത ആവേശത്തിലാണ് നാലാം ദിനം ഇന്ത്യ മൈതാനത്തേക്കിറങ്ങിയത്. വെയിലുദിച്ച് തുടങ്ങും മുമ്പേ ഡക്കറ്റും ഒലി പോപ്പും വീണതോടെ ഇന്ത്യക്ക് പ്രതീക്ഷകളായി. ഓവലിൽ കുറിക്കാനിരിക്കുന്നത് ഇന്ത്യയുടെ വീരോചിത ചരിത്രം തന്നെയെന്ന് എല്ലാവരും വിധി കുറിച്ചു. പക്ഷേ ഈ കഥ വേറെയായിരുന്നു. ഇതിനെ നായകരും ഹീറോകളും വേറെയാണെന്ന് തോന്നിത്തുടങ്ങി.

പതറാത്ത ചുവടുകളുമായി ജോ റൂട്ടും ബാസ്​ബാളിന്റെ ബ്രാൻഡ് അംബാസിഡറായി ഹാരി ബ്രൂക്കും ക്രീസിൽ ഒത്തുചേരുന്നു. ഇവർ കാത്തോളുമെന്ന പ്രതീക്ഷയിൽ ഇംഗ്ലീഷ് കാണികളും എറിഞ്ഞിട്ടോളുമെന്ന ഉറപ്പിൽ ഇന്ത്യൻ കാണികളും ഗ്യാലറിയിൽ അമർന്നിരുന്നു. അതിനിടെയാണ് ഡീപ്പ് ഫൈൻ ലൈഗിലേക്ക് ബ്രൂക്കിന്റെ ഒരു ഷോട്ട് ഉയരുന്നത്. അതുകണ്ട് ഗ്യാലറി മുൾമുനയിൽ അമർന്നിരുന്നു. സിറാജ് അനായാസം അത് കൈപ്പിടിയിലൊതുക്കിയെങ്കിലും ബാലൻസ് ചെയ്യാനുള്ള ശ്രമത്തിനിടെ ബൗണ്ടറി റോപ്പിൽ ചവിട്ടുന്നു. ആ ചവിട്ടിൽ ചതഞ്ഞരഞ്ഞുപോയത് ഇന്ത്യൻ പ്രതീക്ഷകൾ കൂടിയാണ്.


പിന്നീട് മൈതാനം കണ്ടത് അക്ഷരാർത്ഥത്തിൽ ഒരു ബാറ്റിങ് മാസ്റ്റർ ക്ലാസായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പർ ബാറ്റയായ റൂട്ട് ഒരറ്റത്ത് നങ്കൂരമിട്ടപ്പോൾ മറുവശത്ത് രണ്ടാം നമ്പറുകാരനായ ബ്രൂക്ക് അടിച്ചുതകർത്തു. ഇന്ത്യൻ ബൗളർമാർക്ക് ഒരു ചാൻസും കൊടുക്കാതെയുള്ള അപ്രമാധിത്യം. ഇരുവരും ക്രീസിലുറച്ചതോടെ വിജയമെന്ന പ്രതീക്ഷക്ക് മങ്ങലേറ്റുതുടങ്ങി. പേസർമാരെ അനായാസം നേരിട്ടതോടെ ഗിൽ സ്പിന്നർമാരെ വിളിച്ചു. പക്ഷേ അവർക്ക് ചെറിയ വെല്ലുവിളിപോലുമുയർത്താനായില്ല. സിറാജിനെക്കൊണ്ടും അകാശിനെക്കൊണ്ടും അവുന്ന വിധം ഗിൽ എറിയിച്ചുനോക്കി. പക്ഷേ ഇന്ത്യക്ക് അനുകൂലമായി ചെറിയ വെട്ടം പോലും ലഭിച്ചില്ല. ഒടുവിൽ ഹാരി ബ്രൂക്ക് നിശബ്ദമായ ഇന്ത്യൻ കാണികളെ നോക്കി ബാറ്റുയർത്തി. അർഹിച്ച സെഞ്ച്വറി.


പ്രതീക്ഷകളെല്ലാം അസ്തമിച്ചെന്ന് തോന്നിയ നേരമാണ് ആകാശ് ദീപിന്റെ രൂപത്തിൽ വെളിച്ചമെത്തുന്നത്. സിറാജിന് പിടികൊടുത്ത് ​ബ്രൂക്ക് മടങ്ങി. ഗ്യാലറി ഒരു മാച്ച് വിന്നിങ് ഇന്നിങ്സ് കളിച്ചപോലെയാണ് ബ്രൂക്കിനെ യാത്രയയച്ചത്. തുടർന്നെത്തിയ ജേക്കബ് ബെതൽ പതറിയാണ് ക്രീസിലേക്ക് വന്നത്. കോൺഫിഡൻസില്ലാത്ത ബെതലിന്റെ അർധ മനസ്സിലുള്ള ഷോട്ട് ക്രീസിലേക്ക് ഉയർന്നെങ്കിലും കാലുതെറ്റിയ ആകാശിന് അത് പിടിച്ചെടുക്കാനായില്ല. പക്ഷേ ഒരറ്റത്ത് റൂട്ട് ഒരു ഇളക്കവുമില്ലാതെ മുന്നേറിക്കൊണ്ടേയിരുന്നു. അതിനിടയിലാണ് മത്സരം ചായക്ക് പിരിഞ്ഞത്. ചായയുടെ ചൂടും അതിനിടയിലെത്തിയ വെള്ളത്തുള്ളികളുടെ തണുപ്പും ഒരുപോലെ ഇന്ത്യക്ക് ഗുണകരമായെന്നാണ് പിന്നീടുള്ള നിമിഷങ്ങൾ തോന്നിച്ചത്. അതിനിടയിൽ കരിയറിലെ 39ാം സെഞ്ച്വറിയിക്കായി ജോ റൂട്ട് ഒരു സൂര്യനെപ്പോലെ ബാറ്റുയർത്തി. ഈ ജനറേഷനിൽ താൻ തന്നെ മികച്ചവൻ എന്ന് തെളിയിച്ച ഇന്നിങ്സ്. പ്രതീക്ഷയുടെ ഒരു കച്ചിത്തുരുമ്പെങ്കിലും കിട്ടിയാൽ പിടിച്ചുകയറാമെന്ന പ്രതീക്ഷയിൽ ഇന്ത്യ കാത്തിരുന്നു.

ഒടുവിൽ ഇന്ത്യക്ക് സമാധാനത്തിന്റെ ദൂതുമായി പ്രസിദ് കൃഷ്ണയെത്തി. ബ്രൂക്കിന് മുന്നിൽ നിരായുധനായി നിന്ന പ്രസിദിന്റെ കംബാക്ക്. ജേക്കബ് ​ബെതൽ ബൗൾഡ്. പിന്നാലെ സിറാജും റൂട്ടിനെ വിറപ്പിച്ച ഏതാനും പന്തുകളെറിഞ്ഞു. അതിനിടയിലാണ് നാലാം ദിവസം ഇന്ത്യ ഏറ്റവും സന്തോഷിച്ച നിമിഷമെത്തുന്നത്. പ്രസിദിന്റെ പന്തിൽ ജ​ുറേലിന് ക്യാച്ച് സമ്മാനിച്ച് റൂട്ട് മടങ്ങി. അതോടെ ഗ്യാലറിയിലെ ഇന്ത്യൻ കാണികളുയർന്നു. തൊണ്ടുപൊട്ടുച്ചത്തിൽ അവർ ഇന്ത്യക്കായി ആർത്തുവിളിച്ചു.


അവരെ നോക്കി സിറാജ് ഇനിയും ഉറക്കെയെന്ന് ആംഗ്യം കാണിച്ചു. പ്രസിദും സിറാജും പിന്നീടെറിഞ്ഞ ഓരോ പന്തിലും ഇംഗ്ലണ്ട് തങ്ങളുടെ മരണം കണ്ടു. പാഡിലിടിച്ചും ബാറ്റിനെ കബളിപ്പിച്ചും കടന്നുപോകുന്ന പന്തുകളിൽ ഗ്യാലറിയുടെ ശ്വാസ നിശ്വാസങ്ങൾ ഉയർന്നുപൊന്തി. ടെസ്റ്റ് ക്രിക്കറ്റിന് മാത്രം നൽകാൻ സാധിക്കുന്ന അവി​ശ്വസനീയമായ ഉന്മാദത്തിൽ ക്രിക്കറ്റ് ലോകം ഒന്നടങ്കമമർന്നു. തീപടർന്ന മൈതാനത്തിന് മേൽ കാർമേഘങ്ങൾ പടർന്നുതുടങ്ങി. ലൈറ്റ് മീറ്റർ നോക്കി അമ്പയർമാർ കളിനിർത്തിവെച്ചു. 35 റൺസകലെ 3-1 എന്ന ആധികാരിക നമ്പറിൽ ഇംഗ്ലണ്ടിന് വിജയിക്കാം. പരിക്കേറ്റ വോക്സിന്റെ അടക്കം 4 വിക്കറ്റുകൾ എടുത്താൽ ഇന്ത്യയെ കാത്ത് അത്ഭുത വിജയമിരിക്കുന്നു.

TAGS :

Next Story