Quantcast

തകർത്തടിച്ച് യുവരാജ്; ആസ്‌ത്രേലിയൻ മാസ്റ്റേഴ്‌സിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം, ഫൈനലിൽ

42 റൺസെടുത്ത് സച്ചിനും ഇന്ത്യൻ മാസ്റ്റേഴ്‌സ് നിരയിൽ തിളങ്ങി

MediaOne Logo

Sports Desk

  • Published:

    13 March 2025 11:11 PM IST

Yuvraj Singh smashes; India posts huge score against Australian Masters
X

റായ്പൂർ: ആസ്‌ത്രേലിയൻ മാസ്‌റ്റേഴ്‌സിനെ 94 റൺസിന് തോൽപിച്ച് ഇന്ത്യ മാസ്റ്റേഴ്‌സ് ഫൈനലിൽ. റായ്പൂരിൽ നടന്ന ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗ് സെമിയിൽ ഇന്ത്യൻ മാസ്റ്റേഴ്‌സ് ഉയർത്തിയ 221 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ആസ്‌ത്രേലിയൻ മാസ്റ്റേഴ്‌സ് പോരാട്ടം 126ൽ അവസാനിച്ചു. 39 റൺസെടുത്ത ബെൻ കട്ടിങാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ ഷെയിൻ വാട്‌സൺ അഞ്ച് റൺസെടുത്ത് പുറത്തായി. ആതിഥേയർക്കായി ഷഹബാസ് നദീം നാല് വിക്കറ്റ് വീഴ്ത്തി. വിനയ് കുമാർ രണ്ട് വിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മാസ്റ്റേഴ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് പടുത്തുയർത്തി. മറുപടി ബാറ്റിങിൽ ആദ്യ ആറു ഓവറിൽ തന്നെ ആസ്‌ത്രേലിയക്ക് മൂന്ന് പ്രധാന വിക്കറ്റുകൾ നഷ്ടമായി. ഷെയിൻ വാട്‌സൺ(5), ഷോൺ മാർഷ്(21), ബെൻ ഡക്ക്(21) തുടങ്ങി പ്രധാന താരങ്ങളെല്ലാം മടങ്ങി. ഡാനിയൽ ക്രിസ്റ്റ്യൻ(2), നഥാൻ റിയർഡൻ(21) എന്നിവരും ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ കീഴടങ്ങിയതോടെ കങ്കാരുക്കളുടെ പ്രതീക്ഷകൾ അവസാനിച്ചു.

നേരത്തെ യുവരാജ് സിങിന്റെ അർധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മാസ്റ്റേഴ്‌സ് 200 കടന്നത്. 30 പന്തിൽ ഒരു ഫോറും ഏഴ് സിക്‌സറും സഹിതം യുവി 59 റൺസെടുത്തു. വിന്റേജ് യുവിയുടെ പ്രകടനത്തിനാണ് റായ്പൂർ സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. ഓസീസ് ബൗളർമാരെ ആക്രമിച്ചു കളിച്ച മുൻ ഇന്ത്യൻ ഓൾറൗണ്ടർ ട്രേഡ്മാർക്ക് ഷോട്ടുകളുമായി കളംനിറഞ്ഞു. ക്യാപ്റ്റൻ സച്ചിൻ ടെണ്ടുൽക്കറും(42), സ്റ്റുവർട്ട് ബിന്നിയും(36),യൂസുഫ് പഠാനും(23), ഇർഫാൻ പഠാനും(19 നോട്ടൗട്ട്) മികച്ച പിന്തുണ നൽകി. രണ്ടാം ഓവറിൽ ഓപ്പണർ അമ്പട്ടി റായിഡുവിനെ(5) നഷ്ടമായെങ്കിലും സച്ചിൻ-നേഗി കൂട്ടുകെട്ട് ഇന്ത്യയുടെ സ്‌കോർ ഉയർത്തി.

കഴിഞ്ഞ മത്സരങ്ങളിലെ അതേ ഫോം തുടർന്ന ലിറ്റിൽ മാസ്റ്റർ ഏഴ് ഫോറാണ് അടിച്ചെടുത്തത്. സച്ചിൻ മടങ്ങിയതോടെ റൺ ഉയർത്തേണ്ട ദൗത്യം ഏറ്റെടുത്ത യുവരാജ് ആതിഥേയരെ സുരക്ഷിത സ്‌കോറിലേക്കെത്തിച്ചു. അവസാന ഓവറുകളിൽ യൂസുഫ് പഠാനും ഇർഫാൻ പഠാനും തകർത്തടിച്ചതോടെ ഓസീസിനെതിരെ ഇന്ത്യ 220ലേക്കെത്തി.

TAGS :

Next Story