ആദ്യ ഓവറിൽ ഇരട്ട പ്രഹരം; മാഞ്ചസ്റ്റർ ടെസ്റ്റിൽ ഇന്ത്യ പതറുന്നു, ഇംഗ്ലണ്ട് 669ന് പുറത്ത്
ജോ റൂട്ടിന് പിന്നാലെ ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്‌സും സെഞ്ച്വറി സ്വന്തമാക്കി

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റർ ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ക്രിസ് വോക്‌സ് എറിഞ്ഞ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിലെ ആദ്യ ഓവറിൽ യശസ്വി ജയ്‌സ്വാളും സായ് സുദർശനും പൂജ്യത്തിന് മടങ്ങി. നാലാംദിനം ലഞ്ചിന് പിരിയുമ്പോൾ കെഎൽ രാഹുലും(1), നായകൻ ശുഭ്മാൻ ഗില്ലുമാണ്(0) ക്രീസിൽ. ഇംഗ്ലണ്ട് ലീഡ് മറികടക്കാൻ ഇന്ത്യക്ക് ഇനിയും 310 റൺസ് കൂടി വേണം.
നേരത്തെ ഒന്നാം ഇന്നിങ്‌സിൽ 669 റൺസിൽ ഓൾഔട്ടായ ഇംഗ്ലണ്ട് സന്ദർശകർക്ക് മുന്നിൽ 311 റൺസിന്റെ കൂറ്റൻ ലീഡാണ് ഉയർത്തിയത്. ക്യാപ്റ്റൻ ബെൻ സ്‌റ്റോക്‌സിന്റെ സെഞ്ച്വറി കരുത്തിലാണ് ആതിഥേയർ റൺമല കയറിയത്. 198 പന്തിൽ 11 ഫോറും മൂന്ന് സിക്‌സറും സഹിതം 141 റൺസാണ് ഇംഗ്ലീഷ് ക്യാപ്റ്റൻ അടിച്ചെടുത്തത്. ബ്രൈഡൻ കാർസ്(47) റൺസുമായി മികച്ച പിന്തുണ നൽകി. നേരത്തെ ജോ റൂട്ടും(248 പന്തിൽ 150) ഇംഗ്ലണ്ടിനായി മൂന്നാംദിനം സെഞ്ച്വറി നേടിയിരുന്നു.
ഇന്ത്യൻ നിരയിൽ രവീന്ദ്ര ജഡേജ നാല് വിക്കറ്റ് സ്വന്തമാക്കി. മറുപടി ബാറ്റിങിൽ ഇന്ത്യക്ക് ഞെട്ടിക്കുന്ന തുടക്കമാണ് ലഭിച്ചത്. ക്രിസ് വോക്‌സ് എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തിൽ ഓപ്പണർ യശസ്വി ജയ്‌സ്വാൾ മടങ്ങി. തൊട്ടടുത്ത പന്തിൽ സായ് സുദർശനെ ഹാരി ബ്രൂക്കിന്റെ കൈകളിലെത്തിച്ച് വോക്‌സ് ഇന്ത്യയ്ക്ക് രണ്ടാം പ്രഹരമേൽപ്പിച്ചു. ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 358 റൺസാണ് കുറിച്ചത്. നേരത്തെ രണ്ട് ടെസ്റ്റ് സ്വന്തമാക്കിയ ഇംഗ്ലണ്ട് പരമ്പരയിൽ 2-1 മുന്നിലാണ്
Adjust Story Font
16

