ബുംറക്ക് അഞ്ച് വിക്കറ്റ്, ബ്രൂക്കിന് സെഞ്ച്വറി നഷ്ടം; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ഇന്ത്യക്ക് ലീഡ്
മൂന്നാംദിനം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ 90-2 എന്ന നിലയിലാണ്

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ടെസ്റ്റിൽ മൂന്നാംദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യക്ക് 96 റൺസ് ലീഡ്. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച സന്ദർശകർ 90-2 എന്ന നിലയിലാണ്. കെഎൽ രാഹുലും(47), നായകൻ ശുഭ്മാൻ ഗില്ലുമാണ്(6) ക്രീസിൽ. സായ് സുദർശൻ(30)യശസ്വി ജയ്സ്വാൾ(4) എന്നിവരുടെ വിക്കറ്റാണ് മൂന്നാംദിനം ഇന്ത്യക്ക് നഷ്ടമായത്. നേരത്തെ ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്‌സിൽ 465ൽ തളച്ച ഇന്ത്യ ആറു റൺസ് ലീഡ് സ്വന്തമാക്കിയിരുന്നു. ജസ്പ്രിത് ബുംറ അഞ്ചു വിക്കറ്റുമായി കരുത്തുകാട്ടി. ഒലി പോപ്പ് (106), ഹാരി ബ്രൂക്ക് (99) എന്നിവരുടെ ഇന്നിങ്‌സുകളാണ് ആതിഥേയരെ മികച്ച സ്‌കോറിലെത്തിച്ചത്. ബുറക്ക് പുറമെ പ്രസിദ്ധ് കൃഷ്ണ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റെടുത്തു. നേരത്തെ ശുഭ്മാൻ ഗിൽ (147), റിഷഭ് പന്ത് (134), യശസ്വി ജയ്സ്വാൾ (101) എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോർ പടുത്തുയർത്തിയത്.
മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 209 റൺസെന്ന നിലയിൽ മൂന്നാം ദിനം തുടങ്ങിയ ഇംഗ്ലണ്ടിന് ഒലീ പോപ്പിനെ തുടക്കത്തിലേ നഷ്ടമായി. വ്യക്തിഗത സ്‌കോറിനോട് ആറ് റൺസ് കൂടി ചേർക്കുന്നതിനിടെ താരത്തെ പ്രസിദ്ധ് കൃഷ്ണ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. 20 റൺസെടുത്ത സ്റ്റോക്‌സിനേയും ഇന്ത്യൻ പേസർ മടക്കി. എന്നാൽ ഒരുവശത്ത് ഉറച്ചുനിന്ന ഹാരി ബ്രൂക്ക് ഏകദിന ശൈലിയിൽ ബാറ്റുവീശി ഇംഗ്ലണ്ടിന്റെ സ്‌കോറിംഗ് ഉയർത്തി. ജാമി സ്മിത്തിനൊപ്പം 73 റൺസ് കൂട്ടിചേർത്തു.
എന്നാൽ സ്മിത്തിനെ മടക്കി ഇന്ത്യ വീണ്ടും കളംപിടിച്ചു. തുടർന്നെത്തിയ ക്രിസ് വോക്സും (38) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ ഇംഗ്ലണ്ട് സ്‌കോർ 400 കടന്നു. എന്നാൽ സെഞ്ചുറിക്ക് ഒരു റൺ അകലെ ബ്രൂക്ക് വീണു. പ്രസിദ്ധ് കൃഷ്ണയുടെ ഓവറിൽ താക്കൂറിന് ക്യാച്ച് നൽകിയാണ് ഇംഗ്ലണ്ട് യുവതാരം മടങ്ങിയത്. രണ്ട് സിക്സും 11 ഫോറും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. തുടർന്ന് വാലറ്റക്കാരാണ് ബ്രൈഡൺ കാർസെ (22), ജോഷ് ടംഗ് (11) എന്നിവർ കൂടി ചെറുത്തുനിന്നതോടെ സ്‌കോർ 465ലെത്തിക്കാൻ ആതിഥേയർക്കായി.
Adjust Story Font
16

