ബ്രൂക്കിന് അർധ സെഞ്ച്വറി; ലീഡ്‌സ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് പൊരുതുന്നു
മൂന്നാംദിനം പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും ഇന്ത്യക്കായി വിക്കറ്റ് വീഴ്ത്തി.

ലണ്ടൻ: ലീഡ്സ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഒന്നാം ഇന്നിങ്‌സ് ലീഡിനായി ഇംഗ്ലണ്ട് പൊരുതുന്നു. മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ 327-5 എന്ന നിലയിലാണ് ആതിഥേയർ. അർധ സെഞ്ച്വറിയുമായി ഹാരി ബ്രൂക്കും (57), ജാമി സ്മിത്തുമാണ്(29) ക്രീസിൽ. ഇന്ത്യയുടെ ഒന്നാം ഇന്നിങ് സ്‌കോറായ 471 പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് ലഞ്ചിന് മുൻപായി രണ്ടു വിക്കറ്റാണ് നഷ്ടമയാത്. സെഞ്ച്വറി നേടിയ ഒലീ പോപ്പിനെ(106) പ്രസിദ്ധ് കൃഷ്ണ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. പിന്നാലെ ബെൻ സ്റ്റോക്‌സിനെ(20) മടക്കി മുഹമ്മദ് സിറാജും ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി.
അതേസമയം, ബ്രൂക്ക് നൽകിയ അവസരം ഋഷഭ് പന്ത് വിട്ടുകളഞ്ഞു. പിന്നാലെ ബ്രൂക്ക് അർധ സെഞ്ചുറി പൂർത്തിയാക്കി. ബ്രൂക്ക്- ജാമി സ്മിത്ത് സഖ്യം ഇതുവരെ 51 റൺസ് കൂട്ടിചേർത്തിട്ടുണ്ട്. സാക്ക് ക്രോളി (4), ബെൻ ഡക്കറ്റ് (62), ജോ റൂട്ട് (28) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് ഇന്നലെ നഷ്ടമായത്. മൂന്ന് വിക്കറ്റുകളും ജസ്പ്രിത് ബുമ്രയ്ക്കായിരുന്നു. രണ്ടാംദിനം പൂജ്യത്തിൽ നിൽക്കെ ബ്രൂക്കിനെ ബുംറ പുറത്താക്കിയെങ്കിലും നോബോളായത് തിരിച്ചടിയായി. രണ്ടാം ദിനം നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 471 റൺസിൽ അവസാനിച്ചിരുന്നു. 359-3 എന്ന സ്‌കോറിൽ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ സെഷനിൽ 430-3 എന്ന മികച്ച നിലയിലായിരുന്നെങ്കിലും മധ്യനിര വേഗത്തിൽ പുറത്തായതോടെ 471ൽ അവസാനിച്ചു.
Adjust Story Font
16

