സഞ്ജു സാംസണ് അർധ സെഞ്ച്വറി; ഒമാന് മുന്നിൽ 189 റൺസ് വിജയലക്ഷ്യം ഉയർത്തി ഇന്ത്യ
ടൂർണമെന്റിൽ ആദ്യമായാണ് സഞ്ജുവിന് ബാറ്റിങിന് അവസരം ലഭിക്കുന്നത്.

ദുബൈ: ഏഷ്യാകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഒമാനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ. ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് പടുത്തുയർത്തി. സ്ഥാനകയറ്റം ലഭിച്ച് വൺഡൗണായി ക്രീസിലെത്തിയ സഞ്ജു സാംസൺ അർധ സെഞ്ച്വറിയുമായി(45 പന്തിൽ 56) ഇന്ത്യൻ നിരയിലെ ടോപ് സ്‌കോററായി. അഭിഷേക് ശർമയും(15 പന്തിൽ 38), തിലക് വർമ( 13 പന്തിൽ 26), അക്‌സർ പട്ടേലും(13 പന്തിൽ 26) എന്നിവർ മികച്ച പിന്തുണ നൽകി. ശുഭ്മാൻ ഗിൽ(5), ഹാർദിക് പാണ്ഡ്യ(1), ശിവം ദുബെ(5) എന്നിവരുടെ വിക്കറ്റുകളും നഷ്ടമായി. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റിങിനിറങ്ങിയില്ല.
ടൂർണമെന്റിൽ ആദ്യമായി ബാറ്റിങ് അവസരം ലഭിച്ച സഞ്ജു മൂന്നാമനായാണ് ക്രീസിലെത്തിയത്. മധ്യഓവറുകളിൽ വിക്കറ്റുകൾ വീഴുമ്പോഴും ഒരു ഭാഗത്ത് നിലയുറപ്പിച്ച മലയാളി താരം ഇന്ത്യൻ ഇന്നിങ്‌സിന് അടിത്തറപാകി. 42 പന്തിൽ മൂന്ന് ഫോറും സിക്‌സറും സഹിതമാണ് ഫിഫ്റ്റി സ്വന്തമാക്കിയത്. ഷാ ഫൈസൽ എറിഞ്ഞ 18ാം ഓവറിൽ ആര്യൻ ബിഷ്തിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. കരിയറിലെ മൂന്നാം ടി20 അർധ സെഞ്ച്വറിയാണിത്.
Adjust Story Font
16

