'ദ്രാവിഡിന്‍റെ ടീം ഇന്ത്യ' ഇന്ന് ശ്രീലങ്കയെ നേരിടും

ഒന്നാംനിരയുടെ അഭാവത്തിൽ പ്രബലരായ രണ്ടാംനിരയുമായാണ് ഇന്ത്യ ഏകദിന, ടി20 പോരാട്ടത്തിനിറങ്ങുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-07-18 03:42:05.0

Published:

18 July 2021 3:42 AM GMT

ദ്രാവിഡിന്‍റെ ടീം ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും
X

ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും. കൊളംബോയിലെ ആർ.പ്രേമദാസ സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം. ഒന്നാംനിരയുടെ അഭാവത്തിൽ പ്രബലരായ രണ്ടാംനിരയുമായാണ് ഇന്ത്യ ഏകദിന, ടി20 പോരാട്ടത്തിനിറങ്ങുന്നത്. ശിഖർ ധവാൻ നയിക്കുന്ന ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി 20 മത്സരങ്ങളും കളിക്കും. രാഹുല്‍ ദ്രാവിഡാണ് യുവനിരയുടെ പരിശീലകന്‍. മലയാളി താരങ്ങളായ സഞ്ജു സാംസണ്‍, ദേവദത്ത് പടിക്കല്‍ എന്നിവര്‍ ഇന്ന് കളിക്കുമെന്നാണ് പ്രതീക്ഷ. മുമ്പ് എ, അണ്ടർ-19 ടീമുകളിൽ ദ്രാവിഡിന്‍റെ പരിശീലനത്തിൽ വളർന്ന പ്രതിഭകളാണ് ഇവരിൽ ഭൂരിഭാഗവുമെന്ന പ്രത്യേകതയുമുണ്ട്

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി ഇന്ത്യയുടെ മുൻനിര ടീം ഇംഗ്ലണ്ടിലേക്ക് പോയതോടെയാണ് ഇന്ത്യയുടെ യുവനിരയെ ശ്രീലങ്കന്‍ പര്യടനത്തിനായി ക്രിക്കറ്റ് ബോര്‍ഡ് അയക്കുന്നത്. ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാനായി പോരാടുന്ന നിരവധി പേർ ശ്രീലങ്കൻ പരമ്പരയ്ക്കുള്ള സ്‌ക്വാഡിലുണ്ടെന്നും എല്ലാവർക്കും അവസരം നൽകുമെന്നും നേരത്തെ ദ്രാവിഡ് സൂചിപ്പിച്ചിരുന്നു.

ശ്രീലങ്കയുമായുള്ള പര്യടനം 2020ല്‍ നടക്കേണ്ടതായിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പിന്നീട് പരമ്പര മാറ്റിവയ്ക്കുകയായിരുന്നു. ഇതാണ് ഒരേ സമയം രണ്ടു ടീമിനെ പര്യടനത്തിന് അയക്കേണ്ട അവസ്ഥയിലേക്ക് ബിസിസിഐയെ കൊണ്ടെത്തിച്ചത്.

ഇന്ത്യന്‍ ടീം സ്‌ക്വാഡ്: ശിഖർ ധവാൻ(നായകൻ), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ, ഋതുരാജ് ഗെയ്ക്ക്‌വാദ്, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഹർദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), യുസ്‌വേന്ദ്ര ചഹൽ, രാഹുൽ ചഹാർ, കെ. ഗൗതം, ക്രുണാൽ പാണ്ഡ്യ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഭുവനേശ്വർ കുമാർ(ഉപനായകൻ), ദീപക് ചഹാർ, നവദീപ് സൈനി, ചേതൻ സക്കറിയ. നെറ്റ് ബൗളർമാർ: ഇഷാൻ പൊറേൽ, സന്ദീപ് വാര്യർ, അർശ്ദീപ് സിങ്, സായ് കിഷോർ, സിമർജീത് സിങ്.

TAGS :

Next Story