ഡൽഹി ടെസ്റ്റിൽ ഗില്ലിനും ജയ്‌സ്വാളിനും സെഞ്ച്വറി; ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ, വിൻഡീസ് പതറുന്നു
ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി

ഡൽഹി: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റിൻഡീസ് തകരുന്നു. രണ്ടാംദിനം കളി അവസാനിക്കുമ്പോൾ 140-4 എന്ന നിലയിലാണ് സന്ദർശകർ. നേരത്തെ ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ 518 റൺസിൽ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തിരുന്നു. ആറു വിക്കറ്റ് ശേഷിക്കെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കാൻ വിൻഡീസിന് ഇനിയും 378 റൺസ് കൂടി വേണം. മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് വെസ്റ്റിൻഡീസ് മുൻനിരയെ തകർത്തത്.
നേരത്തെ ഓപ്പണർ യശസ്വി ജയ്‌സ്വാളിന് പിന്നാലെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും സെഞ്ചുറി തികച്ചതോടെയാണ് ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക് മുന്നേറിയത്. ഗിൽ 129 റൺസുമായി പുറത്താകാതെ നിന്നു. 318-2 എന്ന സ്‌കോറിൽ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി ഗില്ലും ജയ്‌സ്വാളും മികച്ച തുടക്കമാണ് നൽകിയത്. സ്‌കോർ 325ൽ നിൽക്കെ ജയ്‌സ്വാൾ മടങ്ങിയെങ്കിലും നിതീഷ് കുമാർ റെഡ്ഡിയുമായും(43) ധ്രുവ് ജുറേലുമായും(44) ചേർന്ന് ഇന്ത്യൻ ക്യാപ്റ്റൻ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചു. 175 റൺസെടുത്ത ജയ്‌സ്വാൾ റണ്ണൗട്ടാവുകയായിരുന്നു. ഡബിൾ സെഞ്ച്വറിയിലേക്കടുക്കവെയുണ്ടായ പുറത്താകൽ ഇന്ത്യക്ക് നിരാശയായി. ധ്രുവ് ജുറെൽ പുറത്തായതിന് പിന്നാലെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു. വിൻഡീസിനായി വാറിക്കൻ 3 വിക്കറ്റെടുത്തു.
ക്യാപ്റ്റനായശേഷം കളിക്കുന്ന ഏഴാം ടെസ്റ്റിൽ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണ് ഗിൽ വിൻഡീസിനെതിരെ നേടിയത്. ക്യാപ്റ്റനായശേഷം ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സെഞ്ചുറികളെന്ന വിരാട് കോലിയുടെ റെക്കോർഡിനൊപ്പമെത്താനും ഗില്ലിനായി.
Adjust Story Font
16

