ജീവിതത്തിൽ പുതിയ ഇന്നിങ്‌സ്; ക്രിക്കറ്റ് താരം റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം നിശ്ചയിച്ചു
ലോക്‌സഭയിലെ പ്രായംകുറഞ്ഞ എംപിമാരിൽ ഒരാളാണ് പ്രിയ സരോജ്

ലഖ്‌നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റേയും സമാജ്‌വാദി പാർട്ടി എംപി പ്രിയ സരോജിന്റേയും വിവാഹനിശ്ചയം നടന്നു. ലഖ്‌നൗവിൽ നടന്ന ചടങ്ങിൽ രാഷ്ട്രീയ,കായിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ലഖ്‌നൗവിലെ ഒരു സ്വകാര്യഹോട്ടലിൽവെച്ചായിരുന്നു ചടങ്ങുകൾ. എസ്പി അധ്യക്ഷനും ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും ഭാര്യ ഡിപിംൾ യാദവും ചടങ്ങിൽ പങ്കെടുത്തു. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ജയാ ബച്ചൻ എന്നിവരുടെ സാന്നിധ്യവുമുണ്ടായിരുന്നു
വെള്ളയും പിങ്കും ചേർന്ന വസ്ത്രമാണ് ഇരുവരും വിവാഹ നിശ്ചയ ചടങ്ങിൽ അണിഞ്ഞത്. ഷെർവാണിയായിരുന്നു റിങ്കുസിങ്ങിന്റെ വേഷം. പിങ്ക് നിറത്തിലുള്ള ലഹങ്കയായിരുന്നു പ്രിയാ സരോജ് ധരിച്ചത്. ഇന്ത്യയുടെ ടി20 ടീമിലെ സ്ഥിര സാന്നിധ്യമായ റിങ്കു അലിഗഢിലെ സാധാരണ കുടുംബത്തിൽ നിന്നാണ് ക്രിക്കറ്റിൽ ഉദിച്ചുയർന്നത്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിക്കുന്ന താരം കഴിഞ്ഞ സീസണിൽ കിരീടം നേടിയ സംഘത്തിലും അംഗമായിരുന്നു.
ലോക്‌സഭയിലെ പ്രായം കുറഞ്ഞ എംപിമാരിൽ ഒരാളാണ് 25-കാരിയായ പ്രിയാ സരോജ്. ഉത്തർപ്രദേശിലെ മച്ച്‌ലിഷഹർ മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. സുപ്രീംകോടതി അഭിഭാഷകയായിരുന്നു പ്രിയാ സരോജ് മുതിർന്ന എസ്പി നേതാവ് തൂഫാനി സരോജിന്റെ മകളാണ്. മുൻ ഇന്ത്യൻ താരങ്ങളായ പ്രവീൺ കുമാർ, പിയൂഷ് ചൗള, യുപി രഞ്ജി ടീം ക്യാപ്റ്റൻ ആര്യൻ ജുയൽ അടക്കമുള്ളവർ ക്രിക്കറ്റ് രംഗത്തുനിന്ന് ചടങ്ങിനെത്തി.
Adjust Story Font
16

