ഇന്ത്യൻ താരം വേദ കൃഷ്ണമൂർത്തി വിവാഹിതയാകുന്നു: വരൻ ക്രിക്കറ്റ് താരം
ക്രിക്കറ്റ് താരം അര്‍ജുന്‍ ഹൊയ്‌സാലയാണ് വരന്‍. ഇരുവരും തമ്മിലുള്ള വിവാഹാഭ്യാര്‍ത്ഥനയുടെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ബംഗളൂരു: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂര്‍ത്തി വിവാഹിതയാകുന്നു. ക്രിക്കറ്റ് താരം അര്‍ജുന്‍ ഹൊയ്‌സാലയാണ് വരന്‍. ഇരുവരും തമ്മിലുള്ള വിവാഹാഭ്യാര്‍ത്ഥനയുടെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇടംകൈയന്‍ ബാറ്ററായ അര്‍ജുന്‍ കര്‍ണാടക രഞ്ജി ടീം അംഗമാണ്. കര്‍ണാടക പ്രീമിയര്‍ ലീഗില്‍ വിവിധ ടീമുകള്‍ക്കായും താരം കളത്തിലിറങ്ങിയിട്ടുണ്ട്.
വേദയും ഡൊമസ്റ്റിക്കില്‍ കര്‍ണാടക താരമാണ്. ഓൾ റൗണ്ടറായ വേദ, ഇന്ത്യക്കായി 48 ഏകദിനങ്ങളും 76 ട്വന്‍റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2017ലെ ലോകകപ്പ്, 2020ലെ ടി20 ലോകകപ്പ് പോരാട്ടങ്ങളില്‍ ഇന്ത്യക്കായി താരം കളത്തിലിറങ്ങിയിരുന്നു. അതേസമയം നിലവില്‍ വേദ, ഇന്ത്യന്‍ ടീമില്‍ കളിക്കുന്നില്ല. ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലുമാണ് താരം. 'അവള്‍ സമ്മതം അറിയിച്ചിരിക്കുന്നു' എന്ന കുറിപ്പോടെയാണ് അര്‍ജുന്‍ വിവാഹാഭ്യര്‍ത്ഥനയുടെ ഫോട്ടോ പങ്കിട്ടത്.
ഈ മാസം 18ന് ഇരുവരും തമ്മിലുള്ള വിവാഹത്തിന്റെ നിശ്ചയം ബംഗളൂരുവില്‍ വച്ച് നടത്താന്‍ കുടുംബങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച് അമ്മയേയും പിന്നാലെ സഹോദരിയേയും വേദയ്ക്ക് നഷ്ടമായിരുന്നു.
Adjust Story Font
16

