Quantcast

ഹൈദരാബാദ് ടെസ്റ്റ്; ജയ്‌സ്വാൾ വെടികെട്ട്, ആദ്യദിനം ഇന്ത്യക്ക് മേൽക്കൈ

ഇംഗ്ലണ്ട് ആവിഷ്‌കരിച്ച ബാസ്ബാൾ ശൈലിയിലാണ് ഇന്ത്യ ഇന്നിങ്‌സ് ആരംഭിച്ചത്. തുടക്കം മുതൽ സന്ദർശക ബൗളർമാരെ ആക്രമിച്ച ജയ്‌സ്വാൾ മൂന്ന് സിക്‌സറും ഒൻപത് ബൗണ്ടറിയും സഹിതമാണ് അർധ സെഞ്ചുറി നേടിയത്.

MediaOne Logo

Web Desk

  • Published:

    25 Jan 2024 12:58 PM GMT

ഹൈദരാബാദ് ടെസ്റ്റ്; ജയ്‌സ്വാൾ വെടികെട്ട്, ആദ്യദിനം ഇന്ത്യക്ക് മേൽക്കൈ
X

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് മേൽക്കെ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 246 റൺസിന് മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 119 റൺസെന്ന നിലയിൽ ആദ്യ ദിന പോരാട്ടം അവസാനിപ്പിച്ചു. 70 പന്തിൽ 76 റൺസുമായി യശ്വസി ജെയ്‌സ്വാളും 14 റൺസുമായി ശുഭ്മാൻ ഗിലുമാണ് ക്രീസിൽ. 24 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വിക്കറ്റാണ് ആദ്യദിനം ഇന്ത്യക്ക് നഷ്ടമായത്. ജാക് ലീച്ചിനെതിരെ സിക്‌സിന് ശ്രമിച്ച രോഹിതിനെ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്‌സ് കൈയിലൊതുക്കി.

ഇംഗ്ലണ്ട് ആവിഷ്‌കരിച്ച ബാസ്ബാൾ ശൈലിയിലാണ് ഇന്ത്യ ഇന്നിങ്‌സ് ആരംഭിച്ചത്. തുടക്കം മുതൽ സന്ദർശക ബൗളർമാരെ ആക്രമിച്ച ജയ്‌സ്വാൾ മൂന്ന് സിക്‌സറും ഒൻപത് ബൗണ്ടറിയും സഹിതമാണ് അർധ സെഞ്ചുറി നേടിയത്. നേരത്തെ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് 246 റൺസിന് അവസാനിച്ചിരുന്നു. ഇന്ത്യയുടെ സ്പിൻ ത്രയമായ അശ്വിനും ജഡേജക്കും അക്‌സർ പട്ടേലിനും മുന്നിൽ ഇംഗ്ലണ്ട് മുൻനിര തകർന്നടിഞ്ഞു. ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് വാലറ്റക്കാരെ കൂട്ടുപിടിച്ച് നടത്തിയ ചെറുത്തുനിൽപ്പാണ് 155-7ൽ നിന്ന് ഇംഗ്ലണ്ടിനെ 246ൽ എത്തിച്ചത്. 88 പന്തിൽ 70 റൺസാണ് താരം നേടിയത്.

സ്റ്റോക്‌സിന് പുറമെ 37 റൺസെടുത്ത ജോണി ബെയര്‍‌സ്റ്റോയും 35 റൺസെടുത്ത ബെൻ ഡക്കറ്റുമാണ് പ്രധാന സ്‌കോറർമാർ. ഇന്ത്യക്കായി ജഡേജയും അശ്വിനും മൂന്നു വീതം വിക്കറ്റെടുത്തപ്പോൾ അക്‌സറും ബുമ്രയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഓപ്പണിംഗ് വിക്കറ്റിൽ സാക്ക് ക്രോളി-ബെൻ ഡക്കറ്റ് സഖ്യം 55 റൺസടിച്ച് ഇംഗ്ലണ്ടിന് മികച്ച തുടക്കം നൽകിയെങ്കിലും ഇടവേളകളിൽ വിക്കറ്റ് പിഴുത് ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനം പുറത്തെടുത്തു. വ്യക്തി പരമായ കാരണങ്ങളാൽ ആദ്യ രണ്ട് ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുന്ന വിരാട് കോഹ്‌ലിക്ക് പകരം ശ്രേയസ് അയ്യർ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. കെ.എസ് ഭരത് വിക്കറ്റ്കീപ്പറായി ടീമിലുണ്ട്. ഇന്ത്യൻ ടീമിലേതിന് സമാനമായി മൂന്ന് സ്പിന്നർമാരെയാണ് ഇംഗ്ലണ്ടും ഇറക്കിയത്.

TAGS :

Next Story