Quantcast

ഐപിഎൽ: അഹ്‌മദാബാദില്‍ ഇന്നും മഴ തുടർന്നാല്‍, ആരുടെ ചീട്ട് കീറും?

മത്സരം 9.45 ന് തുടങ്ങിയാൽ 19 ഓവർ വീതമുള്ള മത്സരമായിരിക്കും. 10 മണിക്കാണെങ്കിൽ 17 ഓവറും 10.30 നാണെങ്കിൽ 15 ഓവറുള്ള മത്സരമായിരിക്കും നടക്കുക

MediaOne Logo

Web Desk

  • Updated:

    2023-05-29 13:17:17.0

Published:

29 May 2023 11:55 AM GMT

IPL 2023 Final: Rain likely to play spoilsport again on reserve day
X

അഹ്‌മദാബാദ്: ഞായറാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ചെന്നൈ - ഗുജറാത്ത് ഐപിഎൽ ഫൈനൽ പോരാട്ടം മഴകാരണം റിസർവേ ദിനമായ ഇന്നത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. ഇന്നും മഴ കളിച്ചാൽ കളി മറ്റൊരു ദിവസത്തേക്ക് മാറ്റി വെയ്ക്കില്ല. അങ്ങനെ വന്നാൽ പേടിക്കേണ്ടത് ചെന്നൈ സൂപ്പർ കിങ്‌സ് ആയിരിക്കും. 12 മണിക്ക് ശേഷവും മഴകാരണം കളി നടന്നില്ലെങ്കിൽ ഗുജറാത്തിനെ വിജയികളായി പ്രഖ്യാപിക്കും.

7.30 നാണ് കളി തുടങ്ങേണ്ടത് മഴ തുടർന്നാൽ 9.35 വരെ നോക്കും. അതിനു ശേഷം ഓവർ വെട്ടിച്ചുരുക്കിയായിരിക്കും മത്സരം ക്രമീകരിക്കുക. മത്സരം 9.45 ന് തുടങ്ങിയാൽ 19 ഓവർ വീതമുള്ള മത്സരമായിരിക്കും. 10 മണിക്കാണെങ്കിൽ 17 ഓവറും 10.30 നാണെങ്കിൽ 15 ഓവറുള്ള മത്സരമായിരിക്കും നടക്കുക. ഇതും 12.06 എന്ന സമയത്തിനുള്ളിൽ മഴ മാറി കളി സാധ്യമായാലെ നടക്കൂ. കുറഞ്ഞത് അഞ്ച് ഓവര്‍ വീതമുള്ള മത്സരം നടത്താനുള്ള സാധ്യതയും പരിശോധിക്കും. ഇതിനുള്ള കട്ട്‌ഓഫ് ടൈം 11.56 ആണ്.

ഇങ്ങനെ കളി തുടങ്ങിയാല്‍ ടീമുകള്‍ക്ക് ടൈംഔട്ട് ഉണ്ടാവില്ല. എങ്ങനെ നീട്ടിയാലും 12.50ഓട് കൂടി മത്സരം അവസാനിപ്പിക്കണമെന്നാണ് നിയമം. 7.30ന് മത്സരം ആരംഭിച്ച് ആദ്യം ബാറ്റ് ചെയ്യുന്ന ടീം 20 ഓവറും പൂര്‍ത്തിയാക്കുകയും മറുപടി ബാറ്റിങ്ങില്‍ അഞ്ച് ഓവറിന് ശേഷം മഴയെത്തിയാല്‍, വീണ്ടും കളിക്കാനുള്ള സാഹചര്യമില്ലെങ്കില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയികളെ പ്രഖ്യാപിക്കും.

അഞ്ച് ഓവര്‍ വീതമുള്ള മത്സരം സാധ്യമല്ലെങ്കില്‍ സൂപ്പര്‍ ഓവറിലേക്കാണ് കാര്യങ്ങള്‍ നീങ്ങുക. എന്നാൽ വീണ്ടും മഴ തന്നെയാണെങ്കിലാണ് ഗ്രൂപ്പ് ഘട്ടത്തിലെ പോയന്റ് പരിഗണിച്ച് ഗുജറാത്തിനെ വിജയിയായി പ്രഖ്യാപിക്കുക.

നാല് തവണ കിരീടം നേടി മുംബൈ ഇന്ത്യൻസിന് തൊട്ട് പിറകിലുള്ള ടീമാണ് ചെന്നൈ സൂപ്പർ കിങ്‌സ്. എന്നാൽ അരങ്ങേറിയ സീസണിൽ തന്നെ കിരീടം നേടിയ ടീമാണ് ഗുജറാത്ത് ടൈറ്റൻസ്. തുടർച്ചയായ രണ്ടാം കിരീടമാണ് ഗുജറാത്ത് ലക്ഷ്യമിടുന്നത്. ഇരുടീമുകളും നേർക്ക് നേർ ഇറങ്ങുമ്പോൾ മത്സരം കനക്കുമെന്ന് ഉറപ്പാണ്. എന്നാൽ ഇന്നും മഴസാധ്യത നിഴലിക്കുന്നുണ്ടെന്നതാണ് ഇരുടീമുകളുടെയും ആരാധകരെ നിരാശയിലാക്കുന്നത്.

ചില ആരാധകർ ട്വിറ്ററിൽ പങ്കുവെച്ച കാലാവസ്ഥാ റിപ്പോർട്ടുകൾ ആശങ്ക വർധിപ്പിക്കുന്നതാണ്. ഗുജറാത്തിനോട് ചേർന്നുകിടക്കുന്ന പാക്കിസ്ഥാന്റെ ചില പ്രദേശങ്ങളിൽ ഇടിമിന്നലും കടുത്ത കാറ്റുമുണ്ടെന്നാണ് ഒരു ആരാധകൻ പറയുന്നത്. മേഘങ്ങൾ ഇരുണ്ടുകൂടിയ ഇപ്പോഴത്തെ സാഹചര്യം ഗുജറാത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് ആരാധകന്റെ നിഗമനം.


എന്നാൽ നിലവിലെ കാലാവസ്ഥാ റിപ്പോർട്ടുകൾ ശുഭസൂചന നൽകുന്നതാണെനന് ചില ആരാധകർ ട്വിറ്ററിലൂടെ പുറത്തുവിട്ട ചിത്രങ്ങളും ഇതിനെ സാധൂകരിക്കുന്നതാണ്. അഹമദാബാദിലെ തെളിഞ്ഞ ആകാശത്തിന്റെ ചിത്രവും പോസ്റ്റ് ചെയ്തവരുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം പകലും ഇങ്ങനെയായിരുന്നു. കളി തുടങ്ങാൻ മിനിറ്റുകൾക്ക് മുൻപാണ് മഴ കനത്തത്.


Next Story