'ദി ഹണ്ട്രഡിൽ' പാക് താരങ്ങൾ പടിക്ക് പുറത്ത്; കടുത്ത നടപടിയിലേക്ക് ഇന്ത്യൻ ഫ്രാഞ്ചൈസികൾ
എട്ട് ടീമുകൾ കളിക്കുന്ന ടൂർണമെന്റിൽ മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്‌സ്, എംഐ ലണ്ടൻ, സതേൺബ്രേവ്, സൺറൈസേഴ്‌സ് ലീഡ്‌സ് എന്നീ ടീമുകളുടെ ഉടമകൾ ഇന്ത്യക്കാരാണ്.

ലണ്ടൻ: ഐപിഎല്ലിന് പിന്നാലെ ഇംഗ്ലണ്ടിലെ ആഭ്യന്തര ടൂർണമെന്റായ ദി ഹണ്ട്രഡിൽ നിന്നും പാകിസ്താൻ താരങ്ങൾ പുറത്തേക്ക്. ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള ടീമുകൾ പാക് താരങ്ങൾക്ക് കരാർ നൽകേണ്ടതില്ലെന്ന തീരുമാനമെടുത്തതായാണ് റിപ്പോർട്ടുകൾ. അടുത്ത മാസമാണ് താരലേലം നടക്കുക. നിലവിൽ പാക് ദേശീയ ടീമിലുള്ള പ്രധാന താരങ്ങളെല്ലാം ലേലത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം. ജൂലൈ 21 മുതൽ ഓഗസ്റ്റ് 16 വരെയാണ് ടൂർണമെന്റ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
എട്ട് ടീമുകൾ കളിക്കുന്ന ടൂർണമെന്റിൽ മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്‌സ്, എംഐ ലണ്ടൻ, സതേൺബ്രേവ്, സൺറൈസേഴ്‌സ് ലീഡ്‌സ് എന്നീ ടീമുകളുടെ ഉടമകൾ ഇന്ത്യക്കാരാണ്. ഐപിഎൽ ടീം ഉടമകളാണ് ഇവരെല്ലാം.
അതേസമയം, 18 രാജ്യങ്ങളിൽ നിന്നായി ആയിരത്തോളം താരങ്ങളാണ് ദി ഹണ്ട്രഡ് ലേലത്തിനായി പേര് രജിസ്റ്റർ ചെയ്തത്. പാകിസ്താൻ താരങ്ങളായ ഷഹീൻ ഷാ അഫ്രീദി, സയിം അയ്യൂബ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഉസ്മാൻ താരിഖ്, അബ്രാർ അഹമ്മദ്, ഫഖർ സമാൻ, സൽമാൻ അലി ആഗ തുടങ്ങിയവരെല്ലാം ഇംഗ്ലീഷ് ലീഗിൽ കളിക്കാൻ സന്നദ്ധരായി രംഗത്തുണ്ട്. ദി ഹണ്ട്രഡിൽ വലിയ ഇൻവെസ്റ്റ് നടത്തുന്ന ഇന്ത്യയെ പിണക്കി പാക് താരങ്ങളെ ലീഗിൽ കളിപ്പിക്കാനുള്ള സാധ്യത നിലവിൽ വിധൂരമാണ്. മറ്റു ഫ്രാഞ്ചൈസികളും പാക് താരങ്ങളെ അവഗണിച്ചേക്കുമെന്നാണ് വിവരം. അതേസമയം, ബിഗ്ബാഷിൽ നിറം മങ്ങിയ ബാബർ അസമും മുഹമ്മദ് റിസ്വാനും രജിസ്റ്റർ ചെയ്യില്ലെന്നാണ് റിപ്പോർട്ടുകൾ
Adjust Story Font
16

