Quantcast

ബാംഗ്ലൂർ വീണ്ടും ചീട്ടുകൊട്ടാരം; രാജസ്ഥാന് തകർപ്പൻ ജയം

രാജസ്ഥാന്‍റെ വിജയം 29 റണ്‍സിന്

MediaOne Logo

Web Desk

  • Updated:

    2022-04-26 17:50:28.0

Published:

26 April 2022 5:46 PM GMT

ബാംഗ്ലൂർ വീണ്ടും ചീട്ടുകൊട്ടാരം; രാജസ്ഥാന് തകർപ്പൻ ജയം
X

പന്ത് കൊണ്ട് തങ്ങളെ വരിഞ്ഞുമുറുക്കിയ ബാംഗ്ലൂരിനെ അതേ നാണയത്തിൽ തിരിച്ചടിച്ച രാജസ്ഥാന് 29 റൺസിന്‍റെ തകർപ്പൻ ജയം. 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബാംഗ്ലൂര്‍ 115 റണ്‍സിന് കൂടാരം കയറി . 23 റൺസെടുത്ത ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് മാത്രമാണ് ബാംഗ്ലൂർ നിരയിൽ അൽപ്പമെങ്കിലും പിടിച്ചു നിന്നത്. അവസാന ഓവറുകളില്‍ ഷഹബാസ് ബാംഗ്ലൂരിനെ വിജയതീരമണക്കുമെന്ന് തോന്നിച്ചെങ്കിലും ഷഹബാസിന്‍റെ പോരാട്ടം 17 റണ്‍സിലവസാനിച്ചു. രാജസ്ഥാന് വേണ്ടി കുല്‍ദീപ് സെന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

സീസണിൽ ഫോം കണ്ടെത്താൻ പാടുപെടുന്ന മുന്‍ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്ലിയെ രണ്ടാം ഓവറിൽ തന്നെ കൂടാരം കയറ്റി പ്രസീദ് കൃഷ്ണയാണ് രാജസ്ഥാന് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. പിന്നീട് ബാംഗ്ലൂർ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുന്ന കാഴ്ചയാണ് കണ്ടത്. കൃത്യമായ ഇടവേളകളിൽ ബാംഗ്ലൂർ ബാറ്റർമാരെ രാജസ്ഥാൻ ബൗളർമാർ കൂടാരം കയറ്റിക്കൊണ്ടേയിരുന്നു.

നേരത്തേ അര്‍ധ സെഞ്ച്വറി നേടിയ റിയാന്‍ പരാഗിന്‍റെ കരുത്തിലാണ് ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തിയത്. കഴിഞ്ഞ സീസണുകളിലും ഈ സീസണിലും ഫോം കണ്ടെത്താന്‍ വിഷമിച്ചു നിന്ന റിയാന്‍ പരാഗ് ഫോമിലേക്കുയര്‍ന്നതാണ് വന്‍ ബാറ്റിങ് തകര്‍ച്ചയില്‍ നിന്ന് രാജസ്ഥാനെ രക്ഷിച്ചത്. പരാഗ് വെറും 29 പന്തില്‍ നിന്നാണ് അര്‍ധസെഞ്ച്വറി തികച്ചത്. 31 പന്തില്‍‌ നാല് സിക്സുകളുടേയും മൂന്ന് ഫോറുകളുടേയും അകമ്പടിയില്‍ പരാഗ് 56 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. മുഹമ്മദ് സിറാജും ഹസരംഗയും ഹേസൽവുഡും ചേർന്നാണ് രാജസ്ഥാന്‍റെ പേരു കേട്ട ബാറ്റിംഗ് നിരയെ തകർത്തത്. മൂവരും രണ്ട് വിക്കറ്റ് വീതം നേടി.

രാജസ്ഥാനായി ക്യാപ്റ്റൻ സഞ്ജു സാംസണ്‍ 21 പന്തിൽ നിന്ന് മൂന്ന് സിക്‌സുകളുടേയും ഒരു ഫോറിന്റേയും അകമ്പടിയിൽ 27 റൺസെടുത്തു. മൂന്ന് സെഞ്ച്വറി നേടി ഈ സീസണിൽ തകര്‍പ്പന്‍ പ്രകടനം തുടരുന്ന ഓപ്പണര്‍ ജോസ് ബട്‍ലറെ നാലാം ഓവറില്‍ തന്നെ പുറത്താക്കിയതാണ് ആദ്യ ഓവറുകളില്‍ രാജസ്ഥാനെ പിടിച്ചു കെട്ടാന്‍ ബാംഗ്ലൂരിനെ സഹായിച്ചത്.

നേരത്തെ ടോസ് നേടിയ ബാംഗ്ലൂർ രാജസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ദേവദത്ത് പടിക്കലിനെ കൂടാരം കയറ്റി മുഹമ്മദ് സിറാജാണ് രാജസ്ഥാന് ആദ്യ പ്രഹരമേൽപ്പിച്ചത്. പിന്നീട് മൂന്നാം ഓവറിൽ അശ്വിനും നാലാം ഓവറിൽ ബട്‌ലറും തുടരെ കൂടാരം കയറി. പിന്നീട് ക്രീസിലെത്തിയ സംഞ്ജു പൊരുതി നോക്കിയെങ്കിലും 27 റൺസിന് ഹസരംഗക്ക് മുന്നിൽ വീണു. പിന്നീട് ക്രീസിലെത്തിയ പരാഗ് രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു.

TAGS :

Next Story