Quantcast

ഈഡനിൽ രക്ഷയില്ലാതെ കൊൽക്കത്ത; ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം, തലപ്പത്ത്

ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 90 റൺസുമായി ടോപ് സ്‌കോററായി

MediaOne Logo

Sports Desk

  • Published:

    21 April 2025 11:56 PM IST

Kolkata without a save at Eden; Gujarat Titans win brilliantly, stay on top
X

കൊൽക്കത്ത: ഐപിഎല്ലിൽ പ്ലേഓഫിലേക്ക് അടുത്ത് ഗുജറാത്ത് ടൈറ്റൻസ്. നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 39 റൺസിന് തോൽപിച്ച് ഒന്നാംസ്ഥാനത്ത് തുടരുന്നു. ഗുജറാത്ത് ഉയർത്തിയ 199 റൺസിലേക്ക് സ്വന്തം തട്ടകമായ ഈഡൻ ഗാർഡനിൽ ബാറ്റുവീശിയ കൊൽക്കത്തയുടെ പോരാട്ടം 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159ൽ അവസാനിച്ചു. അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ അജിൻക്യ രഹാനെ(36 പന്തിൽ 50) മാത്രമാണ് തിളങ്ങിയത്. ജിടിക്കായി റാഷിദ് ഖാനും പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ശുഭ്മാൻ ഗില്ലിന്റേയും(55 പന്തിൽ 90), സായ് സുദർശൻ(36 പന്തിൽ 52) അർധ സെഞ്ച്വറി മികവിലാണ് ഗുജറാത്ത് മികച്ച സ്‌കോറിലേക്ക് മുന്നേറിയത്. 23 പന്തിൽ 41 റൺസുമായി ജോസ് ഭട്‌ലർ പുറത്താകാതെ നിന്നു.

വലിയ ടോട്ടൽ ലക്ഷ്യമിട്ടിറങ്ങിയ കെകആറിന്റെ തുടക്കം മികച്ചതായില്ല. സ്‌കോർബോർഡിൽ രണ്ട് റൺസ് തെളിയുമ്പോഴേക്ക് ഓപ്പണർ റഹ്‌മത്തുള്ള ഗുർബാസിനെ(1) നഷ്ടമായി. മുഹമ്മദ് സിറാജിന്റെ ഓവറിൽ അഫ്ഗാൻ താരം വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. പിന്നാലെ സുനിൽ നരെയിൻ(17) കൂടി കൂടാരം കയറിയതോടെ പവർപ്ലെയിൽ രണ്ട് വിക്കറ്റ് നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന വെങ്കടേഷ് അയ്യർ-അജിൻക്യ രഹാനെ കൂട്ടുകെട്ട് മധ്യഓവറുകളിൽ ടീമിനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിച്ചെങ്കിലും സ്‌കോറിംഗ് ഉയർന്നില്ല. റൺസ് കണ്ടെത്താനാകാതെ അയ്യർ പതറിയതോടെ കൊൽക്കത്ത പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റു.19 പന്തിൽ 14 റൺസെടുത്താണ് വെങ്കടേഷ് അയ്യർ മടങ്ങിയത്.

വാഷിങ്ടൺ സുന്ദർ എറിഞ്ഞ 13ാം ഓവറിൽ അജിൻക്യ രഹാനെയെ(50) ഭട്‌ലർ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. തുടർന്ന് ക്രീസിലെത്തിയ ആന്ദ്രെ റസൽ(21), റിങ്കു സിങ്(17), രമൺദീപ് സിങ്(1),മൊയീൻ അലി(0) എന്നിവർക്കൊന്നും പ്രതീക്ഷക്കൊത്തുയരാനായില്ല. ഇംപാക്ട് പ്ലെയറായ അൻക്രിഷ് രഘുവംശിയെ ഒൻപതാമനായാണ് കെകെആർ കളത്തിലിറക്കിയത്. അവസാന ഓവറുകളിൽ താരം തകർത്തടിച്ചതോടെയാണ് (13 പന്തിൽ 27) വലിയ നാണക്കേടിൽ നിന്ന് ചാമ്പ്യൻമാർ രക്ഷപ്പെട്ടത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് ഓപ്പണിങിൽ സായ്-ഗിൽ കൂട്ടുകെട്ട് പതിവുപോലെ മികച്ച തുടക്കം നൽകി. ഓപ്പണിങ് സഖ്യം 12.2 ഓവറിൽ 114 റൺസ് ചേർത്തതോടെ ഗുജറാത്ത് മികച്ച സ്‌കോറിലേക്ക് മുന്നേറി.

TAGS :

Next Story