Quantcast

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ കർണ്ണാടകയ്ക്ക് വിജയം

ഒരു ഇന്നിം​ഗ്സിനും 164 റൺസിനുമാണ് കർണ്ണാടക കേരളത്തെ പരാജയപ്പെടുത്തിയത്

MediaOne Logo

Sports Desk

  • Updated:

    2025-11-04 11:07:55.0

Published:

4 Nov 2025 4:36 PM IST

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ കർണ്ണാടകയ്ക്ക് വിജയം
X

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ കർണാടകക്ക് വിജയം. ഒരു ഇന്നിം​ഗ്സിനും 164 റൺസിനുമാണ് കർണ്ണാടക കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിങ്സിൽ 348 റൺസിൻ്റെ ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്ത കേരളം രണ്ടാം ഇന്നിങ്സിൽ 184 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നർ മൊഹ്സിൻ ഖാൻ്റെ ബൗളിങ്ങാണ് കേരളത്തെ തകർത്തത്.

സമനിലയെന്ന ലക്ഷ്യത്തോടെ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ പിഴച്ചു. രണ്ടാം ഓവറിൽ തന്നെ കേരളത്തിന് രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഒൻപത് റൺസെടുത്ത നിധീഷിനെ വിദ്വത് കവേരപ്പ കരുൺ നായരുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തിൽ അക്ഷയ് ചന്ദ്രൻ ക്ലീൻ ബൗൾഡായി. നിലയുറപ്പിക്കും മുൻപെ ക്യാപ്റ്റൻ മൊഹമ്മദ് അസറുദ്ദീനും പുറത്തായതോടെ മൂന്ന് വിക്കറ്റിന് 40 റൺസെന്ന നിലയിലായിരുന്നു കേരളം. ശിഖർ ഷെട്ടിയുടെ പന്തിൽ കെ എൽ ശ്രീജിതിന്റെ ക്യാച്ചിലാണ് 15 റൺസെടുത്ത അസറുദ്ദീൻ മടങ്ങിയത്.

തുടർന്നെത്തിയ അഹ്മദ് ഇമ്രാനും കൃഷ്ണപ്രസാദും ചേർന്ന് നാലാം വിക്കറ്റിൽ 57 റൺസ് കൂട്ടിച്ചേർത്തു. ഇരുവരും നിലയുറപ്പിച്ചെന്ന് തോന്നിയ ഘട്ടത്തിലാണ് കൃഷ്ണപ്രസാദിനെ ക്ലീൻ ബൌൾഡാക്കി മൊഹ്സിൻ ഖാൻ തൻ്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 33 റൺസായിരുന്നു കൃഷ്ണപ്രസാദ് നേടിയത്. തൊട്ടു പിറകെ 23 റൺസെടുത്ത അഹ്മദ് ഇമ്രാനെ മനോഹരമായൊരു റിട്ടേൺ ക്യാച്ചിലൂടെ മൊഹ്സിൻ തന്നെ പുറത്താക്കി. സച്ചിൻ ബേബിയും ബാബ അപരാജിത്തും ചേർന്ന് ചെറുത്തുനില്പിന് തുടക്കമിട്ടെങ്കിലും അധികം ആയുസ്സുണ്ടായില്ല. സച്ചിൻ ബേബി 12 റൺസിനും ഷോൺ റോജർ പൂജ്യത്തിനും പുറത്താക്കി മൊഹ്സിൻ കർണാടകക്ക് വിജയത്തിലേക്കുള്ള വഴി തുറന്നു. വൈകാതെ 19 റൺസെടുത്ത ബാബ അപരാജിത്തിനെയും പുറത്താക്കി മൊഹ്സിൻ ഖാൻ അഞ്ച് വിക്കറ്റ് തികച്ചു.

അനിവാര്യമായ തോൽവി നീട്ടിയത് അവസാന വിക്കറ്റിൽ ഏദൻ ആപ്പിൾ ടോമും ഹരികൃഷ്ണനും ചേർന്നുള്ള ചെറുത്തുനില്പാണ്. 23 ഓവർ ബാറ്റ് ചെയ്ത ഇരുവരും ചേർന്ന് 44 റൺസാണ് കൂട്ടിച്ചേർത്തത്. ഒടുവിൽ ഹരികൃഷ്ണനെ എൽബിഡബ്ല്യുവിൽ കുടുക്കി മൊഹ്സിൻ ഖാൻ തന്നെയാണ് ഈ കൂട്ടുകെട്ടിനും അവസാനമിട്ടത്. കർണ്ണാടകയ്ക്ക് വേണ്ടി ആറ് വിക്കറ്റെടുത്ത മൊഹ്സിൻ ഖാന് പുറമെ വിദ്വത് കവേരപ്പ രണ്ട് വിക്കറ്റും വീഴ്ത്തി. സൗരാഷ്ട്രയുമായി നവംബർ എട്ടിനാണ് കേരളത്തിന്റെ അടുത്ത മത്സരം.

TAGS :

Next Story