Quantcast

"ദൈവത്തെപ്പോലെയാണ് റെയ്ന എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നത്.. അദ്ദേഹം കളിയാക്കുകയാണ് എന്നാണ് ആദ്യം കരുതിയത്"- കാര്‍ത്തിക്ക് ത്യാഗി

ഹൈദരാബാദിന്‍റെ ഒഫീഷ്യൽ സോഷ്യൽമീഡിയ പേജുകളിൽ പങ്കുവച്ച് വീഡിയോയിലാണ് താരം റെയ്‌നക്കൊപ്പമുള്ള തന്‍റെ ക്രിക്കറ്റ് അനുഭവങ്ങൾ പങ്കുവച്ചത്

MediaOne Logo

Web Desk

  • Published:

    23 April 2022 4:45 AM GMT

ദൈവത്തെപ്പോലെയാണ് റെയ്ന എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നത്.. അദ്ദേഹം കളിയാക്കുകയാണ് എന്നാണ് ആദ്യം കരുതിയത്- കാര്‍ത്തിക്ക് ത്യാഗി
X

മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന തന്‍റെ ജീവിതത്തിലേക്ക് ദൈവത്തെപ്പോലെയാണ് കടന്നുവന്നതെന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് യുവ പേസ് ബൗളർ കാർത്തിക്ക് ത്യാഗി. തന്‍റെ കരിയറിൽ റെയ്‌ന നിർണായക സ്വാധീനമാണ് ചെലുത്തിയത് എന്നും തനിക്ക് ക്രിക്കറ്റ് ലേകത്തേക്കുള്ള വഴി തുറന്നത് അദ്ദേഹമാണെന്നും ത്യാഗി പറഞ്ഞു.

"എപ്പോഴും ഞാനൊരു കാര്യം പറയാറുണ്ട്. അണ്ടർ 16 കാലഘട്ടത്തിന് ശേഷം സുരേഷ് റെയ്ന ദൈവത്തെപ്പോലെയാണ് എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നത്. അക്കാലത്ത് ഒരു സീസണിൽ വെറും ഏഴ് മത്സരങ്ങളിൽ 50 വിക്കറ്റ് നേടിയതു മുതലാണ് സെലക്ടർമാർ എന്നെ ശ്രദ്ധിച്ച് തുടങ്ങിയത്. അതിന് ശേഷം രഞ്ജി ട്രോഫിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആളുകൾ എന്നെ തിരിച്ചറിയാൻ തുടങ്ങി.

രഞ്ജി ട്രോഫിയിലെത്തുമ്പോൾ വെറും 16 വയസ്സായിരുന്നു എന്‍റെ പ്രായം. ക്യാമ്പിൽ സീനിയർ താരങ്ങളായിരുന്നു അധികവും. ഒരിക്കൽ സുരേഷ് റെയ്‌ന ഞങ്ങളുടെ ക്യാമ്പിലെത്തി. അന്നൊക്കെ ക്യാമ്പിൽ ഞാൻ വളരെ നിശബ്ദനായിരുന്നു. മറ്റുള്ളവർ ചെയ്യുന്നത് സൂക്ഷ്മതയോടെ നിരീക്ഷിക്കലായിരുന്നു എന്‍റെ ജോലി. റെയ്‌ന പരിശീനത്തിന് ശേഷം എപ്പോഴും ഗ്രൗണ്ട് വിട്ട് പോകുന്നത് ഞാൻ കാണാറുണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹം എന്‍റെ അടുക്കലേക്ക് വന്നു. ടീമിൽ എന്‍റെ റോളെന്താണ് എന്നദ്ദേഹം ചോദിച്ചു. ബൗളറാണെന്ന് മറുപടി നൽകിയപ്പോൾ നെറ്റ്‌സിൽ പന്തെറിയാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. എന്‍റെ ബൗളിങ് അദ്ദേഹത്തിന് ഒരുപാടിഷ്ടമായി. ഭാവിയിൽ ഒരുപാട് അവസരങ്ങൾ ലഭിക്കുമെന്ന് അദ്ദേഹം എനിക്ക് ഉറപ്പു നൽകി"- കാര്‍ത്തിക്ക് പറഞ്ഞു

റെയ്‌ന തന്നെ കളിയാക്കുകയാണ് എന്നാണ് ആദ്യം കരുതിയത് എന്നും എന്നാൽ പിന്നാലെ യു.പി രഞ്ജി ടീമിൽ തന്റെ പേര് കണ്ടപ്പോൾ താൻ ഞെട്ടിപ്പോയെന്നും കാർത്തിക്ക് പറഞ്ഞു. ഹൈദരാബാദിന്റെ ഒഫീഷ്യൽ സോഷ്യൽമീഡിയ പേജുകളിൽ പങ്കുവച്ച് വീഡിയോയിലാണ് കാർത്തിക്ക് റെയ്‌നക്കൊപ്പമുള്ള തന്റെ ക്രിക്കറ്റ് അനുഭവങ്ങൾ പങ്കുവച്ചത്. സുരേഷ് റെയ്‌ന തന്‍റെ ട്വിറ്റർ പേജിൽ ഈ വീഡിയോ പങ്കുവച്ച് കാർത്തിക്കിന് ആശംസകൾ നേർന്നു.

രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്ന ത്യാഗിയെ നാല് കോടി രൂപക്കാണ് ഹൈദരാബാദ് ഇക്കുറി സ്വന്തമാക്കിയത്. ഐ.പി.എല്ലിൽ 14 മത്സരങ്ങളിൽ നിന്നായി 13 വിക്കറ്റുകൾ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.

TAGS :

Next Story