കെസിഎല്ലിൽ കൊച്ചി-കൊല്ലം ഫൈനൽ; സെമിയിൽ കാലിക്കറ്റിനെതിരെ ബ്ലൂ ടൈഗേഴ്‌സിന് 15 റൺസ് ജയം
കൊച്ചി ബ്ലൂടൈഗേഴ്‌സിനായി ഓൾറൗണ്ട് പ്രകടനം പുറത്തെടുത്ത മുഹമ്മദ് ആഷിഖാണ് പ്ലെയർ ഓഫ് ദി മാച്ച്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സെമിയിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ 15 റൺസിന് തോൽപ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കെസിഎൽ ഫൈനലിൽ. കലാശപ്പോരാട്ടത്തിൽ കൊല്ലം സെയിലേഴ്‌സാണ് കൊച്ചിയുടെ എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. മറുപടി ബാറ്റിങിൽ കാലിക്കറ്റിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുക്കാനാണ് കാലിക്കറ്റിനായത്. കൊച്ചിയ്ക്കായി ഓൾറൗണ്ട് പ്രകടനം പുറത്തെടുത്ത മുഹമ്മദ് ആഷിഖാണ് പ്ലെയർ ഓഫ് ദി മാച്ച്.
നേരത്തെ ടോസ് നേടിയ കാലിക്കറ്റ്, കൊച്ചിയെ ബാറ്റിങിനയക്കുകയായിരുന്നു. തുടക്കത്തിൽ ആഞ്ഞടിച്ച കൊച്ചിയുടെ ഇന്നിങ്‌സ് ഇടയ്ക്ക് മന്ദഗതിയിലായി. എന്നാൽ അവസാന ഓവറുകളിൽ വീണ്ടും കൂറ്റൻ ഷോട്ടുകൾ വന്നതോടെ മികച്ചൊരു ടോട്ടലിലേക്ക് നീങ്ങുകയായിരുന്നു. വിനൂപ് മനോഹരനൊപ്പം കൊച്ചിയ്ക്ക് വേണ്ടി ഇന്നിങ്‌സ് തുറന്നത് വിപുൽ ശക്തിയായിരുന്നു. രണ്ടാം ഓവറിൽ അൻഫലിനെതിരെ തുടരെ നാല് ഫോറുകൾ നേടിയാണ് വിപുൽ കൊച്ചിയുടെ സ്‌കോറിങിന് തുടക്കമിട്ടത്. എന്നാൽ അഞ്ചാം ഓവറിൽ വിനൂപ് മനോഹരനെയും മുഹമ്മദ് ഷാനുവിനെയും പുറത്താക്കി മനു കൃഷ്ണൻ കാലിക്കറ്റിന് ബ്രേക് ത്രൂ സമ്മാനിച്ചു. വിനൂപ് 16ഉം ഷാനു ഒരുണ്ണെടുത്തും മടങ്ങി. പത്താം ഓവറിൽ ബ്ലൂ ടൈഗേഴ്‌സിന് വീണ്ടും രണ്ട് വിക്കറ്റുകൾ നഷ്ടമായി. 37 റൺസെടുത്ത വിപുൽ ശക്തിയെയും ക്യാപ്റ്റൻ സാലി സാംസനെയും ഹരികൃഷ്ണൻ മടക്കി. തുടർന്ന് അജീഷിനും ആഷിക്കിനുമൊപ്പം നിഖിൽ തോട്ടത്തിന്റെ കൂട്ടുകെട്ടുകളാണ് കൊച്ചിയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ആഷിഖ് പത്ത് പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്‌സുമടക്കം 31 റൺസുമായി അവസാനഓവറുകളിൽ തകർത്തടിച്ചു. 36 പന്തുകളിൽ ഒരു ഫോറും ഏഴ് സിക്‌സുമടക്കം 64 റൺസുമായി നിഖിൽ പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങിൽ കാലിക്കറ്റിന് ഒൻപത് റൺസെടുത്ത രോഹൻ കുന്നുമ്മലിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. 12 പന്തുകളിൽ 23 റൺസ് നേടിയ അമീർഷായെ കെ എം ആസിഫ് ക്ലീൻ ബൗൾഡാക്കി. വൈകാതെ 15 റൺസുമായി അജ്‌നാസും മടങ്ങി. അഖിൽ സ്‌കറിയയും അൻഫലും ചേർന്ന് നാലാം വിക്കറ്റിൽ 39 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 13ാം ഓവറിൽ അൻഫലിനെയും സച്ചിൻ സുരേഷിനെയും മടക്കി മുഹമ്മദ് ആഷിഖ് കളിയുടെ ഗതി കൊച്ചിക്ക് അനുകൂലമാക്കി. തുടർന്നെത്തിയ കൃഷ്ണദേവൻ പതിവു പോലെ തകർത്തടിച്ച് മുന്നേറി. 13 പന്തുകളിൽ നിന്ന് 26 റൺസ് നേടിയ കൃഷ്ണദേവൻ ക്രീസിൽ തുടർന്നത് കാലിക്കറ്റിന് പ്രതീക്ഷയേകി.
എന്നാൽ ഡയറക്ട് ത്രോയിൽ കൃഷ്ണദേവനെ റണ്ണൗട്ടാക്കി ആഷിക് വീണ്ടും കൊച്ചിയുടെ രക്ഷകനായി. ഇരുപതാം ഓവറിൽ ഒരു ഫോറും മൂന്ന് സിക്‌സും നേടിയ അഖിൽ സ്‌കറിയ അവസാനം വരെ പോരാടിയെങ്കിലും ലക്ഷ്യം അകലെയായിരുന്നു. 37 പന്തുകളിൽ 72 റൺസുമായി അഖിൽ പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആഷിഖാണ് കൊച്ചി ബൗളിങ് നിരയിൽ തിളങ്ങി.
Adjust Story Font
16

