Quantcast

സി.കെ നായിഡു ട്രോഫി: ഗുജറാത്തിനെതിരെ കേരളം ഭേദപ്പെട്ട നിലയിൽ

ആദ്യദിനം കളി അവസാനിക്കുമ്പോൾ 204-5 എന്ന നിലയിലാണ് കേരളം

MediaOne Logo

Sports Desk

  • Published:

    16 Oct 2025 5:35 PM IST

CK Naidu Trophy: Kerala in fine form against Gujarat
X

സൂറത്ത്: 23 വയസ്സിന് താഴെയുള്ളവർക്കായുള്ള സി.കെ നായിഡു ട്രോഫിയിൽ ഗുജറാത്തിനെതിരെ കേരളം ഭേദപ്പെട്ട സ്‌കോറിലേക്ക്. ആദ്യ ദിവസം കളി അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 204 റൺസെന്ന നിലയിലാണ്. ഒരു ഘട്ടത്തിൽ ബാറ്റിങ് തകർച്ച നേരിട്ട കേരളം, വരുൺ നായനാരുടെ ഉജ്ജ്വല ഇന്നിങ്‌സിന്റെ മികവിലാണ് മത്സരത്തിലേക്ക് തിരിച്ചു വന്നത്. കളി നിർത്തുമ്പോൾ വരുൺ 91 റൺസുമായി പുറത്താകാതെ നിൽക്കുന്നു.

നേരത്തെ ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു റണ്ണെടുത്ത ഓപ്പണർ ഒമർ അബൂബക്കറിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. തുടർന്നെത്തിയ വരുൺ നായനാർ എ.കെ ആകർഷിനൊപ്പം ചേർന്ന് ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയി. എന്നാൽ സ്‌കോർ 53ൽ നില്‌ക്കെ 28 റൺസെടുത്ത ആകർഷ് പുറത്തായി. വൈകാതെ 18 റൺസുമായി രോഹൻ നായരും നാല് റൺസെടുത്ത കാമിൽ അബൂബക്കറും പുറത്തായതോടെ നാല് വിക്കറ്റിന് 98 റൺസെന്ന നിലയിലായിരുന്നു കേരളം. തുടർന്നെത്തിയ പവൻ ശ്രീധറും വരുൺ നായനാരും ചേർന്ന കൂട്ടുകെട്ടാണ് കേരളത്തെ കരകയറ്റിയത്.

കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 105 റൺസ് കൂട്ടിച്ചേർത്തു. കളി അവസാനിക്കുന്നതിന് തൊട്ടുമുൻപാണ് പവൻ ശ്രീധർ പുറത്തായത്. ഏഴ് ഫോറടക്കം 48 റൺസാണ് പവൻ നേടിയത്. കളി നിർത്തുമ്പോൾ വരുൺ നായനാരും ക്യാപ്റ്റൻ അഭിജിത് പ്രവീണുമാണ് ക്രീസിൽ. 91 റൺസുമായാണ് വരുൺ പുറത്താകാതെ നില്ക്കുന്നത്. എട്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു വരുണിന്റെ ഇന്നിങ്‌സ്. ഗുജറാത്തിന് വേണ്ടി ഭവ്യ ചൗഹാൻ രണ്ട് വിക്കറ്റ് വീഴ്ത്തി.

TAGS :

Next Story